'വാദിത്വൈബ' ഒരുക്കുന്നത് ചെര്‍ക്കളയിലെ ഇന്ദിരാ നഗറില്‍; പ്രതിനിധികളായി എത്തുന്നത് 20,000 പേർ
കാസര്‍കോട് :പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്ഥല പ്രഖ്യാപനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ കാസറകോട് പ്രസ്സ്‌ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ നിര്‍വ്വഹിച്ചു. ചെര്‍ക്കളയിലെ ഇന്ദിരാ നഗറില്‍ പ്രത്യേകം സജ്ജമാക്കുന്ന വാദിതൈ്വബയിലാണ് സമ്മേളനം. ഏക്കര്‍ കണക്കിന് സ്ഥലം വിസ്തൃതിയുള്ള നഗരിയില്‍ വെച്ച് ഫെബ്രുവരി 16 ന് നടക്കുന്ന സമ്മേളനത്തില്‍ പത്ത് ലക്ഷത്തിലധികം പേരും 14,15 തീയ്യതികളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഇരുപതിനായി രത്തിലധികം അംഗങ്ങളും പങ്കെടുക്കും.
അറേബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്ത്വങ്ങള്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും.നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു സംസ്ഥാന സമ്മേളനം കാസറകോട് നടക്കുന്നു എന്നുള്ള പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. ഫെബ്രുവരി 14 ന് തളങ്കര മാലിക് ദീനാറില്‍ നിന്നും 1500 അംഗങ്ങളുടെ സമ്മേളന നഗരിയിലേക്കുള്ള വളണ്ടിയര്‍ മാര്‍ച്ചോട് കൂടിയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുക.

പരിപാടിക്ക് മുന്നോടിയായി ഫെബ്രുവരി 1 മുതല്‍ 10 വരെ തിരുവനന്തപുരത്ത് നിന്ന് കാസറകോട്ടേക്ക് സുന്നീ യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിപ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശയാത്ര ഉണ്ടായിരിക്കും.
പത്ര സമ്മേളനത്തില്‍ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍,വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ.ഖാസിം മുസ്ലിയാര്‍,സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദു റഹ്മാന്‍ മൗലവി,എസ്.വൈ.എസ്.സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി,സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍,ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ,എസ്.കെ. എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,എന്‍.പി.അബ്ദു റഹ്മാന്‍ മാസ്റ്റര്‍,എം.പി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.