പോലീസ് നീക്കങ്ങളിലെ ദുരൂഹത
മരണ വിവരം അറിഞ്ഞ് അടുത്തുള്ള സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തുന്നതിനു മുമ്പ് തന്നെ ദൂരെ നിന്നും പാഞ്ഞെത്തി കാര്യങ്ങളെല്ലാം വേണ്ട വിധത്തില്‍ മേലാളന്മാര്‍ക്ക് വേണ്ടി ഈ പോലീസ് മേധാവി കൈകാര്യം ചെയ്തത് വളരെ ദുരൂഹമാണ്. സ്ഥലം എസ്.ഐ യെ കേസിന്റെ ഒരു കാര്യത്തിലും ഇടപെടാന്‍ അനുവദിക്കാതെ തന്റെ ഇംഗിതത്തിനു കൂട്ട് നില്‍ക്കുന്ന സി.ഐയെ കാര്യങ്ങള്‍ എല്‍പ്പിക്കുകയും അദ്ദേഹം അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
സാഹചര്യ തെളിവുകളെല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്കാണ്. ഖാസിയുടെ പ്രായവും ആരോഗ്യ സ്ഥിതിയും അറിയുന്ന ഒരാള്‍ക്കും തന്നെ ദുര്‍ഘടമായ പറക്കല്ലിനു മുകളില്‍ അദ്ദേഹത്തിന് നടന്നെത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുകയില്ല. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിക്കോ, ആരോഗ്യവതിയായ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീലേഖയ്ക്ക് പോലും പരസഹായം കൂടാതെ പകല്‍ വെളിച്ചത്തില്‍ ഈ പാറക്കല്ലിനു മുകളില്‍ കയറാന്‍ സാധിച്ചിട്ടില്ല, പിന്നെയല്ലേ ശരിക്ക് നടക്കാന്‍ പോലും സാധിക്കാത്ത കാല്‍മുട്ടു വളക്കാന്‍ പ്രയാസമുള്ള ഖാസി കൂരാകൂരിരുട്ടില്‍ ഇവിടെയെത്തിപ്പെടുക.
ചെരിപ്പ്, ടോര്‍ച്ചു മുതലായവ പാറക്കല്ലിനു മുകളില്‍ കാണപ്പെട്ടത് തന്നെ ഏറ്റവും വലിയ തെളിവാണ് കൊല നടന്നത് അവിടെ വെച്ചല്ലെന്നും കല്ലിനു താഴെ വെച്ച് കൊലപ്പെടുത്തുകയും ചെരുപ്പ് മുതലായവ കല്ലിനു മുകളില്‍ കൊണ്ട് വെച്ച് ആത്മഹത്യ എന്ന സംശയം ഉണ്ടാക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നിലെന്നും. ഒരു പക്ഷെ കല്ലിനു താഴെയാണ് ഈ വസ്തുക്കളൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ സംശയത്തിനു അല്‍പം സാധ്യത കാണാന്‍ സാധിച്ചേനേ. ധൃതിപ്പെട്ടു കൃത്യങ്ങള്‍ ചെയ്തപ്പോള്‍ കൊലയാളികള്‍ ഇത്തരം മണ്ടത്തരത്തെക്കുറിച്ച് ആലോചിക്കാന്‍ പറ്റിയില്ലായിരിക്കാം.
പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജനില്‍ നിന്നും ഖാസിയുടെ ദേഹത്തുണ്ടായ പരിക്കിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ പറഞ്ഞത് കല്ലിനു മുകളില്‍ നിന്നും ചാടിയപ്പോള്‍ ഉണ്ടായ പരിക്കെന്നാണ്? ഒരുപാടു ചെറുതും വലുതുമായ കല്ലുകള്‍ നിറഞ്ഞകടലിലേക്ക് ചാടുമ്പോള്‍ ശരീരത്തിലെ ബാഹ്യമായ ഒരിടത്തും പരിക്കേല്‍ക്കാതെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ഉള്‍വശത്ത് മാത്രം എങ്ങനെ പരിക്കുണ്ടായി എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു.
ഖാസിയുടെ ശരീരത്തിലുണ്ടായ പരിക്ക് കൈകൊണ്ട് മൂക്ക് അമര്‍ത്തിപ്പിടിച്ചപ്പോള്‍ രണ്ടു വിരലുകളുടെ നഖം കൊണ്ടുണ്ടായതാണെന്ന് വ്യക്തമാണ്. മരണം കഴിഞ്ഞു അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ഒരു പ്രമുഖ വ്യക്തിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് പോലീസ് സര്‍ജനെ കൊണ്ടുവരികയും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ വിശദീകരണം എന്ന രീതിയില്‍ ആത്മഹത്യ ആണെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ തയ്യാറാക്കിക്കൊടുക്കുകയും ചെയ്തതില്‍ വളരെ ദുരൂഹത നിലനില്‍ക്കുന്നു.
തുടര്‍ന്ന് ഈ റിപോര്‍ട്ടിന്റെ ഫോട്ടോസ്ടാറ്റ് സഹിതം, പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ശരിയായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ദേശീയ പത്രത്തില്‍ വന്ന ദിവസം വൈകുന്നേരം തന്നെ പരിക്കുകള്‍ ചൂണ്ടിക്കാട്ടി ദേശീയ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും യഥാര്‍ത്ഥ റിപോര്‍ട്ട് ഇതാണെന്നും പറഞ്ഞു ആത്മഹത്യ എന്ന് സ്ഥാപിക്കാനുള്ള സായാഹ്ന പത്രക്കാരന്റെ ശ്രമത്തിനു പിന്നിലും ഈ റിപോര്‍ട്ട് പത്രക്കാരന് നല്‍കിയ പോലീസ് മേധാവിയുടെ ദുരൂഹമായ പ്രവര്‍ത്തിക്ക് പിന്നിലും സംശയങ്ങള്‍ ഒരുപാട് ബാക്കി നില്‍ക്കുന്നു.
വെറുമൊരു ആത്മഹത്യ ആണിതെങ്കില്‍ എന്തിനു വേണ്ടിയാണു പോലീസ് ഇത്തരം വെപ്രാളങ്ങളും അങ്കലാപ്പും കാട്ടിക്കൊണ്ടിരുന്നത്? ഈ റിപോര്‍ട്ടടങ്ങിയ പ്രാദേശിക പത്രം നാല് ദിവസങ്ങള്‍ക്ക് ശേഷം എന്തിനു വേണ്ടിയാണ് മേല്‍പറമ്പ് ടൗണില്‍ സൗജന്യമായി വിതരണം ചെയ്തത്. നാല് ദിവസം പഴക്കമുള്ള പത്രം വിതരണം ചെയ്യുന്നത് തടയാന്‍ ചെന്നവരെ പോലീസ് എന്തിനു ഉടന്‍ പിന്നാലെ വന്ന് അറസ്റ്റു ചെയ്തു ? ഇതില്‍ നിന്നൊക്കെ വളരെ വ്യക്തമാണ് കൊലയാളികള്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ ദാസ്യവേല. ഖാസിയുടെ മരണ രാത്രി മൂന്ന് മണിക്ക് ഒരു വെളുത്ത കാര്‍ സംഭവസ്ഥലത്ത് വന്നു നില്‍ക്കുന്നത് കണ്ട വൃദ്ധന്റെയും അതേ സമയത്ത് തന്നെ ഒരു നിലവിളി ശബ്ദം കേട്ടിരുന്നുവെന്ന വൃദ്ധ സ്ത്രീയുടെയും സാക്ഷി മൊഴികള്‍ക്ക് വില കല്‍പ്പിക്കാതെ ആത്മഹത്യാ തിയറിയുമായി മുന്നോട്ടു പോകുന്ന അന്വേഷണ സംഘത്തിന്റെ നീക്കം ദുരൂഹത പിന്നെയും വര്‍ധിപ്പിക്കുന്നു.
വീടിന്റെ പൂട്ട് ഖാസിയുടെ നിര്‍ദേശ പ്രകാരമാണ് വാങ്ങിയതെന്ന ഡ്രൈവറുടെ മൊഴിയില്‍ സംശയം പ്രകടിപ്പിച്ചിട്ടും, ഡ്രൈവര്‍ സംഭവ ദിവസം മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ചിരുന്നുവെന്നു സി.ബി.ഐ തന്നെ കണ്ടെത്തിയിട്ടും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നതെന്തു കൊണ്ടാണ്? ഇത്തരത്തിലുള്ള ഒരുപാട് സാഹചര്യ തെളിവുകള്‍ വ്യക്തമായി മുന്നിലുണ്ടായിട്ടും കൊലയാളികള്‍ മുന്‍കൂട്ടി തയ്യാറാക്കിക്കൊടുത്ത തിരക്കഥയുമായി മുന്നോട്ട് പോകുന്ന അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ കോടതിക്ക് മുന്നില്‍ നിലനില്‍ക്കുകയില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഈ അന്വേഷണ തിരക്കഥ തള്ളിക്കൊണ്ട് മറ്റൊരു സംഘത്തെ ഉടന്‍ തന്നെ അന്വേഷണത്തിന് എല്‍പിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം. അപ്പോഴും സ്വാധീന സമ്മര്‍ദങ്ങളെ അവരും എങ്ങനെ നേരിടുമെന്നും നമുക്ക് കാണേണ്ടിയിരിക്കുന്നു. എന്നാലും സത്യം ഒരുപാട്കാലം പൂഴ്ത്തി വെക്കാന്‍ ആവില്ലെന്നും എല്ലാ മറകളും നീക്കി പുറത്തു വരിക തന്നെ ചെയ്യുമെന്ന വിശ്വാസത്തില്‍ ജീവിക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ കാലം അത് തെളിയിക്കുമെന്നും വിശ്വസിക്കാം. (ലേഖകന്‍ ഉസ്മാന്‍ ചെമ്പിരിക്ക ശൈഖുനാ ചെമ്പരിക്ക ഉസ്താദിന്റെ മകനാണ് )
Related Articles :
Related Articles :