ചട്ടഞ്ചാല്‍ : പ്രമുഖ ഗോളശാസ്ത്രജ്ഞനും സമന്വയ വിദ്യാഭ്യാസ ചിന്തകനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വിദ്യാഭ്യാസ ചിന്തകളെയും ഗോളശാസ്ത്ര-രചനാ മേഖലകളെയും കേരളീയ വിദ്യാഭ്യാസ പുരോഗതിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായി ചര്‍ച്ചചെയ്യുന്ന വിദ്യാഭ്യാസ സെമിനാറും പ്രഥമ സി.എം. മെമ്മോറിയല്‍ ലക്ചറും ഡിസംബര്‍ 21 ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍വെച്ച് നടക്കും. കേരളത്തിലെ മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രഥമ സി.എം. അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചര്‍ നടത്തും. ശേഷം, രണ്ടു സെഷനുകളിലായി വൈകുന്നേരം നാലുമണിവരെ നീണ്ടുനില്‍ക്കുന്ന ഏകദിന വിദ്യാഭ്യാസ സെമിനാര്‍ നടക്കും. പ്രഥമ സെഷനില്‍ 'സമന്വയ വിദ്യാഭ്യാസം: സി.എമ്മിന്റെ അടയാളപ്പെടുത്തലുകള്‍്' എന്ന വിഷയത്തെ അധികരിച്ച് തിരൂര്‍ തുഞ്ചന്‍ കോളേജ് ലക്ചറര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂരും 'ഗോളശാസ്ത്രം, വിദ്യാഭ്യാസം: സി.എമ്മും ചാലിലകത്തും' എന്ന വിഷയത്തെ അധികരിച്ച് അഹ്മദ് വാഫി കക്കാടും പേപ്പര്‍ പ്രസന്റേഷന്‍ നടത്തും. ഉച്ചക്കു ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ 'കേരളമുസ്‌ലിം വിദ്യാഭ്യാസം: ആശങ്കകളും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും 'സി.എം. രചനകളുടെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.പി. കുഞ്ഞിമൂസയും പ്രബന്ധമവതരിപ്പിക്കും. തികച്ചും അക്കാദമിക നിലവാരത്തോടെ നടക്കുന്ന സെമിനാറില്‍ സി.എമ്മിന്റെ വിദ്യാഭ്യാസ ചിന്തകളും ഗോളശാസ്ത്ര സംഭാവനകളും കേരളമുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായി ചര്‍ച്ചചെയ്യപ്പെടും. കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ യു.എം. അബ്ദുര്‍റഹ്മാന്‍ മൗലവി, ഥാഖ അഹ്മദ് മൗലവി, ചെര്‍ക്കള അബ്ദുല്ല, സി.ടി. മുഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍റസാഖ്, റഹ്മാന്‍ തായലങ്ങാടി, മുഹമ്മദ് ശമീം ഉമരി, പി.എസ്. ഹമീദ്, സിദ്ദീഖ് നദ്‌വി ചേരൂര്‍ തുടങ്ങിയവരും മറ്റു രാഷ്ട്രീയ വിദ്യാഭ്യാസ സംഘടനാ പ്രമുഖരും സംബന്ധിക്കും.
സി.എം. അബ്ദുല്ല മൗലവിയുടെ വേര്‍പ്പാടിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷനും (ദിശ) ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയനും (ഡി.എസ്.യു) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തിച്ചുവരുന്ന മെമ്മോറിയല്‍ ലക്ചറും വിദ്യാഭ്യാസ സെമിനാറും കേരളമുസ്‌ലിം വിദ്യാഭ്യാസ ചര്‍ച്ചാമേഖലയിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.