ചെമ്പരിക്ക ഖാസി : സി ജെ എം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനായി വീണ്ടും മാറ്റി.

കൊച്ചി/കാസര്‍കോട് : പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗലാപുരം ഉള്‍പ്പെടെ 140 ഓളം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് എറണാകുളം സി ജെ എം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനായി വീണ്ടും മാറ്റി.
സി ബി ഐ യുടെ അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫിയാണ് എറണാകുളം സി ജെ എം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്നു പരിഗണിച്ചെങ്കിലും 2014 ജനുവരി നാലിലേക്ക് വീണ്ടും മാറ്റുകയായിരുന്നു. പ്രോസിക്യൂട്ടര്‍ക്ക് കേസ് സംബന്ധമായി വിശദമായി പഠിക്കുന്നതിന് കോടതിയോട് സി ബി ഐ കൂടതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ഹര്‍ജി മാറ്റിവെച്ചത്.. ഇതു പരിഗണിച്ച കോടതി സി ബി ഐ ക്ക് ഒരു മാസം സമയം അനുവദിക്കുകയും ചെയ്തു. ഇതോടെ സി ബി ഐ ഈ കേസില്‍ വീണ്ടും ഉരുണ്ടുകളിക്കുന്നതായി ആക്ഷേപമുയര്‍ന്നു.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പുനരന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളി, ഖാസി സംയുക്ത സമരസമിതി, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി എന്നിവരുള്‍പ്പെടെയുള്ളവര്‍ നല്‍കിയ അഞ്ചോളം ഹര്‍ജികള്‍ നിലനില്‍ക്കെയാണ് സി ബി ഐ അഡീഷണല്‍ എസ് പി നന്ദകുമാര്‍ നായര്‍ ഫൈനല്‍ റിപ്പോര്‍ട്ട് സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചതായി വാര്‍ത്ത പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് മുഹമ്മദ് ഷാഫി സി ജെ എം കോടതിയില്‍ പ്രൊട്ടസ്റ്റ് കംപ്ലയിന്റ് ഫയല്‍ നല്‍കുകയായിരുന്നു. ഇതു പരിഗണിച്ച കോടതി ഡിസംബര്‍ മൂന്നാം തീയ്യതിയിലേക്ക് പരിഗണനയ്ക്കായി മാറ്റുകയും ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സി ബി ഐ യുടെ ആവശ്യപ്രകാരം കോടതി സമയം അനുവദിക്കുകയമായിരുന്നു.
ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയ സമയത്തും സി ബി ഐ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പലതവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതെ ഒഴിഞ്ഞു മാറിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ ചെന്നൈയിലുള്ള റീജ്യണല്‍ ഡയരക്ടറെ വിളിച്ചുവരുത്തേണ്ടി വരുമെന്ന് ഹൈക്കോടതി കര്‍ശനമായി താക്കീത് നല്‍കിയതോടെയാണ് അന്നു സി ബി ഐ സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്.
2010 ഫെബ്രുവരി 15നാണ് സി എം അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടുക്ക കല്ലിനു സമീപത്തായി കടലില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.