അറബിക്കടലിനെ പാല്‍ക്കടലാക്കി SKSSF നീതിബോധന യാത്ര ചരിത്രമായി

ലക്ഷദ്വീപ് : അറബിക്കടലിന്റെ തിരമാലകളില്‍ സംഘബോധത്തിന്റെ ഒോളങ്ങള്‍ സൃഷ്ടിച്ച് ലക്ഷദ്വീപ് SKSSF സംഘടിപ്പിച്ച നീതിബോധന യാത്ര ചരിത്രമായി. സംഘടനയുടെ സില്‍വര്‍ ജൂബിലിയുടെ പ്രചാരണാര്‍ത്ഥം പാണക്കാട് അബ്ബാസലി തങ്ങള്‍ കടമത്ത് ദ്വീപില്‍ നിന്ന് അമിനി ദ്വീപിലേക്ക് 25 സജ്ജീകരിച്ച ബോട്ടുകളുടെ അകമ്പടിയോടെ നടത്തിയ നീതിബോധന യാത്ര ലക്ഷദ്വീപ് നിവാസികള്‍ക്ക് നവ്യാനുഭവമായി. കടമത്ത് ദ്വീപില്‍ കപ്പലിറങ്ങിയ തങ്ങളേയും സംഘത്തേയും സ്വീകരിക്കാന്‍ നൂറുക്കണക്കിനാളുകള്‍ എത്തിയിരുന്നു. സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തില്‍ തങ്ങളെ ആനയിച്ചു. സ്വീകരണ സമ്മേളനത്തില്‍ കടമത്ത് ദ്വീപ് ഖാസി കുഞ്ഞിക്കോയ മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. ജഅ്ഫര്‍ ഹുസൈന്‍ യമാനി സ്വാഗതവും സൈതലി ഫൈസി നന്ദിയും പറഞ്ഞു. കടമത്ത് സ്വീകരണത്തിന് ടി. ശാഫി ഹാജി നേതൃത്വം നല്‍കി. തുടര്‍ന്ന് അമിനി ദ്വീപിലേക്ക് കടല്‍പ്പരപ്പിലൂടെ നടത്തിയ യാത്ര പുതിയ അനുഭവമായി മാറി. വിവിധങ്ങളായി അലങ്കരിച്ച ബോട്ടുകളില്‍ നടന്ന സംഘടനാ ഗാനങ്ങളും മൌലീദുകളും മുദ്രാവാക്യങ്ങളും ഏറെ ആകര്‍ഷകമായി. വൈകീട്ട് അമിനി ദ്വീപില്‍ ദഫ്ഫ് സംഘത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന റോഡ്ഷോ കണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തങ്ങളെ തങ്ങളെ അഭിവാദ്യം ചെയ്യാന്‍ വഴിയോരങ്ങളില്‍ അബാലവൃദ്ധം ജനങ്ങള്‍ അണിനിരന്നു. 

പി.എം. സജീദ് സാഹിബിന്റെ സ്മരണകള്‍ തുടിക്കുന്ന ലക്ഷദ്വീപില്‍ പ്രായഭേദമന്യേ ആവേശം അലതല്ലുന്ന സ്വീകരണങ്ങളാണ് നടന്നത്. അമിനി ഖാസിയും ലക്ഷദ്വീപ് സമസ്തയുടെ ആധികാരിക നായകനുമായ സയ്യിദ് ഫത്തഹുള്ളാ മുത്തുകോയ തങ്ങള്‍ സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സത്താര്‍ പന്തല്ലൂര്‍, അയ്യൂബ് കുളിമാട്, കെ എന്‍ എസ് മൌലവി, ഇസ്മാഈല്‍ മുഹമ്മദ് എടച്ചേരി, ആഷിക്, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, ഷിബിന്‍ മുഹമ്മദ്, ഇനാമുല്‍ ഹഖ് എന്നിവര്‍ തങ്ങളെ അനുഗമിച്ചു.
- Mohammed Suhaib CHP