സി.എം അബ്ദുള്ള മൗലവി അനുസ്മരണം സംഘടിപ്പിച്ചു

അബൂദാബി : എസ് കെ എസ് എസ് എഫ് അബൂദാബി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ സംസ്ഥാന ഉപാധ്യക്ഷനും ചെമ്പരിക്ക, മംഗലാപുരം ഖാസിയും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സ്‌, ജാമിഅഃ സഅദിയ്യ അറബിയ്യ എന്നിവയുടെ സ്ഥാപകനുമായിരുന്ന സി.എം അബ്ദുള്ള മൗലവിയുടെ വാര്‍ഷിക അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പയുടെ അധ്യക്ഷതയില്‍ പരിപാടി മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
പ്രഗത്ഭ യുവ വാഗ്മി അഡ്വ.ഹനീഫ് ഇര്‍ഷാദി ഹുദവി ദേലംപാടി സി.എം അബ്ദുള്ള മൗലവി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സി.എം ഉസ്താദിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ സമരരംഗത്ത്‌ നിന്ന് സമസ്തയും പോഷക സംഘടനകളും പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷണം പുനരാരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്‌ലാമിക് സെന്‍റര്‍, സുന്നീ സെന്‍റര്‍, എസ് കെ എസ് എസ് എഫ്, കെ.എം.സി.സി നേതാക്കളായ സഅദ് ഫൈസി ചുങ്കത്തറ, ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ പൊവ്വല്‍, അഷ്‌റഫ്‌ കൊത്തിക്കാല്‍, എം.ബി.എ ഖാദര്‍ ചന്തേര, താഹിര്‍ മുഗു, അബ്ദുള്ള ഫൈസി കുന്നുംപുറം, സാബിര്‍ പി മാട്ടൂല്‍, സത്താര്‍ കുന്നുംകൈ എന്നിവര്‍ സംബന്ധിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ഖുര്‍ആന്‍ പാരായണ പ്രാര്‍ഥനാ സദസ്സും അന്നദാനവും നടത്തി. കമാല്‍ മല്ലം ചെര്‍ക്കള സ്വാഗതവും മുബാറക് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
- Muhammed Shameer