Showing posts with label SKSSF-Silver-Jubilee. Show all posts
Showing posts with label SKSSF-Silver-Jubilee. Show all posts

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസംഗം

അസാധാരണമായ ബഹുസ്വരതയും വൈവിധ്യവും നിറഞ്ഞ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ ഇളക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ന് നമ്മുടെ ഭരണവര്‍ഗം. ഭാരതവത്കരണം എന്ന പേരില്‍ ഹൈന്ദവരാഷ്ട്രം സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരാവേണ്ടവര്‍ തന്നെ. അതിന്റെ അന്തസത്തയെ വെല്ലുവിളിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. ഇന്ത്യന്‍ വ്യവസ്ഥക്ക് ഏകഭരണം അടിച്ചേല്‍പ്പിക്കാന്‍ വാശി പിടിക്കുന്നവര്‍ ജനമനസ്സ് വായിക്കുന്നിടത്ത് പരാജയപ്പെട്ടിരിക്കുന്നു. മതാധികാരം അടിച്ചേല്‍പ്പിച്ച് രൂപം കൊണ്ട ഒരു മത രാഷ്ട്രവും ലോകത്ത് വിജയിച്ചിട്ടില്ല. ഇത്തരം രാജ്യങ്ങളില്‍ വികസനത്തിന്റെ ചൂളംവിളികളേക്കാള്‍ സ്‌ഫോടനങ്ങളുടെ നിലക്കാത്ത ശബ്ദമാണ് കേള്‍ക്കുന്നത്. മതേതരഇന്ത്യയെ കാവിവത്കരിക്കാനുള്ള നീക്കത്തെ ജനാധിപത്യമാര്‍ഗത്തിലൂടെ പ്രതിരോധിക്കാന്‍ മതേതരത്വ ശക്തികള്‍ ഐക്യപ്പെടണം. മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും എത്ര ഭദ്രമാണെങ്കിലും അത് ജനജീവിതത്തിന് എന്തു മാത്രം പ്രയോജനപ്രദമാണെന്നുകൂടി വിലയിരുത്തപ്പെടണം. രാജ്യത്തെ ജനാധിപത്യ ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ ഒരേ മാലയില്‍ കോര്‍ത്ത മുത്തുകളെപ്പോലെ ഒന്നിച്ചു നിന്നാല്‍ മാത്രമേ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നമുക്ക് അഭിമുഖീകരിക്കാന്‍ സാധിക്കുകയുള്ളൂ.

കേരളത്തിന്റെ പാരമ്പര്യത്തിന് വിഘാതമുണ്ടാക്കുന്ന വിധം മലയാള നാട്ടിലും വര്‍ഗീയതയുടെ വിഷവിത്തുകള്‍ മുളച്ചു പൊന്തുന്നുവെന്ന ഭീതിതമായ വസ്തുതയുടെ സൂചനകള്‍ അങ്ങിങ്ങ് സമീപകാലത്തായി വന്നു കൊണ്ടിരിക്കുന്നു. നാദാപുരം തൂണേരിയിലെ സംഭവ വികാസങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. എന്തു വില കൊടുത്തും സമുദായ സൗഹൃദം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വര്‍ഗീയ ശക്തികള്‍ക്ക് ഇടം നല്‍കും വിധത്തിലുള്ള നീക്കങ്ങള്‍ കരുതലോടെ കാണേണ്ടതുമുണ്ട്.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദ ഭീകര പ്രസ്ഥാനങ്ങള്‍ തലപൊക്കാന്‍ ശ്രമിക്കുകയാണ്. നിരപരാധികളായ ജനവിഭാഗങ്ങളെ കൊന്നൊടുക്കുകയും തോക്കിനിരയാക്കുകയും ചെയ്യുന്ന ഇവര്‍ എങ്ങനെ മുസ്‌ലിംകളാകും. യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും ഇത്തരം ക്രൂര ചെയ്തികളില്‍ ഏര്‍പ്പെടാനാകില്ല. ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനോ അംഗീകരിക്കാനോ ഒരു വിശ്വാസിക്കുമാകില്ല.

നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് ഫ് സില്‍വര്‍ജൂബിലി ആഘോഷ സമാപന വേളയില്‍ സമൂഹവും സമുദായവും രാഷ്ട്രവും ഭരണകൂടവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും നീതി ബോധം പുലര്‍ത്താന്‍ സന്നദ്ധരാവണമെന്ന് ഞാന്‍ ഉണര്‍ത്തുന്നു.
- skssf silverjubilee

സൗഹാര്‍ദത്തിന്റെ ദേശീയതയാണ് മതങ്ങള്‍ക്കിടയിലുള്ളത് മുഖ്യമന്ത്രി

തൃശൂര്‍ : മതേതരത്വം രാജ്യത്തിന്റെ പ്രാണവായുവാണെന്നും സൗഹാര്‍ദത്തോടെയുള്ള  ജീവിത രീതിയാണ് ഇന്ത്യയിലെ മതങ്ങള്‍ പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂരില്‍ നടന്ന എസ്.കെ.എ.സ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ കാല്‍ ലക്ഷം സന്നദ്ധ പ്രവര്‍ത്തകരെ സമൂഹത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭാരതീയന്‍ എന്ന വികാരം ഏത് സാഹചര്യത്തിലും ഒറ്റക്കെട്ടായി നിലനില്‍ക്കാന്‍ ഭാരതീയരെ പ്രേരിപ്പിക്കുന്നു. ഈ ഐക്യബോധത്തിന് പോറലേല്‍പിക്കാന്‍ ആരു ശ്രമിച്ചാലും സാധിക്കില്ല. അന്യന്റെ പ്രയാസങ്ങളില്‍ പങ്കുചേരാനും അവര്‍ക്ക് കൈത്താങ്ങാനും നമുക്ക് സാധിക്കണം. എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ നാടിന്റെ നന്മക്കായി നടത്തുന്ന ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഏറെ അഭിനന്ദനീയമാണ്. മന്ത്രി പറഞ്ഞു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
- skssf silverjubilee

കാല്‍ ലക്ഷം സന്നദ്ധ സേവകര്‍ തീര്‍ത്ത സാഗരമായി വിഖായ റാലി

തൃശൂര്‍ : സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായ് സമര്‍പ്പണ സന്നദ്ധരായ കാല്‍ലക്ഷം വിഖായ വളണ്ടിയര്‍മാര്‍ അണിനിരന്ന വിഖായ റാലി സാംസ്‌കാരിക നഗരിയെ ജനസാഗരമാക്കി. ഇന്നലെ വൈകുന്നേരം മൂന്നുമണിക്ക് നേതാജി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച വിഖായ വളണ്ടിയര്‍ റാലി കിലോമീറ്ററുകള്‍ താണ്ടി സമര്‍ഖന്ദ് നഗരിയിലെത്തി സമാപിച്ചു.
നേതാജി സ്റ്റേഡിയത്തില്‍ നിന്നുമാരംഭിച്ച റാലി ഒ.എം.എസ് തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇളം നീല ജാക്കറ്റുകളണിഞ്ഞ് സമര്‍ഖന്ദിലേക്കൊഴുകിയ വിഖായ വളണ്ടിയര്‍മാര്‍ തൃശൂരിന് പുതിയ കാഴ്ചയായി. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ അയ്യൂബ് കൂളിമാട്, അബ്ദുറഹീം ചുഴലി, കെ.എന്‍.എസ് മൗലവി, മുസ്ഥഫ അഷ്‌റഫി കക്കുപടി, അഹ്മദ് വാഫി കക്കാട്, റഷീദ് ഫൈസി വെള്ളായിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിഖായ റാലിക്ക് അകമ്പടിയായി കോഴിക്കോട് കൈതപ്പൊഴിയില്‍ നിന്നും സമ്മേളന നഗരിയിലേക്കെത്തിയ പ്രവര്‍ത്തകരുടെ സൈക്കിള്‍ റാലി വേറിട്ട കാഴ്ചയായി.
- skssf silverjubilee

നാട്ടിക മൂസമുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് ഓണംപിള്ളി മുഹമ്മദ് ഫൈസി ഏറ്റുവാങ്ങി

തൃശൂര്‍ : ആദര്‍ശപ്രസംഗങ്ങളുമായി രംഗത്തുള്ള മികച്ച പണ്ഡിതനെ ആദരിച്ചു കൊണ്ട് എസ് കെ എസ് എസ് എഫ് മസ്‌കറ്റ് കമ്മറ്റി നല്‍കുന്ന നാട്ടിക മൂസ മുസ്‌ലിയാര്‍ അവാര്‍ഡിനു ഓണംപിള്ളി മുഹമ്മദ് ഫൈസി അര്‍ഹനായി. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ പ്രവാസം സെഷനില്‍ മന്ത്രി മഞ്ഞളാംകുഴി അലി അവാര്‍ഡു കൈമാറി.
- skssf silverjubilee

പ്രവാസിയുടെ കുടുംബകം : ഗൗരവമായ ചര്‍ച്ചകളുമായി പ്രവാസിസംഗമം ശ്രദ്ധേയമായി

തൃശൂര്‍ : കേരളത്തിന്റെ സാമ്പത്തിക സുസ്ഥിതി നിലനിര്‍ത്തുന്നതില്‍ അതല്യമായ പങ്ക് വഹിക്കുകയും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച പിന്തുണനല്‍കുകയും ചെയ്യുന്ന പ്രവാസികളുടെ കുടുംബകം ചര്‍ച്ച ചെയ്ത് പ്രവാസം സെഷന്‍ ശ്രദ്ധേയമായി. സാമ്പത്തികമായി കുടുംബാസൂത്രണം പരാജയപ്പെടുമ്പോഴും പക്വമായി കുട്ടികളെ വളര്‍ത്തുന്നതില്‍ പിഴവുസംഭവിക്കുമ്പോഴും പ്രവാസം ജീവിതത്തിനു ശാപമാവുന്നു. അതു മറികടക്കാന്‍ കേവലധാര്‍മിക യുക്തിയുപയോഗിച്ച് പരിഹാരങ്ങള്‍ കണ്ടത്തേണ്ടതും ആവശ്യമെന്നും ചര്‍ച്ച നിര്‍ദേശിച്ചു. മനശ്ശാസ്ത്രപരമായി അതിനുള്ള പരിഹാരം നിര്‍ദേശിക്കാനാവുന്ന എസ് കെ എസ് എസ് എഫ് പോലുള്ള സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും ചര്‍ച്ചക്കു നേതൃത്വം നല്‍കി എസ് വി മുഹമ്മദലി പറഞ്ഞു. ചര്‍ച്ചയില്‍ ഫാത്തിമ മൂസ ഹാജി, നെല്ലറ ശംസുദ്ധീന്‍, അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, എവി അബൂബക്കര്‍ ഖാസിമി, പൂക്കോയ തങ്ങള്‍, പി എച്ച് എസ് തങ്ങള്‍, കെകെ റഫീക്ക് കൂത്തുപറമ്പ് തുടങ്ങി പ്രവാസലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.
- skssf silverjubilee

സാമൂഹിക പ്രബുദ്ധതയില്‍ പ്രവാസിയുടെ പങ്ക് നിസ്തുലം : മന്ത്രി മഞ്ഞളാംകുഴി അലി

തൃശൂര്‍ : കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്നതില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും കേരളത്തിന്റെ സാമ്പത്തിക സാംസ്‌കാരിക നിലരൂപപ്പെടുത്തുന്നതില്‍ പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനങ്ങളുണ്ടെന്നും കേരള നഗരവികസനവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി. സില്‍വര്‍ജൂബിലിയോടനുബന്ധിച്ച് നടന്ന പ്രവാസം സെഷനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിം സമൂഹത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്താന്‍ സാധിച്ചത് ഗള്‍ഫ് പണം കൊണ്ടാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടനകള്‍ തുടങ്ങിയവയെല്ലാം വിജയകരമായി മുന്നോട്ട് പോകുന്നത് പ്രവാസികളുടെ സഹായം കൊണ്ടാണ്. അവര്‍ ഇന്നു നേരിടുന്ന വെല്ലുവിളികളിലൊന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്നതാണ്. അതു പരിഹരിക്കുന്നതിനായി നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും ഉടനെ പരിഹാരം കണ്ടെത്താന്‍ താന്‍തന്നെ മുന്നോട്ടിറങ്ങുമെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. പ്രവാസിയുടെ കുടുംബകത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചനടന്ന സംഗമത്തില്‍ ഡോ. എസ് വിമുഹമ്മദ് അലി ചര്‍ച്ചക്കുനേതൃത്വം നല്‍കി. സിഎ മുഹമ്മദ് റഷീദ് ആമുഖവും കെ എന്‍ എസ് മൗലവി നന്ദിയും പറഞ്ഞു.
- skssf silverjubilee

ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് സമ്മാനിച്ചു

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ സോണല്‍ അദാലത്തില്‍ നിന്ന് സംസ്ഥാനത്തെ മികച്ച അഞ്ചു ശാഖകള്‍ക്കും മേഖലകള്‍ക്കുമുള്ള ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. തോണിക്കല്ലു പാറ (മലപ്പുറം), മുട്ടില്‍ (വയനാട്), ബല്ല കടപ്പുറം, കരുപടന്ന (തൃശൂര്‍), കൂരിയാട് കണ്ണൂര്‍, എന്നീ ശാഖകളും തിരൂരങ്ങാടി മേഖലയുമാണ് അവാര്‍ഡിനര്‍ഹരായത്. മലപ്പുറം ജില്ലയിലെ വടക്കുംമുറി വെട്ടത്തൂര്‍, പൊന്ന്യകുര്‍ശി, മണലായ എന്നീ ശാഖകളും കോഴിക്കാട് സിറ്റി, ഓമശ്ശേരി എന്നീ മേഖലകളും മാവൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റിയും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹരായി.

വിദ്യാഭ്യാസം, ദഅ്‌വാ, പബ്ലിക് റിലേഷന്‍, ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, സംഘടനാ നെറ്റ് വര്‍ക്ക്, ജൂബിലി പ്രചാരണം, സംഘടനാ അജണ്ടകള്‍ എന്നീ ഏരിയകളിലെ പദ്ധതികളാണ് വിലയിരുത്തലില്‍ മാനദണ്ഡമാക്കിയത്. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുര്‍റഹീം ചുഴലി, പ്രൊഫ: മജീദ് കക്കാട്, അഹ്മദ് വാഫി കക്കാട്, ഹമീദ് കുന്നുമ്മല്‍, ഖയ്യൂം കടമ്പോട് തുടങ്ങിയവര്‍ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംഘടനാ ശാക്തീകരണ പരിശീലന വിഭാഗമായ ഓര്‍ഗാനറ്റിംഗിനു കീഴിലാണ് സോണല്‍ അദാലത്തും ബെസ്റ്റ് പെര്‍ഫോമന്‍സ് അ്‌വാര്‍ഡ് നിര്‍ണയവും നടത്തിയത്.
- skssf silverjubilee

ശുഭ്ര സാഗരം തീര്‍ത്ത് സമര്‍ഖന്ദ്

തൃശൂര്‍ : സംസ്‌കൃതിയുടെ തലസ്ഥാന നഗരിയില്‍ പാല്‍കടല്‍ തീര്‍ത്ത് സമര്‍ഖന്ദ്. ത്രിവര്‍ണ്ണ പതാകയുടെ വര്‍ണപ്പകിട്ടുകള്‍ മാനത്ത് മഴവില്ലായി വിരിഞ്ഞപ്പോള്‍ താഴെ സമര്‍ഖന്ദിന്റെ തിരുമുറ്റത്ത് മുസ്‌ലിം കൈരളി സാഗരമായി ഒഴുകിയെത്തി. തക്ബീര്‍ ധ്വനികളുടെ അലയൊലികള്‍ ശബ്ദവസന്തം പൊഴിച്ച നഗരിയുടെ മണ്ണില്‍ ജനലക്ഷങ്ങള്‍ പുതിയ ചരിത്ര നിര്‍മിതിയില്‍ പങ്കാളികളായി. മലയാളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളുറങ്ങുന്ന തൃശൂരിന്റെ ഗതകാല സ്മരണകളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി സമര്‍ഖന്ദ് തുന്നിച്ചേര്‍ത്തിരിക്കുകയാണ്.

നാലു് ദിവസം നീണ്ടുനിന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ സമാപന സമ്മേളനത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഗമത്തിന് തൃശൂര്‍ സാക്ഷ്യം വഹിച്ചത്. പ്രബുദ്ധമായ വിദ്യാര്‍ത്ഥി തലമുറയുടെ ജൈത്രയാത്രയുടെ വിളംബരമുണര്‍ന്ന സമര്‍ഖന്ദ് നഗരിയില്‍ സംഗമിക്കാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. സമാപന ദിവസമായ ഞായറാഴ്ച രാവിലെയോടെത്തന്നെ വാഹനപ്രവാഹം കൊണ്ട് നഗരി വീര്‍പ്പുമുട്ടി.

സമര്‍ഖന്ദ് ചരിത്രത്തിന്റെ ഭാഗമാകാന്‍ തൃശൂരിലേക്ക് വ്യത്യസ്ത വിധേനെയാണ് പ്രവര്‍ത്തകരെത്തിയത്. കോഴിക്കോട് അടിവാരത്തില്‍ നിന്നും സമ്മേളന നഗരിവരെ സൈക്കിള്‍ മാര്‍ഗം വഴിയും മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കാല്‍നടമാര്‍ഗവും സമര്‍ഖന്ദിലേക്ക് പ്രവര്‍ത്തകരെത്തി. ഉച്ചയോടെ ഗതാഗതം സ്തംഭിച്ച നഗരത്തെ ഇളക്കി മറിച്ച് കാല്‍ലക്ഷം പേര്‍ അണിനിരന്ന വിഖായ വളണ്ടിയര്‍ മാര്‍ച്ചും അരങ്ങേറി. അന്‍പതേക്കര്‍ വിസ്തൃതിയുള്ള വിശാലമായ നഗരിയെ വാരപ്പുണരാന്‍ കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. നവോത്ഥാന പദത്തില്‍ കാല്‍ നൂറ്റാണ്ടിന്റെ നിര്‍ണായക സാന്നിധ്യം വഹിച്ച എസ് കെ എസ് എസ് എഫി ന്റെ സംഘ ശക്തിയുടെ നിറസാന്നിധ്യമായി സമര്‍ഖന്ദ് പ്രോജ്ജ്വലിച്ചു നിന്നു.
- skssf silverjubilee

സാമൂഹികവിദ്യാഭ്യാസ രംഗങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളുണര്‍ത്തി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ സമാപനസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രിക്ക് കേരളമുസ്‌ലിംകള്‍ പൊതു ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളുണര്‍ത്തി സമ്മേളനം നിവേദനം സമര്‍പ്പിച്ചു. മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികപരമായും നേരിടുന്ന പത്ത് പ്രധാന പ്രശ്‌നങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സി എം അബ്ദുല്ലമുസ്‌ലിയാരുടെ കൊലപാതകം, നാദാപുരം അക്രമം തുടങ്ങിയ പ്രശ്‌നങ്ങളില്‍ സമൂഹത്തിന് നീതിലഭ്യമാക്കുന്ന നടപടികള്‍ സ്വീകരിക്കുക, അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള സജീവമായ ശ്രമങ്ങളാരംഭിക്കുക, അലിഗഢ്, ഇഫ്ളു, കാമ്പസുകളില്‍ നിലവാരമുള്ള കോഴ്‌സുകള്‍ തുടങ്ങുക, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസം ഗവണ്‍മെന്റ് പൊതു അവധി പ്രഖ്യാപിക്കുക, മദ്യനയം പലിശരഹിതബാങ്ക് നടപ്പിലാക്കുക, ആത്മീയവാണിഭം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുക, ജുമുഅനിസ്‌കാരത്തിന് ഭംഗം വരുത്താത്ത രീതിയില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ പുനര്‍ക്രമീകരിക്കുക എന്നിവയാണ് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയത്. ആവശ്യാനുസരണം നിവേദനത്തിലെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സമൂഹസേവനത്തിന് സജ്ജമായ 25000 എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരെ സമൂത്തിനായി സമര്‍പ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- skssf silverjubilee

സേവനസജ്ജമെന്ന് വിളിച്ച് പറഞ്ഞ് കാരുണ്യം സെഷന്‍

തൃശൂര്‍ സമര്‍ഖന്ദ് നഗര്‍ : സാമൂഹിക സേവന ചരിത്രമാണ് സുന്നി പ്രവര്‍ത്തകരുടെ ചരിത്രം. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലേക്ക് എസ് കെ എസ് എസ്എഫി ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്ന സന്ദേശം വിളിച്ചോതി കാരുണ്യം സെഷന്‍. തൃശൂര്‍ സമര്‍ഖന്ദ് വേദിയരുളുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ സമാപനദിനമായ ഇന്നലെ രാവിലെയാണ് സേവനസജ്ജമാണെ് വിളിച്ചുപറഞ്ഞ കാരുണ്യം സെഷന്‍ നടന്നത്. 

വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ പല സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും നല്‍കിവരുന്നു. അവ ജനങ്ങളില്‍ എത്തിക്കാനും ഉപയോഗപ്പെടുത്താനും സന്നദ്ധസേവകര്‍ മുന്നോട്ടു വരണമെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാരുണ്യം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം. പ്രസ്തുത സെഷനില്‍ സാമൂഹിക സേവനത്തെക്കുറിച്ച് ഹക്കീം ഫൈസി ആദൃശ്ശേരി, ജീവകാരുണ്യ പ്രവര്‍ത്തനമെന്ന വിഷയത്തില്‍ അബ്ദുസലാം ഫൈസി എന്നിവര്‍ പ്രഭാഷണം നിര്‍വഹിച്ചു.

ലക്ഷദ്വീപ് ഹജ്ജ് ചെയര്‍മാന്‍ ഹംസക്കോയ ഫൈസി, പോണ്ടിച്ചേരി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വി പി അബ്ദുറഹ് മാന്‍, മഹ് മൂദ് സഅ്ദി, പി കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഡോ ബിശ് റുല്‍ ഹാഫി എന്നിവര്‍ സംസാരിച്ചു. വി കെ ഹംസ (ലൗ ഷോര്‍), വി എസ് മന്‍സൂര്‍ (തൃശൂര്‍ സര്‍ജിക്കല്‍സ്), അഹ് മദ് ഉഖൈല്‍ കൊല്ലം, എഞ്ചിനിയര്‍ മാമുക്കോയ ഹാജി, റാഫി പൊന്തേക്കല്‍, പി വി മുനീര്‍ വയനാട്, ആരിഫ് ഫൈസി കൊടക്, പി എം റഫീഖ് അഹ് മദ് എന്നിവര്‍ സദസ്സില്‍ സിന്നിഹിതരായിരുന്നു.
- skssf silverjubilee

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാമൂഹി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം : സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

തൃശൂര്‍ : സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഗ്രാന്റുകളും ആനുകൂല്യങ്ങളും അര്‍ഹരുടെ കയ്യിലേക്കെത്താതെ പാഴാവുകയാണെന്നും അവ ജനങ്ങളിലേക്കെത്തിക്കാന്‍ സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടന്ന കാരുണ്യം സെഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥകളും അഗതികളും ഇന്ന് ഏറെ പ്രയാസങ്ങളനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സാമുഹ്യബാധ്യതയാണ്. അതുകൊണ്ട് തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന അനാഥബാല്യങ്ങളെ ദത്തെടുത്ത് അവര്‍ക്ക് ജീവിതമാര്‍ഗമൊരുക്കിക്കൊടുക്കാന്‍ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്, തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തുച്ഛമായ വേദനത്തിന് അധ്യാപനം നടത്തുന്ന മദ്രസാധ്യാപകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മുഅല്ലിം പെന്‍ഷന്‍ ഉടന്‍ തന്നെ നഏര്‍പ്പെടുത്തുമെന്നും തങ്ങള്‍ പറഞ്ഞു.
- skssf silverjubilee

ഗതാഗതം നിയന്ത്രിക്കാനാവാതെ വളണ്ടിയര്‍മാരും പോലീസുകാരും

തൃശൂര്‍ : എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെക്കെത്തിയ വാഹനങ്ങള്‍ നിയന്ത്രക്കാനാവാതെ വളണ്ടിയര്‍മാരും പോലീസുകാരും. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു സമര്‍ഖന്ദിലേക്കെത്തിയവരുടെ നിരക്കും തിരക്കുമെല്ലാം. ഗ്രാന്‍ഡ് ഫിനാലെക്ക് നടന്നും സൈക്കിളിലും വാഹനങ്ങളിലുമൊക്കെയായി നഗരിയിലെത്തുകയായിരുന്നു പലരും. ഞായര്‍ രാവിലെ മുതലേ വാഹനഗതാതഗതം നിയന്ത്രിക്കേണ്ടി വന്നു. തൃശൂരുകാര്‍ ഇതിനു മുമ്പ് ഇത്തരമൊരു ജനസാഗരം കണ്ടിട്ടില്ലെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. സംഘടനയോടും പ്രസ്ഥാനത്തോടുള്ള കൂറും ആദരവുമാണ് കൊണ്ടോട്ടിയില്‍ നിന്നു സമര്‍ഖന്ദിലേക്കു നടന്നു വരാന്‍ വരെ അനുയായികളെ പ്രേരിപ്പിച്ചത്. തൃശൂര്‍ നാടും നഗരവും എസ് കെ എസ് എസ് എഫുകാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്ത തൃശൂരുകാരുടെ മനസ്സും ഹൃദയവിശാലതയും പറയേണ്ടതു തന്നെയാണ്.
- skssf silverjubilee

ഇന്ത്യന്‍ മുസ്‌ലിമിന്ന് തീവ്രവാദിയാകാനാവില്ല : ഇ അഹ് മദ് എം പി.

തൃശൂര്‍ : ഇന്ത്യന്‍ മുസ്‌ലിമിന്ന് തീവ്രവാദിയാകാനാവില്ലെന്നും ഘര്‍വാപസി പോലുള്ള സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരവും അഭിഷപ്തവുമാണെന്നും മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹ് മദ് എം പി. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മതഭീകരത ഉള്‍ക്കൊള്ളനാകില്ലെന്നും സാമൂഹ്യനന്മയും മാനവികതയുമാണ് എന്നും വിജയം കിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് സില്‍വര്‍ജൂബിലി ആദര്‍ശം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് സമ്മേളനത്തിന് ദല്‍ഹിക്ക് പുറപ്പെടുന്നതിനാലാണ് അദ്ദേഹം സമാപന സമ്മേളനത്തില്‍ സംബന്ധിക്കാത്തത്.
- skssf silverjubilee

SKSSF Silver Jubilee Grand finale LIVE-(SKICR-Record)


കൂടുതൽ റെക്കോർഡുകള്‍ക്കും തല്‍സമയ സംപ്രേഷണത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക

ഇസിതിഖാമ ഇരുപത്തഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കി

തൃശൂര്‍ : എസ് കെ എസ് എസ് എഫ് ഇസ്തിഖാമ ഇരുപത്തഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കി. രണ്ടുവര്‍ഷത്തെ ഇസ്തിഖാമ സുന്നത്ജമാഅത് കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദം നല്‍കിയത്. സമസ്തയുടെ വ്യത്യസ്ഥ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി അഭിമുഖം നടത്തി തെരഞ്ഞെടുത്തവരെയാണ് ഇസ്തിഖാമ കോഴ്‌സിന് പരിഗണിച്ചിരുന്നത്. ഇസ്തിഖാമ ചെയര്‍മാന്‍ മുസ്ഥഫ അശ്‌റഫി കക്കുപ്പടിയാണ് കോഴ്‌സിന് നേതൃത്വം നല്‍കിയത്. സുന്നത് ജമാഅതിനെക്കുറിച്ചുള്ള രണ്ടു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സാക്ഷ്യപത്രം നല്‍കി.
- skssf silverjubilee

നേതൃത്വം മാതൃകയാകണം: ജിഫ് രി മുത്തുക്കോയ തങ്ങള്‍

തൃശൂര്‍ : നേതൃത്വം വിശുദ്ധമാകണമെന്നും സമൂഹത്തിന് മാതൃകയോഗ്യമാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് സംസ്ഥാന ട്രഷറര്‍ ജിഫ് രി മുത്തുക്കോയ തങ്ങള്‍. ഇന്നലെ നടന്ന ആദര്‍ശം സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ നേതാക്കള്‍ സമൂഹത്തിന് മാതൃകയാണെന്നും സമസ്തയുടെ വിജയത്തിനു നിദാനം നേതൃവിശുദ്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുസ്ഥഫ അശ്‌റഫി  കക്കുപ്പടി സെഷന് സ്വാഗതം പറഞ്ഞു. കെ എ റഹ്മാന്‍ ഫൈസി കാവനൂര്‍,അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ ദാരിമി നേര്‍വഴി എന്ന വിഷയത്തിലും എം പി മുസ്തഫല്‍ ഫൈസി വ്യതിചലനം എന്ന വിഷയത്തിലും സി ഹംസ മതനിരാസം എന്ന വിഷയത്തിലും  പഠനപ്രബന്ധങ്ങളവതരിപ്പിച്ചു.സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ആശംസാഭാഷണം നടത്തി.കാളാവ് സൈദലവി മുസ്‌ലിയാര്‍, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, അലവി ഫൈസി കുളപ്പറമ്പ്, ശരീഫ് ദാരിമി നീലഗിരി, മുജീബ് ഫൈസി പൂലോട്, എം ടി അബൂബക് ര്‍ ദാരിമി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം,മുഹമ്മദ് സഅദി വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു.ഇബ്രാഹീം ഫൈസി ജെഡിയാര്‍ നന്ദി പറഞ്ഞു.
- skssf silverjubilee

വിശുദ്ധഖുര്‍ആനിന്റെ മധുരമഴ തീര്‍ത്ത് സയ്യിദ് റാജിഹ് അലി ശിഹാബ്

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തിലെ പാരായണം സെഷനില്‍ വശ്യമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം നടത്തി ആത്മീയാനുഭൂതി പകര്‍ന്ന് സയ്യിദ് റാജിഹലി ശിഹാബ് തങ്ങള്‍ ശ്രദ്ധേയനായി.സമസ്തയുടെ കഴിഞ്ഞ കാലത്തെ പ്രഭാതം സെഷനുകളില്‍ നിന്നും വ്യത്യസ്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ മകനും കുറഞ്ഞകാലം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി ശ്രദ്ധേയനാവുകയും ചെയ്ത ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് പാരായണം നടത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചേ 6 മണിക്ക് സമര്‍ഖന്ദ് നഗരിയില്‍ നടന്ന സെഷനില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിത്യജീവിതത്തില്‍ പുലര്‍ത്തേണ്ട ശൈലിയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിവരിച്ച് ഒമാന്‍ സൂര്‍ ഗ്രാന്‍ഡ് മോസ്‌ക് ഇമാം ഹാഫിള് അബ്ദുറഹീം മൗലവിപ്രഭാഷണം നടത്തി. ഹാഫിള് അബ്ദുസലാം ദാരിമി കിണവെക്കല്‍ പ്രസംഗിച്ചു. സെഷനില്‍ അബ്ദുല്ല കുണ്ടറ ആമുഖഭാഷണവും ആര്‍ എം സുബുലുസ്സലാം സമാപ്തിയും നിര്‍വ്വഹിച്ചു.
- skssf silverjubilee

ഫാഷിസം സാഹിത്യത്തെ അതിരുകെട്ടിത്തിരിക്കുന്നു : ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂര്‍ : എഴുത്ത് സത്യത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. ഇന്നതേ വായിക്കാവൂ, ഇന്നത് വായിക്കരുതെന്ന ശാഠ്യങ്ങള്‍ ഫാഷിസത്തിന്റോതാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ  മൂന്നാം ദിനമായ ഇന്നലെ ഉച്ചക്കു ശേഷം വന്ന സാംസ്‌കാരികം സെഷനില്‍ സാഹിത്യം : വായന, ഇടപെടല്‍  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. സാഹിത്യത്തെ തെറ്റായി വായിക്കുന്ന കാലമാണിത്. അത്തരം ദുഷ്പ്രവണതകളുടെ ഇരയാണ് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമിക സംസ്‌കൃതികള്‍ നമ്മോട് പല സത്യങ്ങളും പറഞ്ഞു തരുന്നുണ്ട്. ആ സംസ്‌കൃതി നമ്മുടെ സ്വത്തായി കണ്ട് സാഹിതീയ പുരോഗമനത്തിനായി മുന്നിട്ടിറങ്ങണമെന്നും സെഷന്‍ ഉല്‍ഘാടനം ചെയ്ത സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കല ഇസ്‌ലാമിക വീക്ഷണമെന്ന വിഷയത്തില്‍ സൈത് മുഹമ്മദ് നിസാമി സംസാരിച്ചു. ആക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അധ്യക്ഷനായിരുന്നു. അസീലലി ശിഹാബ് തങ്ങള്‍, സി.പി മുഹമ്മദ് എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ സിദ്ദീഖ് ഫൈസി വാളക്കുളം, അബൂബക്കര്‍ ഫൈസി മലയമ്മ , അബ്ദുറഹിമാന്‍ കല്ലായി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി പാടൂര്‍, സ്വാദിഖ് ഫൈസി താനൂര്‍, സൈതലവി ഹാജി കോട്ടക്കല്‍, ബഷീര്‍ ഫൈസി ദേശമംഗലം  എന്നിവര്‍ സന്നിഹിതരായി.
- skssf silverjubilee

SKSSF സ്റ്റേറ്റ് കമ്മറ്റി റബീഅ് കാമ്പയിന്‍ വിജയികളെ ആദരിച്ചു

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മറ്റി മുത്ത് നബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന വിശയത്തില്‍ റബീഅ് കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാമത്സരം തുടങ്ങി വിവിധ മത്സരങ്ങളിലെ വിജയികളെ ആദരിച്ചു. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയിലെ വെളിച്ചം സെഷനിലാണ് സമ്മാനദാനം നിര്‍വ്വഹിച്ചത്. കവിതാരചനാ മത്സരത്തില്‍ അലി ഹസന്‍ ഹുദവി, മുഹമ്മദ് സ്വാലിഹ്, ശമീല്‍ എന്നിവരും പ്രബന്ധ രചനയില്‍ മുഹമ്മദ് മുസവ്വിര്‍, മഹ്മൂദ് ശമ്മാസ് എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ക്കര്‍ഹരായി. ഗ്രൂപ്പ് ക്വിസ്സ് മത്സരത്തില്‍ സബീലുല്‍ ഹിദായ പറപ്പൂര്‍, ദാറുന്നജാത്ത് വല്ലപ്പുഴ, മാമ്പുഴ ദര്‍സ് എന്നീസ്ഥാപനങ്ങള്‍ വിജയികളായി.  വിജയികള്‍ക്ക് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ്തങ്ങള്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. 
- skssf silverjubilee

നാദാപുരം അക്രമം അപലപനീയം : SKSSF സില്‍വര്‍ ജൂബിലി സമ്മേളന പ്രമേയം

തൃശൂര്‍ : ഒരു യുവാവിന്റെ കൊലപാതകത്തിലൂടെ വീണ്ടും നാദാപുരത്ത് അശാന്തി പടര്‍ത്തുകയും അക്രമങ്ങളില്‍ ഉദ്യോഗസ്ഥര്‍ മൗനം ദീക്ഷിക്കുകയും ചെയ്ത നടപടിയെ എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പ്രമേയം അപലപിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. നാദാപുരത്തുണ്ടായ കവര്‍ച്ചയും അക്രമങ്ങളും പോലീസ് സാന്നിധ്യത്തിലാണ് നടന്നിട്ടുള്ളത്. നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ പോലും മതസ്പര്‍ധ ആരോപിച്ചും ഗുണ്ടാആക്ട് ചുമത്തിയും കേസെടുക്കുന്നത് പതിവായ നാദാപുരത്തെ ഉദ്യോഗസ്ഥ നടപടിയെയാണ് സമ്മേളനം അപലപിച്ചത്. മുസ്‌ലിം സമുദായത്തെ സാമ്പത്തികമായി തകര്‍ത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ വേണ്ടി ഒന്നരപതിറ്റാണ്ട് കാലമായി നാദാപുരം കേന്ദ്രീകരിച്ച് നടക്കുന്ന ഭരണകൂടഗൂഢാലോചന പുറത്ത് കണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമന്ന് എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ സമ്മേളനം ആവശ്യപ്പെട്ടു. കാലങ്ങളായി ഒരു സംഘര്‍ഷ ബാധിത പ്രദേശമായാണ് നാദാപുരം പരിചയപ്പെടുത്തപ്പെടുന്നത്. മതസ്പര്‍ധ സൃഷ്ടിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ ഏറ്റവും കൂടൂതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രദേശം കൂടിയാണിത്. ഇത്തരം വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന നിഗൂഢമായ അജണ്ടകള്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് നടപ്പിലാക്കപ്പെടുന്നതെന്നും പ്രമേയം സംശയം പ്രകടിപ്പിച്ചു. പ്രശ്‌നത്തെ പരിഹരിക്കാന്‍ ഇപ്പോഴത്തെ പോലീസ് സംവിധാനം പൊളിച്ചെഴുതുന്നതുള്‍പ്പടെയുള്ള നടപടികളിലൂടെ പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
- skssf silverjubilee