അധാര്‍മ്മികതയും അരാജകത്വവും സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റണം : പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍

ലക്ഷദ്വീപ് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ ഭാഗമായി സംഘത്തിന്റെ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രയുടെ സ്വീകരണ മഹാസമ്മേളനത്തില്‍ അമിനി ദ്വീപില്‍ നടന്ന ചടങ്ങില്‍ വര്‍ണ്ണശഭളമായ ഉജ്ജ്വല സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഫാസിസ്റ്റ് ശക്തികള്‍ വളര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍ അധാര്‍മ്മികതയും അരാജകത്വവും വര്‍ദ്ധിച്ചുവരുന്നു. ഇതിനെ തടയിടാനും സമൂഹത്തില്‍ നിന്നും അത്തരം അനാചാരങ്ങളെ നീക്കം ചെയ്യാനും തങ്ങള്‍ സമ്മേളന നഗരിയിലേക്ക് പത്തു ദ്വീപുകളില്‍ നിന്നും വന്ന പ്രവര്‍ത്തകരോടും അവിടെ തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങളോടും ആഹ്വാനം ചെയ്തു. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം സ്വീകരിച്ച മതേതര ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച മത മൌലീകാവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന രീതിയിലാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

25 ബോട്ടിന്റെ അകമ്പടികളോടെ വന്‍ ജനാവലിയുമായി അറബിക്കടലിന്റെ നീലപ്പരപ്പിലൂടെ കടമത്തു ദ്വീപില്‍ നിന്നും അമിനി ദ്വീപിലേക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിച്ച നീതി ബോധന യാത്ര വൈകുന്നേരം 5 മണിക്ക് അമിനി ദ്വീപില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് രാത്രി 8 മണിക്ക് സ്വീകര മഹാസമ്മേളനം നടന്നു. അമിനി സിദ്ദീഖ് മൌലാ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ ഉസ്താദ് സിറാജുദ്ദീന്‍ നിസാമി അവര്‍കള്‍ അധ്യക്ഷം വഹിച്ച സമ്മേളനം അമിനി ദ്വീപ് ഖാസിയും ലക്ഷദ്വീപ് സമസ്തയുടെ ആധികാരിക നായകനുമായ സയ്യിദ് ഫത്തഹുള്ളാ മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ലക്ഷദ്വീപ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാഫിള് ജഅ്ഫര്‍ ഹുസൈന്‍ യമാനി വിശിഷ്ട അതിഥികളേയും പൊതുജനങ്ങളേയും സ്വാഗതം ചെയ്തു. ഹാഫിള് അബ്ദുല്ലാ കോയ ഖിറാഅത്ത് നടത്തി തുടങ്ങിയ സദസ്സില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്റെ പേരില്‍ കളവും പറഞ്ഞു വ്യാപാരം നടത്തുന്ന ചില കപട സംഘ ശക്തികളെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞു. തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ചു നടക്കാനിരിക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയിലേക്ക് ലക്ഷദ്വീപുകാരെ ഔദ്യോഗികമായി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. അമിനി ദ്വീപ് സബ് ഡിവിഷണല്‍ ഓഫീസര്‍ ടി. ഖാസിം അവര്‍കള്‍ ജാഥാ കാപ്റ്റന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് ഓരോ ദ്വീപിലേയും ഖാസിമാര്‍ തങ്ങളെ ഷാള്‍ അണിയിച്ച് ആദരിച്ചു.

എസ് കെ എസ് എസ് എഫ് ലക്ഷദ്വീപ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഊഫ് ഫൈസി, ലക്ഷദ്വീപ് ടെറിട്ടോറിയന്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജനാബ് പൊന്നിക്കം ശൈകോയ സാഹിബ്, എസ്.ഡി.സി. ടി. ഖാസിം, വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ പി.കെ. അബ്ദുസ്സലാം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി ട്രഷറര്‍ അയ്യൂബ് കുളിമാട്, സെക്രട്ടറിയേറ്റ് അംഗം കെ.എന്‍.എസ്. മൌലവി, ഇബാദ് കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ തങ്ങള്‍ക്ക് നല്‍കിയ ഉജ്ജ്വല സ്വീകരണത്തിന് നന്ദിയും പ്രകാശിപ്പിച്ചു. അമിനി യൂണിറ്റ് എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ് അയ്യൂബ് ദാരിമി നന്ദിപ്രസംഗം നടത്തി. തുടര്‍ന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കുചേര്‍ന്നു. അഞ്ഞൂറുകണക്കിന് വരുന്ന പ്രവര്‍ത്തകരുടെയും ആയിരക്കണക്കിന് വരുന്ന പൊതുജനങ്ങളുടെയും സാന്നിദ്ധ്യവും പങ്കാളിത്തവും നീതിബോധന യാത്രയുടെ ചടങ്ങുകള്‍ വന്‍ വിജയമാക്കിത്തീര്‍ത്തു. ഇന്നലെ വൈകീട്ട് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങളെയും ആനയിച്ചുകൊണ്ടുള്ള വാഹന ജാഥയില്‍ 500 ല്‍ പരം മൂചക്ര 4 ചക്ര വാഹനങ്ങളും അണിനിരന്നപ്പോള്‍ അത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജാഥയായിര മാറിയിരുന്നു.
- Mohammed Suhaib CHP