ഫൈസാബാദ് (പട്ടിക്കാട്) : മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് അണമുറിയാത്ത ജനപ്രവാഹം തീര്‍ത്ത് ജാമിഅ: നൂരിയ്യ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. കേരളക്കരയിലെ ഇസ്ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്ന പ്രഖ്യാപനത്തിനും എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ലൈബ്രറി ശിലാസ്ഥാപനത്തിനും സമ്മേളനം സാക്ഷിയായി. 219 യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 6142 ആയി ഉയര്‍ന്നു.
സനദ്ദാന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അധ്യക്ഷതവഹിച്ചു. സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. ജാമിഅ നൂരിയ്യ പ്രന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് സനദ്ദാന പ്രസംഗം നടത്തി. സൗദി രാജകുടുംബത്തിന്റെ പ്രത്യേക ഉപദേശ്ടാവ് ഡോ. ഫായിസ് അല്‍ ആബിദീന്‍ മുഖ്യാതിഥിയായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ. അഹ്മദ് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദേശ പ്രതിനിധികാളായ ഖമീസ് സാലിം മുഹമ്മദ് അല്‍ ബലൂജി, ശബാന്‍ കുക്ക്, മുഹമ്മദ് അഹ്മദ് അല്‍ ജീലി, ഉസ്മാന് അക, അബ്ദുല്ല അക്ദ, എം.ടി അബ്ദുല്ല മുസ്ലിയാര്, എ.പി മുഹമ്മദ് മുസ്ലിയാര്, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, സി.കെ.എം സാദിഖ് മുസ്ലിയാര്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പി അബ്ദുല്‍ഹമീദ് പ്രസംഗിച്ചു.
- Secretary Jamia Nooriya