'മതവിദ്യാര്‍ത്ഥികള്‍ക്ക് വഖഫ്‌ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കണം'; ചെയര്‍മാന് SKSSF ത്വലബാ വിംഗ് നിവേദനം നല്‍കി

മതവിദ്യാര്‍ത്ഥികള്‍ക്ക് മതേതര വിദ്യാഭ്യാസത്തിന് വഖഫ്‌ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് നിവേദനം സംസ്ഥാന കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ക്ക് എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി കൈമാറുന്നു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമീപം
കോഴിക്കോട് : കേരളത്തിലെ വിവിധ ദര്‍സ് - അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന മതവിദ്യാര്‍ത്ഥികള്‍ക്ക് മതേതര വിദ്യാഭ്യാസത്തിന് വഖഫ്‌ ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ക്ക് നിവേദനം നല്‍കി. പാണക്കാട് നടന്ന ചടങ്ങില്‍ എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി നിവേദനം കൈമാറി. എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ആസിഫ് ദാരിമി പുളിക്കല്‍, ത്വലബാ വിംഗ് ജനറല്‍കണ്‍വീനര്‍ സി. പി ബാസിത് തിരൂര്‍, സഅദ് വെളിയങ്കോട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് സമുദായം സ്വമേധയാ സമര്‍പ്പിച്ചതും കാലങ്ങളായി മതനിയമങ്ങള്‍ക്കും രാജ്യത്തിന്റെ ഭരണഘടനക്കും അനുസരിച്ച് ഫലപ്രദമായി പ്രയോജനപ്പെടുന്നതുമായ മേഖലയാണ് വഖഫ് സ്വത്തുകള്‍. വിദ്യാഭ്യാസ, വികസന, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വഖഫ് നിര്‍വ്വഹിക്കുന്ന പങ്ക് ഏറെ ശ്രദ്ധേയവും നിര്‍ണായകവുമാണ്. പള്ളി എന്ന അടിസ്ഥാനപരമായ അവശ്യവും അതിനുവേണ്ടിയുള്ള ഭൂമി, മറ്റു അത്യാവശ്യ വസ്തുക്കള്‍ എന്നിവയും കഴിഞ്ഞാല്‍ വിദ്യാഭ്യാസ പ്രക്രിയയുടെ മൂലഘടനയായ മദ്രസകള്‍, ദര്‍സുകള്‍, കുതുബുഖാനകള്‍, മതഗ്രന്ഥങ്ങള്‍ എന്നിവക്കുവേണ്ടിയാണ് വഖ്ഫ് ചെയ്യപ്പെട്ട സ്വത്തുകളധികവും. അതുകൊണ്ടു തന്നെ സ്വത്തുകളുടെ വികസന വിനിയോഗ പ്രക്രിയയില്‍ വിദ്യാഭ്യാസത്തിന് ഗണനീയമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. എന്നാല്‍ സാമൂഹിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ ഈ മേഖലയിലെ ഊന്നല്‍ താരതമ്യേന കുറവാണെന്നാണ് ഇന്നുവരെയുള്ള അനുഭവം.

സാധാരണ ഗതിയില്‍ കേരളത്തിലെ മദ്രസവിദ്യാര്‍ത്ഥികളുടെ പഠനകാലാവധി ഏഴുമുതല്‍ പത്തുവര്‍ഷം വരെ വരെയാണ്. തുടര്‍ന്നുള്ള വിദ്യാഭ്യാസം മതവിജ്ഞാനീയങ്ങളില്‍ കേന്ദ്രീകരിക്കണമെന്നോ പ്രഫഷണല്‍ മാനേജ്‌മേന്റ്, മെഡിക്കല്‍, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകള്‍ തെരഞ്ഞെടുക്കണമെന്നേ, മറ്റു മാനവിക വിഷയങ്ങള്‍ തെരഞ്ഞെടുക്കണമെന്നോ തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥി ഏറ്റവും കൂടുതല്‍ ആന്തരികവും ബാഹ്യവുമായ സമ്മര്‍ദ്ദം നേരിടുന്ന ഘട്ടമാണ് ഈ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഘട്ടം.

ഈ സാഹചര്യത്തില്‍ മതവിദ്യാഭ്യാസ രംഗവും മറ്റും മതേതര പഠന രംഗവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോവാന്‍ തയാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നത്. ഏതെങ്കിലും ഒരുമേഖല തെരഞ്ഞെടുക്കുന്നവരെക്കാള്‍ അനുകൂലസാഹചര്യങ്ങള്‍ ഇവര്‍ക്ക് താരതമ്യേന കുറവായിരിക്കും. ഒരേസമയം മതഭൗതിക വിദ്യാഭ്യാസം സ്വായത്തമാക്കാന്‍ താല്‍പര്യമുണ്ടായിട്ടും സാമ്പത്തികമായി പിന്നോക്കമായതുകാരണം മതവിദ്യാഭ്യാസം മാത്രം തെരഞ്ഞെടുക്കുന്ന പ്രവണത മുസ്ലിം വിദ്യാര്‍ത്ഥികളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് പ്രത്യേകം ശ്രദ്ധേയമാണ്. അതിനാല്‍ മതവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുകയും പുതിയ കാലത്തിന്റെ വിജ്ഞാനശാഖകള്‍ സ്വായത്തമാക്കാന്‍ തയാറാവുകയും ചെയ്യുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിഗണിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയരാനുള്ള സാഹചര്യങ്ങളൊരുക്കുകയും ചെയ്യേണ്ട ബാധ്യത വഖഫ് ബോര്‍ഡിനുണ്ട്.

മതഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ഇന്ന് ധാരാളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിര്‍ധനരും സമ്പന്നരുമായ വിദ്യാര്‍ത്ഥികളുമുണ്ട്. ഇവര്‍ക്കിടയിലെ നിര്‍ധനരേയും പഠനസംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരെയും വഖഫ്‌ബോര്‍ഡ് പരിഗണിക്കേണ്ടതാണ്. അതുപോലെതന്നെ മതവിദ്യാഭ്യാസത്തില്‍ ഊന്നുകയും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമീപിക്കാന്‍ സാഹചര്യങ്ങളില്ലാതെ സ്വപ്രയത്‌നത്താല്‍ മതേതര വിദ്യാഭ്യാസം നേടുന്ന ചെറിയൊരു ശതമാനം വിദ്യാര്‍ത്ഥികളുമുണ്ട്. ഇവരെയും വഖഫ് ബോര്‍ഡ് പരിഗണിക്കേണ്ടതുണ്ട്. നിവേദനം ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE