ആത്മീയ പ്രഭചൊരിഞ്ഞ് മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഇന്ന്; പതിനായിരങ്ങള്‍ സംഗമിക്കും

പെരിന്തല്‍മണ്ണ :  വിജ്ഞാന പ്രഭയുടെ ആത്മീയ തീരത്ത് ഇന്ന് മജ്‌ലിസുന്നൂര്‍ വാര്‍ഷികസദസ്സ്. ജാമിഅഃ നൂരിയ്യഃ കാമ്പസില്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളെത്തിച്ചേരും. മുസ് ലിം ഉമ്മത്തിന്റെ ആത്മീയ നായകന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഏറ്റവും വലിയ അസ്മാഉല്‍ ബദ്ര്‍ പാരായണ സദസ്സ് ശൈഖുനാ ഏലംകുളം ബാപ്പു ഉസ്താദിന്റെ പ്രാരംഭ പ്രാര്‍ഥനയോടെയാണ് തുടക്കം കുറിക്കുന്നത്. പ്രമുഖ സൂഫിവര്യനായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്, ശൈഖുനാ വാവാട് ഉസ്താദ്, മൂര്യാട് ഹംസ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.കെ.സി.എം തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, ശഹീറലി ശിഹാബ് തങ്ങള്‍, ഫക്രുദ്ദീന്‍ തങ്ങള്‍, വി.മുഹമ്മദ് മുസ്‌ലിയാര്‍ മേലാറ്റൂര്‍, എസ്.എം.കെ തങ്ങള്‍, ഒളവണ്ണ അബൂബക്കര്‍ മുസ്‌ലിയാര്‍, ഹൈദ്രൂസ് മുസ്‌ലിയാര്‍, ഹംസ ബിന്‍ ജമാല്‍,കെ.കെ എസ് തങ്ങല്‍ വെട്ടിച്ചിറ, ഉമര്‍ മുസ്‌ലിയാര്‍ കീഴിശ്ശേരി, സൈതാലി ഫൈസി, അബ്ദുല്‍ കരീം ഫൈസി തൃശ്ശൂര്‍,എസ്.എം.എ തങ്ങള്‍ പച്ചീരി  തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുവ്വായിരത്തിലേറെ പ്രദേശങ്ങളില്‍ നടന്നുവരുന്ന മജ്‌ലിസുന്നൂര്‍ സദസ്സുകളുടെ അമീറുമാര്‍ ഇന്നത്തെ വാര്‍ഷിക സംഗമത്തില്‍ സംബന്ധിക്കണമെന്ന് മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആഹ്വാനം ചെയ്തു. റബീഉല്‍ അവ്വലിലെ അവസാന വെള്ളിയാഴ്ച്ച രാവില്‍ കേരളത്തില്‍ നടക്കുന്ന ഉന്നത സദസ്സിലേക്ക് മഹല്ലുകളില്‍ നിന്ന് നിരവധിപേര്‍ എത്തിച്ചേരും.

മുസ് ലിംകളില്‍ അത്യുന്നതരെന്ന് പ്രവാചകര്‍ വിശേഷിപ്പിച്ച അസ്ഹാബുല്‍ ബദ്‌റിന്റെ ഇസ്മുകള്‍ കോര്‍ത്തിണക്കിയ അറുപത് വരി പദ്യങ്ങളാണ് മജ്‌ലിസുന്നൂറിലെ പ്രധാന ഇനം. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന ഏറെ സവിശേഷതയുള്ള സദസ്സില്‍ നീറുന്ന പ്രശ്‌നങ്ങളുമായി എത്തുന്ന നിരവധിപേര്‍ സമാധാനത്തോടെ പിരിഞ്ഞുപോകുന്നത് പതിവുകാഴ്ച്ചയാണ്. ജാമിഅഃ കാമ്പസില്‍ വാര്‍ഷിക സദസ്സിനു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ സംവിധാനിച്ചിട്ടുള്ളത്. മജ്‌ലിസുന്നൂര്‍ പദ്യങ്ങളടങ്ങിയ പ്രാര്‍ഥനാ പുസ്തകം സദസ്സില്‍ സൗജന്യമായി വിതരണം ചെയ്യും. പ്രാര്‍ഥനാ സദസ്സിനെത്തുന്നവര്‍ അംഗശുദ്ദി വരുത്തി മഗ്‌രിബിനു മുമ്പ് സദസ്സില്‍ പ്രവേശിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
- Secretary Jamia Nooriya