ബഹുമാന്യരെ, അസ്സലാമു അലൈക്കും.
ക്ഷേമം നേരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ സില്‍വര്‍ ജൂബിലി സമ്മേളനം 2015 ഫെബ്രുവരി 19,20,21,22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത സമ്മേളനം വന്‍വിജയമാക്കുന്നതിനും അതിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നമ്മുടെകൂടി ഭാഗധേയം ഉറപ്പുവരുത്തുന്നതിനും സെന്‍ട്രല്‍ കൗണ്‍സില്‍ തീരൂമാനമെടുത്തിരിക്കുന്നു.
ഇതുസംബന്ധമായി മദ്‌റസകളില്‍ നടപ്പിലാക്കേണ്ടതും മദ്‌റസാ അധ്യാപകരെ ബോധ്യപ്പെടുത്തേണ്ടതും അവരുടെകൂടി സഹകരണം ഉറപ്പിക്കേണ്ടതുമായ ചില കാര്യങ്ങള്‍ താഴെ വിവരിക്കുന്നു.
1. എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകരോടൊപ്പം ഓരോ മദ്‌റസാ പരിധിയിലും ആവുന്നത്ര പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്‍കുക.
2. 2015 ഫെബ്രുവരി 19നാണ് സമ്മേളനം തുടങ്ങുന്നത്. അതിന്റെ തലേദിവസം എല്ലാ മദ്‌റസകളിലും സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ 'പ്രഭാതഭേരി' സംഘടിപ്പിക്കുക. ആണ്‍കുട്ടികളെ അണിനിരത്തി സൗകര്യപ്രദമായ സമയത്ത് (ഏകദേശം രാവിലെ 6.30 -7.00 മണി) പ്രധാനകവലകളിലും ജനവാസമുള്ള ഏരിയകളിലുമാണ് 'പ്രഭാതഭേരി' നടത്തേണ്ടത്. സമ്മേളനപ്രചരണ മുദ്രാവാക്യങ്ങളും ഉചിതമായ സന്ദേശങ്ങളുമാണ് ഭേരിയില്‍ മുഴക്കേണ്ടത്.
3. സമ്മേളനത്തിനു മുന്നോടിയായി ഫെബ്രുവരി 2 മുതല്‍ 11 വരെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്ര തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ നടക്കുകയാണ്. പ്രസ്തുത യാത്രക്ക് നല്‍കപ്പെടുന്ന സ്വീകരണയോഗങ്ങളില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തേണ്ടതുണ്ട്.
4. നീതിബോധന യാത്രയുടെ പ്രചാരണം ലക്ഷ്യമാക്കി അതിനോടടുത്ത അനുയോജ്യമായ ഒരു ദിവസത്തില്‍ റെയ്ഞ്ച്തലത്തില്‍ 'നീതിബോധന പ്രചാരണയാത്ര' നടത്തണം. വാഹനപ്രചാരണ ജാഥയും കവലകളില്‍ സന്ദേശ വിശദീകരണ പ്രസംഗവുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
5. സമ്മേളനത്തിലേക്ക് പൊതുസമൂഹത്തെ ക്ഷണിച്ചുകൊണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ കത്ത് ജില്ലാകമ്മിറ്റികള്‍ മുഖേന ഓരോ റെയ്ഞ്ചിലേക്കും എത്തിക്കും. അത് എല്ലാ മദ്‌റസകളിലും കുട്ടികള്‍ മുഖേന വീടുകളില്‍ എത്തിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം.
അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലാക്കട്ടെ.
- Samastha Kerala Jam-iyyathul Muallimeen