മനാമ: പ്രമുഖ വാഗ്‌മിയും യുവ പണ്‌ഢിതനുമായ മുനീര്‍ ഹുദവി വിളയില്‍ ഇന്ന് (വെള്ളി) മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ പ്രഭാഷണം നടത്തും.
“അന്ത്യ പ്രവാചകനിലൂടെ അല്ലാഹുവിലേക്ക്” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകം നടത്തി വരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഹൂറ ഏരിയ കമ്മറ്റി സംഘടിപ്പിച്ച മീലാദ് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്താനാണ് ഹുദവി ഇന്ന് (വെള്ളി) പ്രധാനമായും ബഹ്‌റൈനിലെത്തുന്നത്.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്തിറങ്ങിയ യുവ പണ്‌ഢിതന്‍ കൂടിയായ അദ്ധേഹം ആദ്യമായാണ് ബഹ്‌റൈനിലെത്തുന്നത്. മത പ്രഭാഷണ രംഗത്ത് നാട്ടിലും ഗള്‍ഫു നാടുകളിലും സുപരിചിതനായ അദ്ധേഹത്തിന്റെ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.
വൈകിട്ട് 5.30 മുതല്‍ ആരംഭിക്കുന്ന മീലാദ് മീറ്റിന്റെ ഭാഗമായി മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ദഫ്, മൌലിദ് പാരായണം, പൊതു സമ്മേളനം എന്നിവയും ഇന്ന് നടക്കും. ചടങ്ങ് സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
തുടര്‍ന്ന് രാത്രി 8 മണിയോടെ മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന സംഗമങ്ങളിലും അദ്ധേഹം പങ്കെടുക്കും. ഞായറാഴ്‌ച രാത്രി 8 മണിക്ക് മനാമയില്‍ നടക്കുന്ന കുടുംബ സംഗമത്തിലും അദ്ധേഹം സംബന്ധിക്കും. എല്ലാ പരിപാടികളിലും പ്രഭാഷണം കേള്‍ക്കാന്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.