ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം പ്രകാശിതമായി

ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ മന്ത്രി ഡോ എം.കെ മുനീറിനു നല്കി പ്രകാശനം ചെയ്യുന്നു. റവ ഡോ തോമസ് പനക്കല്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കോഴിക്കോട ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കെ, എം സൈതലവി ഹാജി സമീപം
കോഴിക്കോട് : ആഗോള മുസ്‌ലിം പണ്ഡിതസഭാംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സ്‌ലറുമായ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി രചിച്ച 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശിതമായി. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേറി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ: എം. കെ മുനീറിന് ഗ്രന്ഥത്തിന്റെ ആദ്യപ്രതി നല്‍കിയാണ് പ്രകാശനം ചെയ്തത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ആധ്യക്ഷ്യം വഹിച്ചു. 

ഗ്രന്ഥത്തിന്റ ആന്‍ഡ്രോയ്ഡ് പതിപ്പ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു. എല്ലാ വീടുകളിലും ഓരോ കോപ്പി പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചെമ്മാട്, ആക്കോട്, ആലപ്പുഴ ജില്ലയിലെ അരൂര്‍ എന്നീ മഹല്ലുകളിലെ മുഴുവന്‍ വീടുകളിലും ഗ്രന്ഥമെത്തിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥം പരിചയപ്പെടുത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് രൂപതാ വികാരി റവ. ഡോ: തോമസ് പനക്കല്‍, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ, എ സജീവന്‍, യു. ശാഫി ഹാജി ചെമ്മാട്, നാസര്‍ ഫൈസി കൂടത്തായി, എം.കെ അബ്ദുല്ല ഹാജി., ടി.പി.എം സാഹിര്‍, തോപ്പി പങ്കെടുത്തു. ഗ്രന്ഥകാരന്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വിക്ക് ചങ്ങരംകുളം ഖദീജ ബിന്‍ത് ബുഖാരി ചാരിറ്റബള്‍ ട്രസ്റ്റിന്റെ ഉപഹാരം തങ്ങള്‍ സമ്മാനിച്ചു. അല്‍ ഹിക്മ ഖുര്‍ആന്‍ റിയാലിറ്റി ഷോ മത്സര വിജയികള്‍ക്കുള്ള സമ്മാനം മാട്ര മൂസ ഹാജി വിതരണം ചെയ്തു.

പ്രകാശനത്തോടനുബന്ധിച്ച് നടന്ന ഖുര്‍ആന്‍ സെമിനാറില്‍ വിശുദ്ധ ഖുര്‍ആന്‍ ദിവ്യവെളിപാടുകളുടെ വചന പ്രവാഹം എന്ന വിഷയം എസ്. കെ. എസ്.എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ ആധ്യക്ഷ്യം വഹിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ അബൂദാബി ബ്രിട്ടീഷ് സ്‌കൂളിലെ സിംസാറുല്‍ ഹഖ് ഹുദവി വിഷയാവതരണം നടത്തി. ഡോ: യു.വി. കെ മുഹമ്മദ് ആധ്യക്ഷം വഹിച്ചു. വിഷന്‍ സോഫ്റ്റ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തനമാംരഭിക്കുന്ന ഖുര്‍ആന്‍ ഓണ്‍ വെബ് ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു. വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്ത പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ക്ക് ഹുദവീസ് അസോസിയേഷന്‍ ഹാദിയയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി കൈമാറി. യു. ശാഫി ഹാജി സ്വാഗതം പറഞ്ഞു.

ഡല്‍ഹി, മുംബൈ നഗരങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ബ്രിട്ടനിലുമായി 16ഓളം സ്ഥലങ്ങളില്‍ നടന്ന സമാന്തര പ്രകാശന ചടങ്ങുകളില്‍ പ്രമുഖര്‍ പങ്കെടുത്തു.

ലണ്ടനില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ്, മക്കയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജിദ്ദയില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ: അലി മുഹ്‌യുദ്ദീന്‍ ഖുറദാഹി, ബഹ്‌റൈനില്‍ സയ്യിദ് ശരീഫ് ഫഖ്‌റുദ്ദിന്‍, യു.എ. ഇയില്‍ മുസ്ഥഫാ ഹുദവി ആക്കോട് തുടങ്ങിയവര്‍ പ്രകാശനത്തിന് നേതൃത്വം നല്‍കി. വിവിധ മത സാമൂഹിക സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
- Darul Huda Islamic University