കുവൈത്ത് കേരള ഇസ്‍ലാമിക് കൌണ്‍സില്‍ മുഹബ്ബത്തെ റസൂല്‍ നബിദിന സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി : മനുഷ്യത്വ പരമായി, നന്മ ചെയ്തു സഹകരിച് കൊണ്ട് സ്നേഹത്തോടെ ജീവിക്കാന്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. കുവൈറ്റ്‌ കേരള ഇസ്ലാമിക്‌ കൗണ്‍സില്‍ സംഘടിപ്പിച്ച മുഹബത്തെ റസൂല്‍ നബിദിന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മാനവ രാശിയുടെ ഐക്യവും, സ്നേഹവും സൌഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്നും അതിനു സമൂഹം തയ്യാറാവണമെന്നും ഇതാണ് പ്രവാചകചര്യ നമ്മെ പഠിപ്പിക്കുന്നതെന്നും തങ്ങള്‍ ഉണര്‍ത്തി. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും കുവൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപീകൃതമായ കുവൈറ്റ്‌ കേരള ഇസ്ലാമിക്‌ കൗണ്‍സിലിന്റെ പ്രഖ്യാപനവും ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

പ്രസിഡന്റ് ശംസുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ അഡ്വ. ജാബിര്‍ അല്‍ അനസി ഡോക്ടര്‍ സിറാജിന് നല്‍കി പ്രകാശനം ചെയ്തു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ കുവൈത്ത് തല പ്രകാശനവും, ഖുര്‍ആന്‍ ഓണ്‍ വെബിന്‍റെ ക്ലിക്ക് ഓണ്‍ ചടങ്ങും ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ക്ക് സംഘടനയുടെ ഉപഹാരം ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ നല്‍കി.

അഡ്വ: ജാബിര്‍ അല്‍ അനസി, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഹൈദറലി ശിഹാബ് തങ്ങളും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സഹിബിനുള്ള ഉപഹാരം പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരും നല്‍കി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, ശറഫുദ്ദീന്‍ കണ്ണെത്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, മലബാര്‍ അഫ്സല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ബാഖവി സ്വാഗതവും ട്രഷറര്‍ മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു. കുട്ടികളുടെ ദഫ്‍മുട്ടും നടന്നു.
- Media KIC