കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ പ്രഖ്യാപനവും മുഹബ്ബത്തെ റസൂല്‍ നബിദിന സമ്മേളനവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും കുവൈത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടോളം കുവൈത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുവൈത്ത് കേരള സുന്നീ കൗണ്‍സിലും കുവൈത്ത് ഇസ്‌ലാമിക് സെന്ററും 2015 ജനുവരി മുതല്‍ കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ എന്ന പേരില്‍ ഒരുമിച്ച് പ്രവത്തനം ആരംഭിക്കുകയാണ്. സംഘടനയുടെ പ്രഖ്യാപനം മുഹബ്ബത്തെ റസൂല്‍ നബിദിന സമ്മേളനത്തില്‍ സമസ്തയുടെ ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
2015 ജനുവരി രണ്ടിന് അബ്ബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി, ഉസ്മാന്‍ ദാരിമി, അബ്ദു ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദലി ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഉച്ചക്ക് ശേഷം മുന്നുമണിക്ക് ആരംഭിക്കുന്ന 'കര്‍മ്മ വീഥി' പരിപാടി ശൈഖുല്‍ ജാമിഅ: പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. വൈകുന്നേരം 5 മണിക്ക് സമാപന പൊതു സമ്മേളനം ആരംഭിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സഹകാര്യദര്‍ശിയും പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ ശൈഖുനാ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ അഥിതികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സ്‌ലര്‍ ഡോ: ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി തയ്യാറാക്കിയ 'വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാന'ത്തിന്റെ കുവൈത്ത് തല പ്രകാശനവും ഇസ്‌ലാം ഓണ്‍വെബിന്റെ കീഴില്‍ ആരംഭിക്കുന്ന 'ഖുര്‍ആന്‍ ഓണ്‍വെബി'ന്റെ കുവൈത്തിലെ ലോഞ്ചിങ്ങും സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും നിര്‍വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സോവനീറിന്റെ പ്രകാശനം അഡ്വ: ജാബിര്‍ അല്‍ അന്‍സി നിര്‍വഹിക്കും. കുവൈത്തിലെ മത സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
പത്ര സമ്മേളനത്തില്‍ പ്രസിഡണ്ട് ശംസുദ്ധീന്‍ ഫൈസി, സെക്രട്ടറിമാരായ നാസര്‍ കോടൂര്‍, ഇ.എസ് അബ്ദുറഹിമാന്‍ ഹാജി, ട്രഷറര്‍ മുഹമ്മദലി പുതുപ്പറമ്പ്, മീഡിയ കണ്‍വീനര്‍ മൂജീബ് റഹ്മാന്‍ മൂടാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Media KIC