സഖാഫിയോടുള്ള സംഘടനാ നിലപാട് കാന്തപുരം വ്യക്തമാക്കണം
ബഹ്‌റൈനിൽ സമസ്‌ത കേന്ദ്രആസ്ഥാനത്ത് അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു |
കോഴിക്കോട് : നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയത്തില്‍ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഉന്നത അന്വേഷണം നടത്തണമെന്നും നിരപരാധികളുടെ മേല്‍ വ്യഭിചാരകുറ്റമാരോപിക്കുകയും ഇരയെയും കുടുംബത്തെയും സമൂഹ മധ്യ പരിഹസിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്ന പേരോട് അബ്‌ദുറഹ് മാന്‍ സഖാഫിയോടുള്ള സംഘടനാ നിലപാട് കാന്തപുരം വ്യക്തമാക്കണമെന്നും എസ്.വൈ.എസ് സെക്രട്ടറിയും പ്രമുഖ പണ്‌ഢിതനുമായ അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ബഹ്‌റൈനില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സമസ്‌ത ബഹ്‌റൈന്‍ ഘടകം ഇന്ന്(വെള്ളി)മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അദ്ധേഹം സമസ്‌ത മനാമ ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിലാണ് സമൂഹ മന സാക്ഷിയെ ഞെട്ടിച്ച ബാലികാ പീഢനത്തിനെതിരെ ആഞ്ഞടിച്ചത്.
കഴിഞ്ഞ മാസം 30-ാം തിയ്യതിയാണ് നാലര വയസ്സുകാരിയെ സ്ഥാപനത്തില്‍ വെച്ച് പീഢിപ്പിച്ചത്. എന്നാല്‍ സംഭവം നടന്നയുടനെ കേസൊതിക്കി തീര്‍ക്കാനും പ്രതികളെ രക്ഷപ്പെടുത്താനും വ്യഗ്രത കാണിച്ച സ്ഥാപന മേധാവി ബാലികയെയും കുടുംബത്തെയും ആക്ഷേപിക്കുകയും സംഭവം നടന്നില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവുമാണ് നടത്തിയത്. പിന്നീട് മുനീര്‍ എന്ന ബുദ്ധി മാന്ദ്യമുള്ള ഒരു ബസ് ക്ലീനറുടെ മേല്‍ വ്യഭിചാര കുറ്റം ചുമത്തി പോലീസിനെയും രാഷ്‌ട്രീയക്കാരെയും കൂട്ടുപിടിച്ച് കേസ് അട്ടിമറിക്കാനും ശ്രമം നടത്തി. സംഭവത്തില്‍ പൊതു സമൂഹം ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ മുനീര്‍ പ്രതിയാക്കപ്പെടുകയും യഥാര്‍ത്ഥ പ്രതികളും രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉന്നത ബന്ധമുള്ളതു കൊണ്ടാണ് ഈ ഡമ്മി പ്രതിയെ പോലീസ് സ്വീകരിച്ചതെന്നും അതു കൊണ്ട് കേസന്വേഷണം ശരിയായി നടക്കാനും ഇരകള്‍ക്ക് നീതി ലഭിക്കാനും ലോക്കല്‍ പോലീസിനെ ഒഴിവാക്കി
ജുഡീഷ്യല്‍ അന്വേഷണത്തിനോ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സെ്‌പഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനേയോ കേസ് ഏല്‍പ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും അദ്ധേഹം പറഞ്ഞു.
സംഭവത്തിലകപ്പെട്ട ബാലികക്കും കുടുംബത്തിനും സമാശ്വാസം നല്‍കേണ്ടതിനു പകരം നാടു നീളെ പരിഹാസത്തോടെയുള്ള സംസാരമാണ് പേരോട് സഖാഫി നടത്തുന്നത്. ഇത് ശാരീരിക പീഢനത്തേക്കാള്‍ വലിയ മാനസിക പീഢനമാണ്. സ്ഥാപനത്തില്‍ തന്നെയുള്ള സ്വന്തക്കാരുടെ ചില മക്കള്‍ ഉള്‍പ്പെട്ടതു കൊണ്ടാണ് ഈ സംഭവം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്. ഇപ്രകാരം സ്വന്തക്കാര്‍ക്ക് വേണ്ടി നിരപരാധിയെ പ്രതിചേര്‍ത്ത് പൊതുവേദികളില്‍ കുപ്രചരണം തുടരുന്ന പേരോടിനെതിരില്‍ സംഘടന നടപടിയെടുക്കണമെന്നും കുറഞ്ഞ പക്ഷം അന്വേഷണാത്മകമായി സംഘടനാ സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നും നാടു നീളെ സമാധാനവും ശാന്തിയും പറഞ്ഞു നടക്കുന്ന കാന്തപുരം അതിന് ധൈര്യം കാണിക്കുമോ എന്നും ഫൈസി ചോദിച്ചു.
വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാതെയാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തികളെന്നും അദ്ധേഹം വിശദീകരിച്ചു. തിരുകേശമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജകേശത്തിന്റെ പേരില്‍ പണപ്പിരിവ് നടന്നിട്ടില്ലെന്നും പള്ളി പണിയാന്‍ ഉദ്ധേശമില്ലെന്നും ഹൈക്കോടതിയില്‍ കള്ള സത്യവാങ്‌മൂലം നല്‍കിയ അദ്ധേഹം തന്നെയാണ് ഇവിടെ ബഹ്‌റൈനില്‍ വന്നപ്പോള്‍ പള്ളി പണിയുന്നുണ്ടെന്നും ഉദ്‌ഘാടനത്തിന് ക്ഷണിക്കാമെന്നും അറിയിച്ചത്. ഇപ്രകാരം വാക്കുകളില്‍ തന്നെ വൈരുദ്ധ്യവും കളവും പ്രചരിപ്പിക്കുന്നതിന് ഒട്ടും മടിയില്ലാത്ത വ്യക്തിയാണ് കാന്തപുരം. നേരത്തെ തീവ്ര സുന്നി നിലപാടുകളുമായി ഏറെ വിവാദമുയര്‍ത്തിയ അദ്ധേഹം പിന്നീട് ഇതര പ്രസ്ഥാനക്കാരുമായി ബന്ധപ്പെടുന്നതും ഇപ്പോള്‍ പൊതു വിഷയത്തിലെങ്കിലും മുസ്ലിം ഐക്യമാവാം എന്ന സമസ്‌തയുടെ നിലപാടിലേക്ക് എത്തിച്ചേര്‍ന്നതായും കാണുന്നുണ്ട്. ഇതു പക്ഷേ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാന്‍ കാന്തപുരത്തിന് സാധ്യമല്ലെന്നും അതോടു കൂടി കാന്തപുരം ഗ്രൂപ്പിന്റെ നിലനില്‍പ്പ് ഇല്ലാതാവുമെന്നും അദ്ധേഹം വിവിധ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.
പാറക്കടവ് സംഭവത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ഇടപെടണം. രാഷ്‌ട്രീയക്കാരുടെയും മറ്റും ഉന്നത ബന്ധങ്ങളാണതിനു തടസ്സം. മുമ്പ് ഒരു വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ സ്‌കൂള്‍ പൂട്ടിയ സര്‍ക്കാര്‍ ഈ സംഭവത്തിലും ഉന്നത ബന്ധമില്ലായിരുന്നെങ്കില്‍ നേരത്തെ തന്നെ സ്‌കൂള്‍ അടച്ചു പൂട്ടി സില്‍ വെക്കുമായിരുന്നു. സമസ്‌ത ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളോട് അന്തമായ എതിര്‍പ്പോ മമതയോ കാണിക്കുന്ന സംഘടനയല്ലെന്നും എന്നാല്‍ മതവിരുദ്ധമായ കാര്യങ്ങളില്‍ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ശക്തമായി എതിര്‍ക്കും. മുമ്പ് ടൈഗര്‍ സുന്നി, ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ എന്നിവയൊക്കെ രൂപീകരിച്ചിരുന്നവര്‍ തന്നെ ഇപ്പോള്‍ ഭീകരതക്കും തീവ്രവാദത്തിനുമെതിരെ രംഗത്തിറങ്ങിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കാന്തപുരത്തിന്റെ ഈ നിലപാട് മാറ്റങ്ങളുടെ കാരണം ദുരൂഹമാണ്. കാന്തപുരത്തിന്റെ ബിജെപി, മോഡി അനുകൂല പ്രസ്‌താവനകള്‍ ചില കാര്യലാഭങ്ങള്‍ക്ക് വേണ്ടിയാണ്. ചില കേസുകളും ആരോപണവും പുറത്ത് വരാതിരിക്കണമെന്നാവാം ലക്ഷ്യമെങ്കിലും ഒരു കാലത്ത് എല്ലാ സത്യവും ജനങ്ങള്‍ തിരിച്ചറിയും. ഗുജറാത്തിലും കര്‍ണ്ണാടകയിലും പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ തന്നെ ഗുജറാത്ത് കലാപവും മറ്റും അറിയില്ലെന്നു പറയുന്നതില്‍ ദുരൂഹതയുണ്ട്. പത്രലേഖകരുടെ വിവിധ ചോദ്യങ്ങളുടെ മറുപടിയില്‍ അദ്ധേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും സത്യധാര മാനേജിംഗ് ഡയരക്‌ടറുമായ സുലൈമാന്‍ ദാരിമി ഏലങ്കുളം, ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍, ഉമറുല്‍ഫാറൂഖ് ഹുദവി, മുസ മൌലവി വണ്ടൂര്‍, സൈതലവി മുസ്ലിയാര്‍, വി.കെ.കുഞ്ഞിമുഹമ്മദ് ഹാജി, കുന്നോത്ത് കുഞ്ഞബ്‌ദുല്ല, ഉബൈദുല്ല റഹ് മാനി, അബ്‌ദുറഹ് മാന്‍ ഹാജി, കളത്തില്‍ മുസ്ഥഫ, ശറഫുദ്ധീന്‍ മാരായമംഗലം, ശഹീര്‍ കാട്ടാമ്പള്ളി, മൌസല്‍ മൂപ്പന്‍ തിരൂര്‍, നൌഫല്‍ വയനാട് എന്നിവരും സംബന്ധിച്ചു.