സയ്യിദ് ഹാഷിം കുഞ്ഞിക്കോയ തങ്ങള്‍ മരണപ്പെട്ടു

ഹാഷിം കുഞ്ഞിക്കോയ തങ്ങളുടെ വിയോഗം കനത്ത നഷ്ടം യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി

ചട്ടഞ്ചാല്‍ : കണ്ണൂര്‍ നാഇബ് ഖാസിയും സമസ്ത ജില്ലാ മുശാവറ ട്രഷററും കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ സയ്യിദ് ഹാഷിം കുഞ്ഞിക്കോയ തങ്ങളുടെ വിയോഗം കനത്ത നഷ്ടമാണെന്ന് സമസ്ത കാസര്‍ഗോഡ് ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി അനുശോചന ക്കുറിപ്പില്‍ പ്രസ്താവിച്ചു. പക്വതയും പാകതയും കൈമുതലാക്കിയ ഹാഷിം തങ്ങള്‍ അതുല്യമായ വ്യക്തിപ്രഭ നിലനിര്‍ത്തുന്നതോടൊപ്പം കര്‍മ്മരംഗത്ത് ശാസ്ത്രീയ ഇടപെടലുകള്‍ നടത്തി വേറിട്ട പ്രവര്‍ത്തനം കാഴ്ച വെച്ച പണ്ഡിത പ്രതിഭയാണെന്നും കണ്ണൂര്‍ ജില്ലയിലെ ആത്മീയ വിദ്യാഭ്യാസ നവോല്‍ക്കര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- MIC Chattanchal Kasaragod


ദുബൈ : കണ്ണൂര്‍ ജില്ല നായിബ്  ഖാളിയും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ട്രഷററും, പ്രമുഖ പണ്ഡിതനുമായ  സയ്യിദ് ഹാഷിം കുഞ്ഞി കോയ തങ്ങളുടെ നിര്യാണത്തില്‍ എസ് കെ എസ് എസ് എഫ്  ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അനുശോചിച്ചു. കണ്ണൂര്‍ ജില്ലയിലെ മത വൈജ്ഞാനിക - സാമൂഹ്യ - ജീവ കാരുണ്യ രംഗത്തെ  പുരോഗതിക്ക് വേണ്ടി  നിസ്വാര്‍ത്ഥ സേവനം നടത്തി കൊണ്ടിരിക്കുന്ന മത പണ്ഡിതനെയാണ്  തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. തങ്ങള്‍ക്ക് വേണ്ടി ഈ വെള്ളിയാഴ്ച പള്ളികളില്‍ വെച്ച് മയ്യിത്ത് നിസ്കാരവും, പ്രാര്‍ത്ഥനയും സംഘടിപ്പിക്കുവാന്‍ എല്ലാ പ്രവര്‍ത്തകരോടും ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
- Sharafudheen Perumalabad

ദോഹ : അഗാധ പാണ്ഡിത്യവും ഉജ്ജ്വല നേതൃ പാഠവവും ഒരു പോലെ ഒത്തിണങ്ങിയ ഒരു സയ്യിദിനെയാണ് ഹാഷിം കോയ തങ്ങളുടെ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമായതെന്ന് ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. സമസ്ത കണ്ണൂര്‍ ജില്ലാ ട്രഷററും, ജില്ലാ നായിബ് ഖാസിയും, കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് അറബിക് കോളേജ് പ്രസിഡന്റുമായ ഹാഷിം തങ്ങള്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും അനുശോചനയോഗവും വ്യാഴാഴ്ച ഇഷാ നമസ്കാരാനന്തരം ദോഹ ജദീദ് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Aslam Muhammed

ബഹ്‌റൈന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ ട്രഷററും കണ്ണൂര്‍ ജില്ലാ നായിബ് ഖാളിയുമായ സയ്യിദ് ഹാശിം തങ്ങളുടെ നിര്യാണത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍, എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ അനുശോചിച്ചു. ഇന്ന് (ബുധന്‍) മനാമ യമനീ മാസ്ജിദില്‍ ഇശാ നിസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Samastha Bahrain