ബാലികാ പീഡനവും ഭൂമി തട്ടിപ്പും; സമഗ്ര അന്വേഷണം വേണം : സുന്നി നേതാക്കള്‍

കോഴിക്കോട് : നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയത്തിലെ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതികളെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനും സര്‍ക്കാറിന്റെ ഉന്നത തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിനോ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനേയോ കേസ് ഏല്‍പ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ 30-ാം തിയ്യതിയാണ് സംഭവം നടന്നത്. ബാലിക ക്രൂരമായ വിധത്തിലാണ് പീഡനത്തിനിരയായത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവം സ്കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടും മറച്ചു വെക്കുകയും കുട്ടിയെ സമ്മര്‍ദ്ധത്തിലാക്കുകയുമായിരുന്നു. കുട്ടിയെ ദേഹ പരിശോധന നടത്തി ബോധ്യപ്പെട്ടപ്പോള്‍ പരാതിയുമായി സ്കോള്‍ മനേജ്മെന്റിനെ സമീപിച്ച രക്ഷിതാക്കളെ അപഹസിക്കാനും സംഭവം തന്നെ നിഷേധിക്കാനുമാണ് മാനേജ്മെന്റ് സെക്രട്ടറിയും കാന്തപുരം സുന്നിയുടെ സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്‍മാന്‍ സഖാഫി ആദ്യം തയ്യാറായത്. സംഭവത്തില്‍ പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോള്‍ മാനേജ്മെന്റും പോലീസും തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഒരു ബസ്ക്ലീനര്‍ മുനീറിനെ അറസ്റ്റ് ചെയ്യുകയും മൂന്നാം മുറ നടത്തി മുനീറിനെ കൊണ്ട് കുറ്റം ഏറ്റെടുപ്പിക്കുകയുമായിരുന്നു. സംഭവം നിഷേധിച്ച മാനേജ്മെന്റ് പിന്നീട് സമ്മതിക്കുകയും കുറ്റം ക്ലീനറില്‍ ആരോപിക്കുകയുമായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ പോലീസ് ക്ലീനറെ വിട്ടയക്കുകയും കുറ്റാരോപിതരായ പ്രതികളെ പിടിക്കുകയുമായിരുന്നു. എന്നാല്‍ പ്രതികള്‍ വേറെയുമുണ്ട്. സംഭവത്തിന് സൌകര്യം ചെയ്തുകൊടുത്ത മാനേജ്മെന്റും അങ്ങേയറ്റം പാപമായ കുറ്റം മറച്ചുവെച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അധ്യാപകരും കുറ്റക്കാര്‍ തന്നെയാണ്. എന്നാല്‍ കേസന്റെ തുടക്കത്തിലെ പോലീസും മാനേജ്മെന്റും നടത്തുന്ന ഒത്തുകളിയും ഉന്നതനായ ഒരു മന്ത്രിയുടെ ഇടപെടലും വിമര്‍ശന വിധേയമായതാണ്. ഇത്തരം ഭരണാധിപന്മാരുടെ സ്വാധീനത്താല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പോലും കുറ്റമറ്റതാവില്ല. സംഭവത്തിന്റെ പിന്നാമ്പുറങ്ങള്‍ മുഴുവന്‍ പുറത്തുവരാന്‍ ജുഡിഷ്വറിയുടെ ഇടപെടല്‍ തന്നെ ആവശ്യമാണ്. 

കോഴിക്കോട്ടെ കാന്തപുരത്തിന്റെ 26 ഏക്കര്‍ ഭൂമി 258 കോടി രൂപക്ക് കേരള സര്‍ക്കാര്‍ വാങ്ങി കോസ്റ്റ് ഗാര്‍ഡിന് (തീര സംരക്ഷണ സേന) നല്‍കാനുള്ള നീക്കം അപലപനീയമാണ്. ഒന്നര കോടിരൂപക്ക് കാന്തപുരം വാങ്ങിയ സ്ഥലം 258 കോടിക്ക് സര്‍ക്കാര്‍ വാങ്ങുന്നത് അംഗീകരിക്കാനാവില്ല. പ്രവാചകന്റേതെന്ന വ്യാജേന മുടിപ്പള്ളിക്ക് പണപ്പിരിവ് നടത്തിയതായി കാന്തപുരത്തിനെതിരെ സര്‍ക്കാര്‍ തന്നെ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ആ വ്യക്തിയുടെ ഭൂസ്വത്ത് വലിയ സംഖ്യക്ക് സര്‍ക്കാര്‍ വാങ്ങുന്നത് കാന്തപുരത്തിനും ചില സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സാമ്പത്തിക തട്ടിപ്പിന് അവസരം നല്‍കുകയാണ്. കണ്ടല്‍ കാടുകള്‍ വില്‍പ്പന നടത്തുന്നതും നശിപ്പിക്കുന്നതും കുറ്റകരമാണ്. ഇത് വില്‍പന നടത്താന്‍ കൊള്ളാവുന്നതാണെന്ന് വ്യാജരേഖ പടച്ചുണ്ടാക്കിയ കോഴിക്കോട് മുന്‍ ജില്ലാ കളക്ടറുടേയും സര്‍ക്കാര്‍ ഭരിക്കുന്ന മുഖ്യ പാര്‍ട്ടിയുടെ ചില നേതാക്കളുടേയും കള്ളക്കളി പുറത്തുവരേണ്ടതുണ്ട്. ഇത്തരം ഭൂസ്വത്ത് വാങ്ങുമ്പോള്‍ രണ്ട് ദേശീയ പത്രത്തിലെങ്കിലും മാസങ്ങള്‍ക്കുമുമ്പ് പരസ്യപ്പെടുത്തണമെന്ന നടപടി ക്രമങ്ങളൊന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. കാന്തപുരവും ഭരിക്കുന്ന പാര്‍ട്ടിയിലെ ചില നേതാക്കളും നടത്തുന്ന ഈ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്വത്ത് ചില ഭൂമാഫിയകള്‍ തട്ടിയെടുക്കുന്നത് തടയാനും കുറ്റമറ്റ രീതിയില്‍ അന്വേഷണം വേണം. അതിനായി കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

വാര്‍ത്താ സമ്മേളനം നടത്തിയവര്‍
സി.എച്ച്. മഹമൂദ് സഅദി (എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്)
നാസര്‍ ഫൈസി കൂടത്തായി (എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി)
പി.സി. കുഞ്ഞാലന്‍ കുട്ടി ഫൈസി (എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്)
സുബൈര്‍ കുറ്റിക്കാട്ടൂര്‍ (എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി)
- SKSSF STATE COMMITTEE