'മദ്‌റസാ അധ്യാപകര്‍ക്കായി ഒരു ദിനം' വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം : ഉത്തമ തലമുറയെ വാര്‍ത്തെടുത്ത് മുസ്‌ലിം സമുദായത്തിന് സമര്‍പിക്കുന്ന സേവനത്തിലുള്ളവരാണ് മദ്‌റസാ മുഅല്ലിംകള്‍. ഒരു ലക്ഷത്തിലധികം മുഅല്ലിംകളാണ് ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ തൊണ്ണൂറ് ശതമാനവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളിലാണ് സേവനം നിര്‍വ്വഹിക്കുന്നത്.
ബോധന പാഠവമോ വേതന വ്യവസ്ഥകളോ ഇല്ലാതിരുന്ന ഈ സേവനസമൂഹത്തെ ശാസ്ത്രീയമായ ബോധനരൂപവും അധ്യാപന ശീലനവും നല്‍കി ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അവരെ പ്രാപ്തരാക്കി. മുഅല്ലിംകളുടെ വിജ്ഞാന, സാംസ്‌കാരിക, സാഹിത്യ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ക്ലാസുകളും കോഴ്‌സുകളും കലാസാഹിത്യ മേളകളും ഏര്‍പെടുത്തുകയും പ്രോത്സാഹനാര്‍ത്ഥം വിവിധതരം അലവന്‍സുകളും അവാര്‍ഡുകളും നടപ്പിലാക്കിയിട്ടുണ്ട്. 
ജീവിതച്ചെലവ് വര്‍ദ്ധിക്കുകയും വേതനം കാലോചിതം വര്‍ദ്ധിക്കാതിരിക്കുകയും ചെയ്തപ്പോള്‍ മദ്‌റസാധ്യാപകര്‍ സേവനരംഗം മാറാന്‍ തുടങ്ങി. ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഅല്ലിം സമൂഹത്തെ സാമ്പത്തികമായ സഹായിക്കുന്നതിനായി പലതരം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1975 മുതല്‍ കോഴ്‌സും സര്‍വ്വീസും പരിഗണിച്ച് 2500 രൂപ വരെ സര്‍വ്വീസ് ആനുകൂല്യവും 1978 മുതല്‍ മക്കളുടെ വിവാഹം, സ്വന്തം വീട്, ബന്ധപ്പെട്ടവരുടെ ചികിത്സ, മരണപ്പെട്ട മുഅല്ലിമിന്റെ കുടുംബ സംരക്ഷണം, മരണാനന്തര ക്രിയ തുടങ്ങിയവക്ക് നാലായിരം മുതല്‍ ഇരുപതിനായിരം രൂപ വരെയുള്ള സഹായവും, 1999 മുതല്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കി പിരിയുന്നവര്‍ക്ക് മാസാന്തം 600 രൂപ പെന്‍ഷന്‍, സര്‍വ്വീസില്ലാതെ സേവനം നിറുത്തുന്നവര്‍ക്ക് സമാശ്വാസമായി അവശസഹായം തുടങ്ങിയവ അതില്‍ ചിലതാണ്. കൂടാതെ സേവനരംഗത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രസ്ഥാനത്തിന്റെ സുവര്‍ണജൂബിലി സമ്മേളന സ്മാരകോപഹാരമായി  50 മുഅല്ലിംകള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ പ്രഖ്യാപനം നടത്തുകയും അതില്‍ പകുതിയോളം വീടുകള്‍ പണി പൂര്‍ത്തിയാക്കി താമസം തുടങ്ങുകയും മറ്റുള്ളവ പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

മദ്‌റസാ, വിദ്യാര്‍ത്ഥി, അധ്യാപക ക്ഷേമ-ഉന്നമന പ്രവര്‍ത്തികള്‍ക്കും പദ്ധതികള്‍ക്കുമായി കോടിക്കണക്കിന് രൂപയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷാവര്‍ഷം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഒരുദാഹരണം 2013-14 വര്‍ഷത്തില്‍ മുഅല്ലിം സര്‍വ്വീസ് ആനുകൂല്യം വകയില്‍ 44,54,800 രൂപ, ക്ഷേമനിധി ഇനത്തില്‍ 2,00,42,750 രൂപ, പെന്‍ഷന്‍ ഇനത്തില്‍ 34,70,500 രൂപ, മുഅല്ലിം മന്‍സില്‍ 66,00,000 രൂപ, വിവിധയിനം ഗ്രാന്റുകളായി 41,83,713 രൂപ, അധ്യാപക വിദ്യാര്‍ത്ഥികളുടെ അവാര്‍ഡ് ഇനത്തില്‍ 11,36,500 രൂപ എന്നിങ്ങനെ മൊത്തം 4,07,34,463 രൂപ ചെലവഴിക്കുകയുണ്ടായി.
കൂടാതെ വിദ്യാര്‍ത്ഥികളുടെ വിജ്ഞാന പുരോഗതി, കലാസാഹിത്യ ഉന്നമനം എന്നിവ ലക്ഷ്യമാക്കി കലാസാഹിത്യമേളകളും വിവിധതരം അവാര്‍ഡുകളും ഏര്‍പടുത്തിയിട്ടുണ്ട്. ഇതിനുപുറമെ മദ്‌റകളില്‍ ഉയര്‍ന്ന ക്ലാസുകള്‍ സ്ഥാപിക്കുന്നതിനായി സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി മദ്‌റകള്‍ക്ക് 1000, 1500 എന്നിവ ഗ്രാന്റും നല്‍കിവരുന്നു.

ഇങ്ങനെ ഭീമമായ ഒരു തുക ചെലവഴിക്കാന്‍ കഴിഞ്ഞത് നല്ലവരും ദീനീസ്‌നേഹികളുമായ നമ്മുടെ രക്ഷിതാക്കളുടെ ഉദാരതയും പ്രസ്ഥാന തല്‍പരരും സമുദായസ്‌നേഹികളുമായ മദ്‌റസാ മാനേജിങ് കമ്മിറ്റികളുടെയും മുഅല്ലിംകളുടെയും സഹകരണവും മൂലമാണ്. ഇതില്‍ നല്ലൊരു പങ്കും പാവപ്പെട്ട മുഅല്ലിംകളുടെ ക്ഷേമം മുന്‍നിര്‍ത്തി 2011 മുതല്‍ ആചരിച്ചുവരുന്ന മുഅല്ലിം ദിനത്തോടനുബന്ധിച്ചുനടക്കുന്ന ഫണ്ട് സമാഹരണത്തിലൂടെയാണ് എന്നത് ഏറെ ചരിതാര്‍ത്ഥ്യകരവുമാണ്.

ഈ വര്‍ഷത്തെ മുഅല്ലിം ദിനാചരണം, മഹല്ല് നേതൃയോഗം, പ്രാര്‍ത്ഥനാ സദസ്സ്, ഖബ്ര്‍സ്ഥാന്‍ കൂട്ടസിയാറത്ത്, മണ്‍മറഞ്ഞ മദ്‌റസാ മഹല്ല് നേതാക്കളെ അനുസ്മരിക്കല്‍, ജീവിച്ചിരിക്കുന്ന നേതാക്കളെയും സേവകരെയും ആദരിക്കല്‍, പഠനക്ലാസ്, ഖുര്‍ആന്‍ പാരായണം, വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്, ബുര്‍ദാ-മാലപ്പാട്ട് ആലാപന സദസ്സ് തുടങ്ങി ആകര്‍ഷകമായ പരിപാടികളോടെയാണ് ആചരിക്കുന്നത്. തുടര്‍ന്ന് തൊട്ടടുത്ത വെള്ളിയാഴ്ച അതത് മഹല്ല് ജുമുഅത്ത് പള്ളികള്‍, മദ്‌റസാ മഹല്ലുകള്‍, മറ്റു സഹൃദയര്‍ മുഖേന പാവപ്പെട്ട മുഅല്ലിംകളുടെ ക്ഷേമ സഹായ ഫണ്ടിലേക്ക് ധനസമാഹരണവും നടക്കുന്നു. 

മുഅല്ലി ഡെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ (13-11-2014) 9 മണിക്ക് പാണക്കാട് വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മുഅല്ലിംദിനം വന്‍ വിജയമാക്കണമെന്നും ലക്ഷ്യപൂര്‍ത്തീകരണത്തിനായി ബഹുജനങ്ങളെല്ലാം സഹകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനകൗണ്‍സില്‍ എക്‌സിക്യുട്ടീവ് അഭ്യര്‍ത്ഥിച്ചു.

ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,  ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്,   പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, സലാം ഫൈസി മുക്കം, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, സയ്യിദ് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, ബദ്‌റുദ്ദീന്‍ ദാരിമി ചിക്മഗുളുരു, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, നജീമുദ്ദീന്‍ മന്നാനി കൊല്ലം, ടി. അലി ഫൈസി കാസര്‍കോഡ്, അബ്ദുല്‍ ഖാദര്‍ ഖാസിമി, സൈഫുദ്ദീന്‍ സ്വലാഹി കന്യാകുമാരി, കെ.എല്‍. ഉമര്‍ ദാരിമി മംഗലാപുരം എന്നിവര്‍ സംസാരിച്ചു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ എം.അബൂബക്ര്‍ മൗലവി നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen