നോളജ്‌ സിറ്റിയില്‍ പുതിയ പള്ളിക്കെന്ന പേരില്‍ ഗള്‍ഫിലുടനീളം കാന്തപുരത്തിന്റെ പണപ്പിരിവ്‌

മനാമ:വ്യാജ കേശം സൂക്ഷിക്കാന്‍ 40 കോടി ചിലവില്‍ നിര്‍മ്മിക്കുമെന്ന്‌ പ്രഖ്യാപിച്ച മസ്‌ജിദുല്‍ ആസാറും ഇതിന്റെ പേരില്‍ പിരിച്ചെടുത്ത 40 കോടിയും വിസ്‌മൃതിയിലാഴ്‌ത്തി നോളജ്‌ സിററിയില്‍ പുതിയ പള്ളിക്കെന്ന പേരില്‍ ഗള്‍ഫുനാടുകളിലുടനീളം കാന്തപുരത്തിന്റെ തകൃതിയായ പണപ്പിരിവ്‌ നടക്കുന്നു.
കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ വിഘടിത വിഭാഗം സംഘടന നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ്‌ പുതിയ പള്ളിയെയും പിരിവിനെയും കുറിച്ച്‌ കാന്തപുരം തന്നെ വ്യക്തമാക്കിയതും സ്വീകരണ സമ്മേളനത്തില്‍ വച്ചു തന്നെ ലക്ഷക്കണക്കിന്‌ രൂപ ശ്രോതാക്കളെ കൊണ്ട്‌ ഓഫര്‍ ചെയ്യിച്ചതും. 
കര്‍ണ്ണാടക യാത്ര കഴിഞ്ഞെത്തിയ കാന്തപുരത്തിന്‌ സ്വീകരണം എന്ന പേരില്‍ ബഹ്‌റൈന്‍ ഐ.സി.എഫ്‌ ആണ്‌ കഴിഞ്ഞ ദിവസം മനാമ പാക്കിസ്ഥാന്‍ ക്ലബ്ലില്‍ പരിപാടി സംഘടിപ്പിച്ചത്‌. കാന്തപുരത്തിന്റെ മകന്‍ ഡോ.അബ്‌ദുല്‍ ഹകീം അസ്‌ഹരിയായിരുന്നു ഉദ്‌ഘാടകന്‍. 
മര്‍കസ്‌ നോളജ്‌ സിറ്റിയെയും മര്‍കസിനെയും പരിചയപ്പെടുത്തി അസ്‌ഹരി വിശദമായി സംസാരിച്ചെങ്കിലും പുതിയ പള്ളിയെ കുറിച്ച്‌ പരാമര്‍ശം നടത്തിയതും പിരിവെടുത്തതും കാന്തപുരമാണ്‌. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രഭാഷണ മധ്യെയാണ്‌ തങ്ങളുടെ ഗള്‍ഫ്‌ സന്ദര്‍ശനോദ്ധേശവും പുതിയ പള്ളിയുടെ സ്ഥലമേറ്റെടുക്കുന്നതിന്നാവശ്യമായ പണപ്പിരിവും വ്യക്തമാക്കി കാന്തപുരം സംസാരിച്ചത്‌.

നോളജ്‌ സിറ്റി പദ്ധതിയില്‍ സാധാരണക്കാര്‍ക്കു കൂടി പങ്കാളിത്തമുണ്ടാക്കാന്‍ ശരീഅ സിറ്റിയും തയ്യാറാക്കാന്‍ തീരുമാനമുണ്ടെന്നും നോളജ്‌ സിറ്റിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നിസ്‌കരിക്കാനുള്ള പള്ളിയും അവിടെ പണിയുന്നുണ്ടെന്നും അതിന്റെ സ്ഥലമേറ്റെടുക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട്‌ 10 മിനിറ്റോളം പ്രഭാഷണം നിര്‍ത്തിവെച്ചാണ്‌ കാന്തപുരം പണപ്പിരിവ്‌ നടത്തിയത്‌. പാവപ്പെട്ടവന്റെ ഒരു രൂപയാണെങ്കിലും താന്‍ സ്വീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചും സ്വദഖയുടെ മഹത്വം വിശദീകരിച്ചും സാധാരണക്കാരായ പ്രവാസികളില്‍ നിന്നു പോലും വന്‍ തുകകളാണ്‌ ഇവിടെ നിന്നു മാത്രം ഓഫര്‍ ചെയ്യിച്ചത്‌. 
ഇപ്രകാരം പുതിയ പള്ളിയുള്‍ക്കൊള്ളുന്ന ശരീഅ സിറ്റിക്കായി ബഹ്‌റൈനില്‍ നിന്നും ഒരു കോടി രൂപ സ്വരൂപിക്കാനാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തമാക്കിയ കാന്തപുരം ശേഷിക്കുന്ന തുക തങ്ങളുടെ സംഘടന മുഖേനെ ശേഖരിക്കണമെന്നു പറഞ്ഞാണ്‌ പ്രസംഗമവസാനിപ്പിച്ചത്‌.
ഇപ്രകാരം ജി.സി.സി രാഷ്‌ട്രങ്ങളിലുടനീളം സ്വീകരണ യോഗങ്ങളും മര്‍കസ്‌ പ്രചാരണ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ടെന്നും ദുബൈ, അബൂദാബി, കുവൈത്ത്‌, ഒമാന്‍ തൂടങ്ങിയ രാഷ്‌ട്രങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കുമെന്നും കാന്തപുരത്തോടൊപ്പമുള്ളവര്‍ 'സുപ്രഭാത'ത്തോട്‌ പറഞ്ഞു.
അതേ സമയം കാന്തപുരത്തിന്റെ പുതിയ പള്ളി പിരിവിലുള്ള നീരസം അണികള്‍ക്കിടയില്‍ തന്നെ പ്രകടമായിരുന്നു. പ്രഭാഷണ വേദിയില്‍ പണപ്പിരിവ്‌ തകൃതിയായി നടക്കുമ്പോള്‍ തന്നെ ചില വളണ്ടിയര്‍മാരുടെയും ശ്രോതാക്കളുടെയും മുഖത്തുള്ള മ്ലാനത വ്യക്തമായിരുന്നു. “മുമ്പും അവിടെ തന്നെയല്ലേ പള്ളിയും ടൌണ്‍ഷിപ്പുമെല്ലാം ഉണ്ടാക്കുമെന്ന്‌ പറഞ്ഞ്‌ നാല്‍പ്പതു കോടി രൂപ പിരിച്ചത്‌ ആ പള്ളി ഉണ്ടായിട്ടു പോലുമില്ലല്ലോ”? “മുമ്പ്‌ പിരിച്ചതിനെ കുറിച്ചൊന്നും പറയുന്നില്ലല്ലോ”? “ഇയാളെന്തിനാ ഈ പള്ളിയുടെ പേരില്‍ തന്നെ പിരിവ്‌ ചോദിച്ച്‌ ജനങ്ങളെ പറ്റിക്കുന്നത്‌” “ആ നാല്‍പതു കോടി പള്ളി ഉണ്ടാക്കിയാല്‍ അതു തന്നെ അവിടെ ധാരാളമല്ലേ”? തുടങ്ങിയ ചില കമന്റുസുകളോടെ സദസ്സ്‌ വിട്ടവരുമുണ്ടായിരുന്നു.. 
നേരത്തെ നാട്ടില്‍ വ്യാജ കേശവിവാദം കത്തി നില്‍ക്കുമ്പോഴായിരുന്നു ഉള്ളാള്‍ തങ്ങള്‍ക്കൊപ്പം കാന്തപുരം ബഹ്‌റൈന്‍ സന്ദര്‍ശിച്ചതും 40 കോടി ചിലവുള്ള ശഅ്‌റു മുബാറക്‌ പള്ളിക്കെന്ന പേരില്‍ കോടിക്കണക്കിന്‌ രൂപയുടെ പണപ്പിരിവ്‌ നടത്തിയതും. 
നാട്ടിലെ 1000 രൂപക്ക്‌ തുല്ല്യമായി ഒരാള്‍്‌ 10 ദിനാര്‍ വീതമാണ്‌ ബഹ്‌റൈനിലുടനീളം പിരിവ്‌ നടത്തിയത്‌.
തിരുകേശത്തിന്റെ പുണ്ണ്യം നേടാന്‍ കൂടുതല്‍ പേരെ പങ്കാളികളാക്കാമെന്ന കാന്തപുരത്തിന്റെ തന്നെ ഉപദേശമനുസരിച്ച്‌ നാട്ടിലുള്ളവരുടെയും മരണപ്പെട്ടവരുടെയും പേരില്‍ 10 ദിനാറുകള്‍ വീതം അധികം നല്‍കിയവരുമുണ്ട്‌. 
എന്നാല്‍ ശഅറു മുബാറക്‌ മസ്‌ജിദിനു പകരം പിന്നീട്‌ നോളജ്‌ സിറ്റിയില്‍ ടൌണ്‍ഷിപ്പുള്ള മസ്‌ജിദുല്‍ ആസാര്‍ നിര്‍മ്മിക്കുമെന്നായി ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇതിനായി സ്വപ്‌ന നഗരിയില്‍ വെച്ച്‌ തറക്കല്ലിടല്‍ കര്‍മ്മവും നടത്തിയിരുന്നു. 
എന്നാൽ പിന്നീട്  ഈ പള്ളി നിര്‍മ്മാണത്തില്‍ നിന്നും പിന്നോട്ടു പോയ കാന്തപുരം അത്തരമൊരു പള്ളി നിര്‍മ്മാണം തങ്ങളുടെ അജണ്ടയിലില്ലെന്ന്‌ ഒരു പ്രമുഖ വാരികക്ക്‌ നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. അതേസമയം ഇതിന്റെ പേരില്‍ നടത്തിയ വ്യാപകമായ പണപ്പിരിവിനെ കുറിച്ചോ പ്രസ്‌തുത പള്ളിയെ കുറിച്ചോ പരാമര്‍ശിക്കാതെയാണിപ്പോള്‍ നോളജ്‌ സിറ്റിയില്‍ പുതിയ ഒരു പള്ളി എന്ന പേരില്‍ കാന്തപുരം സ്വന്തം അണികളെ തന്നെ വിഢികളാക്കി പുതിയ ഒരു പിരിവുമായി രംഗത്തിറങ്ങിയിരിക്കുന്നതും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുടനീളം വ്യാപക പണപ്പിരിവ്‌ നടത്തുന്നതും.
അതിനിടെ, കഴിഞ്ഞ ദിവസം ഇവിടെ നടന്ന പത്ര സമ്മേളനത്തില്‍ പത്രക്കാരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനിടെ, “തിരുകേശത്തിന്റെ പേരിലുള്ള പള്ളിയുടെ ഉദ്‌ഘാടനമാകുമ്പോള്‍ നിങ്ങളെ അറിയിക്കാമെന്ന്‌” മാത്രം പറഞ്ഞ കാന്തപുരം തങ്ങളുടെ സന്ദര്‍ശനത്തിന്റെ മുഖ്യ ആവശ്യമായ ശരീഅ സിററിയെ കുറിച്ചോ പുതിയ പള്ളി നിര്‍മാണത്തെ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ലെന്നതും പുതിയ പണപ്പിരിവിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്‌. ഈ പത്ര സമ്മേളനത്തിലാണ് ഗുജറാത്ത് കലാപത്തെ കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ് ബി.ജെ.പി യോടുള്ള തന്റെ കൂറ് വ്യക്തമാക്കിയിരുന്നത്.(കടപ്പാട് -ലേഖകൻ സുപ്രഭാതം).