കേരള മുസ്ലിംകളുടെ ഉന്നമനത്തിന് കാരണം സമസ്തയുടെ ദീര്‍ഘവീക്ഷണം : കോട്ടുമല ബാപ്പു മുസ്ലിയാര്‍

കളമശ്ശേരി : മഹാരഥന്മാരായ പണ്ഡിതന്മാരുടെ ചിട്ടയായ പ്രവര്‍ത്തനമാണ് കേരള മുസ്ലിംകളുടെ അഭിമാനകരമായ ഉന്നമനത്തിന് സാഹചര്യം ഒരുക്കിയതെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ പ്രചരണാര്‍ത്ഥം കളമശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച ഹിദായ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ ദീര്‍ഘവീക്ഷണമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ പ്രകാശം പരത്താന്‍ സാധിച്ചത്. അതിന് സമസ്ത കണ്ട മാര്‍ഗ്ഗം വിദ്യാഭ്യാസ പ്രവര്‍ത്തനമായിരുന്നു. ഈ രംഗത്ത് എസ് കെ എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചക്ക് വേണ്ടി നാം ഓരോരുത്തരും സ്വയം സന്നദ്ധരാകണം. മതം പഠിക്കാനും പഠിപ്പിക്കാനും നാം തയ്യാറാകണം. അതിന് സാധിക്കാത്തവര്‍ മതപഠനത്തോട് സ്നേഹം പ്രകടിപ്പിക്കാനുള്ള മനസ്സ് കാണിക്കണമെന്നും ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ മുഹ്‍യദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. പാലക്കമുഗള്‍ ഖത്തീബ് ഖാരിഅ് മൊയ്തു നദ്‍വി, തൃക്കാക്കര ഖത്തീബ് അബ്ദുല്‍ ലത്തീഫ് വാഫി, മജ്‍ലിസുന്നൂര്‍ ജില്ലാഅമീര്‍ എം.എം. അബൂബക്കര്‍ ഫൈസി, എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി സി.എം. അബ്ദുറഹ്മാന്‍ കുട്ടി, വാഫിയ്യ കോളേജ് വര്‍ക്കിംഗ് സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, എം.ബി. അബൂബക്കര്‍ ഹാജി, എം.ബി. മുഹമ്മദ്, കെ.എ. യൂസഫ്, പി.എച്ച്. അജാസ്, നിയാസ് മുണ്ടംപാലം, റശീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന ചടങ്ങില്‍ എം.എം. ശംസുദ്ദീന്‍ ഫൈസി പതാക ഉയര്‍ത്തി.
- Faisal PM