ചെമ്പരിക്ക സി.എം ഉസ്താദ്; നീതി തേടി സോഷ്യല്‍മീഡിയ സമര രംഗത്ത്

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവും പ്രമുഖ പണ്ഡിതനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ സമര രംഗത്ത്.

നീതി നിഷേധത്തിന്റെ അഞ്ചാണ്ട് തികയാനിരിക്കെ സി.എം ഉസ്താദിനെ ഇല്ലാതാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ സമര രംഗത്ത് ഉറച്ച് നില്‍ക്കുമെന്ന ആഹ്വാനവുമായിട്ടാണ് ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ജസ്റ്റിസ് ഫോര്‍ സി എം ഉസ്താദ് എന്ന പേരില്‍ സമരം തുടങ്ങിയത്.

'സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പോരാട്ടത്തിന് തുടക്കം കുറിക്കുന്നു... ഇതില്‍ പങ്കാളികളാവുക', സി.എം അബ്ദുള്ള മൗലവിയെ കൊല ചെയ്തവര്‍ക്കുണ്ടണ്ടായ നേട്ടം എന്താണ് ? ആ കറുത്ത കരങ്ങള്‍ ആരുടെതാണ്? നിയമപാലകരും വേണ്ടണ്ടപ്പെട്ടവരും ഭയക്കുന്നത് ആരെയാണ് ? തുടങ്ങിയ സമരവാക്യങ്ങളും സജീവമാണ്.

സമരപരിപാടിയുടെ ഭാഗമായി ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. പേജ് തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ നാലായിരത്തിലധികം ലൈക്കും നേടിയിട്ടുണ്ട്. നിരവധി പോസ്റ്റുകളും കമന്റുകളും ഈ പേജില്‍ നിറയുന്നു.

വാട്‌സ്ആപ്പിലും ഇതിന്റെ ഭാഗമായി വന്‍ പ്രതിഷേധം നടക്കുന്നുണ്ട്. തങ്ങളുടെ പ്രെഫൈല്‍ പിക്ചറുകള്‍ മാറ്റി, സി.എം ഉസ്താദിന്റെ ചിത്രം പതിച്ചും പ്രതിഷേധിക്കുന്നവരുണ്ട്. ഗ്രൂപ്പ് ഐക്കണുകളും ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട്.

- Yoonus MP