നവീന പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിന്റെ കാരണം പ്രമാണങ്ങളുടെ ദുര്‍വ്യാഖ്യാനം : അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

മനാമ : ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികളുടെ ജീവിതത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും മാത്രമേ മനസ്സിലാക്കാവൂ എന്നും നവീന പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിനന്റെ കാരണം പ്രമാണങ്ങളുടെ ദുര്‍വ്യാഖ്യാനമാണെന്നും പ്രമുഖ പണ്ഡിതനും സുന്നി യുവജന സംഘം സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടത്തിയ ആദര്‍ശ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാല് മദ്ഹബുകളിലെ മതവിധികള്‍ സച്ചരിതരായ മുന്‍ഗാമികളുടെ ഫത്‌വകളും വ്യാഖ്യാനങ്ങളുമാണ്. മദ്ഹബ് സ്വീകരിക്കലാണ് ഖുര്‍ആനും സുന്നത്തും സ്വീകരിക്കാന്‍ ഇന്നുള്ള ഏക പ്രതിവിധി.

തിരുകേശ പള്ളി നിര്‍മാണം നടത്തുന്നില്ലെന്നും അങ്ങിനെ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ബഹറൈനില്‍ വന്നു തിരുകേശ പള്ളിനിര്‍മ്മാണം നടക്കുന്നു വെന്നും പറഞ്ഞ കാന്തപുരം ഇസ്‌ലാമിക പണ്ഡിതസമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സൈദലവി മുസ് ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്  സയ്യിദ് ഫക് റുദ്ധീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ്  എസ്.വി ജലീല്‍ ആശംസകള്‍ നേര്‍ന്നു. സത്യധാര ജെനറല്‍ മനേജര്‍ സുലൈമാന്‍ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. 36 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന സമസ്ത ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിക്കുള്ള ഉപഹാരസമര്‍പ്പണം അബ്ദുല്‍ ഹമീദ് ഫൈസി അംപലക്കടവ് നിര്‍വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും എസ്.എം.അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു. വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Samastha Bahrain