Tuesday, February 04, 2014

SYS സൗദി നാഷണല്‍ കമ്മിറ്റി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ ആദരിക്കുന്നു

റിയാദ് : പ്രമുഖ പണ്ഡിതനും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പട്ടിക്കാട് ജാമിഅ: നൂരിയ്യ പ്രിന്‍സിപ്പാളുമായ കെ. ആലിക്കുട്ടി മുസ്‌ലിയാരെ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ SYS സൗദി നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. സമസ്തയുടെയും, പോഷക സംഘടനകളുടെയും പ്രവര്‍ത്തനം കേരളത്തിന് പുറത്ത് വിശിഷ്യാ ഗള്‍ഫ് നാടുകളില്‍ പ്രചരിപ്പിക്കാന്‍ വഹിച്ച നേതൃപരമായ പങ്കും, SYS ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് സമസ്തക്കും, സമുദായത്തിനും നല്‍കിയ സേവനവും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി 14, 15, 16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീ ത്വയ്ബയില്‍ നടക്കുന്ന SYS അറുപതാം വാര്‍ഷിക സമ്മേളനവേദിയില്‍ വെച്ച് സമ്മാനിക്കും.
മക്ക ആസ്ഥാനമായ മുസ്‌ലിം വേള്‍ഡ്‌ലീഗ് (റാബിത) ല്‍ അംഗമായ ആലിക്കുട്ടി മുസ്‌ലിയാര്‍ ഇന്ത്യക്കകത്തും, വിദേശങ്ങളിലും അറിയപ്പെടുന്ന പണ്ഡിതനാണ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ ലിബിയ, മൊറോക്കോ, തുര്‍ക്കി, സനഗല്‍ ,
ഈജിപ്ത്, ഇറാഖ്, സിറിയ, തുടങ്ങിയ നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും, നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക് സെമിനാറുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 1986 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും, 1992 മുതല്‍ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. സമസത സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡണ്ട് എന്നീ പദവികളും വഹിക്കുന്നുണ്ട്. 1979 മുതല്‍ പട്ടിക്കാട് ജമിഅ: നൂരിയ്യ പ്രൊഫസറായ അദ്ദേഹം 2003 മുതല്‍ കോളേജ് പ്രിന്‍സിപ്പാളാണ്.
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പറായ അദ്ദേഹം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ , കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുതലായ ഔദ്യോഗിക പദവികളും വഹിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, ഭാഷകളില്‍ പ്രാവീണ്യമുള്ള ആലിക്കുട്ടി മുസ്‌ലിയാര്‍ ഡാറ്റാ നെറ്റ് ഇന്റര്‍നാഷണല്‍ , സുന്നി അഫ്കാര്‍ , അല്‍-മുഅല്ലിം, അന്നൂര്‍ (അറബി മാഗസിന്‍) എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററാണ്. അല്‍-മന്‍ഹല്‍ (അറബി-ഇംഗ്ലീഷ്-മലയാളം നിഘണ്ടു), പുണ്ണ്യ ഭൂമിയിലേക്ക്, ഇസ്‌ലാമിക മുന്നേറ്റം ആഗോള തലത്തില്‍ , മുസ്‌ലിം ലോകം, എന്നിങ്ങനെ ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കേരള സ്‌റ്റേറ്റ് മുസ്‌ലിം ഓര്‍ഫനേജ് കോഡിനേഷന്‍ കമ്മിറ്റി (കെ എസ് എം ഒ സി സി) വൈസ് പ്രസിഡണ്ട്, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം എഡുക്കേഷണല്‍ കോംപ്ലക്‌സ് മാനേജര്‍ , വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ വിദ്യാഭ്യാസ കോംപ്ലക്‌സ് സെക്രട്ടറി, പൊന്നാനി മൗനത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുല്‍ ഇസ്‌ലാം കോംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങിയ നിരവധി പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടായി സ്വദേശമായ മലപ്പുറം തിരൂര്‍ക്കാട് ഖാളിയായ ആലിക്കുട്ടി മുസ്‌ലിയാര്‍ നിലവില്‍ കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ഖാളി കൂടിയാണ്.
ജനനം 1945 ല്‍. 1968 ല്‍ ജാമിഅ: നൂരിയ്യയില്‍ നിന്നും ഫൈസി ബിരുദം നേടി. ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ , കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ , കെ. സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ , പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. പാണ്ഡിത്യവും, അര്‍പ്പണബോധവും, ലാളിത്യവും സമ്മേളിച്ച ആലിക്കുട്ടി മുസ്‌ലിയാര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗള്‍ഫ് നാടുകളിലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് സുപരിചിതനാണ്. പ്രവാസ ലോകത്ത് സമസ്തയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ മഹത്തായപങ്കാണ് അദ്ദേഹം വഹിക്കുന്നതെന്ന് കമ്മിറ്റി വിലയിരുത്തി.
പ്രസിഡണ്ട് ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കര്‍ ഫൈസി വെള്ളില, മൊയ്തീന്‍ കുട്ടി തെന്നല, (റിയാദ്), കെ എം എ ലത്തീഫ് ഹാജി, അബ്ദുല്‍ കരീം ബാഖവി പൊന്മള, ഹംസ ഹാജി മണ്ണാര്‍മല (മക്ക), സയ്യിദ് ഉബൈദുള്ള തങ്ങള്‍, ടി ച്ച് ദാരിമി മേലാറ്റൂര്‍ , അബൂബക്കര്‍ ദാരിമി താമരശ്ശേരി, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, നൗഷാദ് അന്‍വരി മോളൂര്‍ (ജിദ്ദ), സൈതലവി ഹാജി താനൂര്‍ , കബീര്‍ ഫൈസി പൂവ്വത്താണി (ദമാം), ബശീര്‍ ബാഖവി (ജുബൈല്‍) എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Aboobacker Faizy

No comments:

Post a Comment