ചരിത്രം കുറിച്ച സമ്മേളനത്തിന്റെ വിജയശില്‍പികളായി ഇവര്‍

സമീര്‍ ഹസന്‍

എസ്.വൈ.എസിന്റെ 60-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട്  ഉജ്വല പരിസമാപ്തി കുറിച്ചപ്പോള്‍ ആ സമ്മേളന നടത്തിപ്പിന്റെയും വിജയത്തിന്റെയും പിന്നിലെ സവിശേഷതകള്‍ ഏറെയാണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസര്‍കോട്ട് ഇത്രയും വലിയ സമ്മേളനം നടത്താന്‍ കഴിഞ്ഞു എന്നത് എസ്.വൈ.എസിനെ മാത്രമല്ല, മറ്റ് സംഘടനകളെയും, ഔദ്യോഗിക സംവിധാനങ്ങളെയും അത്ഭുതപ്പെടുത്തുക കൂടി ചെയ്തു. 
മൂന്ന് ദിവസമായി രാപകല്‍ വ്യത്യാസമില്ലാതെ ചെര്‍ക്കള ഇന്ദിരാനഗറിലെ സമ്മേളന നഗരിയായ വാദിതൈ്വബയിലേക്ക്പതിനായിരങ്ങളാണ്‌  അണമുറിയാതെ ഒഴുകിയെത്തിയത്. ഒന്നിനും ഒരു മുട്ടും തടസവും ഇല്ലാതെ നിറഞ്ഞ മനസോടെയാണ് സമ്മേളനത്തിനെത്തിയവരും നേതാക്കളും സമ്മേളന സ്ഥലത്ത് നിന്ന് മടങ്ങിപ്പോയത്. സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ച എക്‌സിബിഷന്‍ കാണികളുടെ തിരക്ക് പരിഗണിച്ച് രണ്ട് ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ഇത്രയും ജനങ്ങളെ ഉള്‍കൊള്ളാന്‍ തക്ക വേദി ഇന്ദിരാനഗറില്‍ ഒരുക്കിയെടുക്കാന്‍ സാധിച്ചു എന്നതും എസ്.വൈ.എസിന്റെ സംഘടനാ മികവ് തന്നെയാണ്. വാദിതൈ്വബ എന്ന് നാമകരണം ചെയ്ത വേദിയില്‍ സംസ്ഥാനത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങോട്ട് ഒഴുകിയെത്തിയ ആളുകള്‍ക്ക് പരിപാടികള്‍ വീക്ഷിക്കാനും നിസ്‌കാരം നിര്‍വഹിക്കാനും, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യം ഒരുക്കിയെന്നതും ചില്ലറ കാര്യമല്ല. 
ഇത്രയും ജനങ്ങള്‍ ഒഴുകിയെത്തിയിട്ടും കാസര്‍കോട് പോലെയുള്ള ഒരു പ്രദേശത്ത് യാതൊരു ക്രമസമാധാന പ്രശ്‌നമോ, വാഹന തടസമോ ഉണ്ടായില്ലെന്നതും എടുത്തുപറയേണ്ട സംഗതിയാണ്. സംഘടനാ നേതൃത്വത്തിന്റെയും ഉത്തരവാദിത്വ ബോധത്തോടെ ഊര്‍ജ്വസ്വലരായി പ്രവര്‍ത്തിച്ച ആയിരത്തോളം വരുന്ന വളണ്ടിയര്‍മാരുടെയും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് അതിന്റെ പിറകില്‍ എന്ന കാര്യത്തില്‍ സംശയമില്ല. തങ്ങളുടെ നാട്ടില്‍ നടക്കുന്ന മഹാസമ്മേളനത്തോട് അകമഴിഞ്ഞ് സഹകരിക്കാന്‍ നാട്ടുകാരും പോലീസും തയ്യാറായി എന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്. 
ഇതിനെല്ലാം പുറമെ കാസര്‍കോട്ടെ മത - സാമൂഹിക - രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യങ്ങളായ രണ്ട് വ്യക്തികള്‍ വഹിച്ച പങ്ക് പ്രത്യേകം ഊന്നിപ്പറയേണ്ടതാണ്. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി എന്നിവരാണ് ആ വ്യക്തികള്‍. സമ്മേളനത്തിന്റെ സ്ഥലം തീരുമാനിക്കുന്നത് മുതല്‍ ഞായറാഴ്ച രാത്രി വൈകി സമ്മേളനത്തിന് തിരശ്ശീല വീഴുന്നത് വരെ അവര്‍ കാണിച്ച ഉത്സാഹവും ജാഗ്രതയും ആണ് സമ്മേളന വിജയത്തിന് പിന്നിലെ വിസ്മരിക്കാനാവാത്ത വസ്തുത. 
ഖത്തര്‍ ഇബ്രാഹിം ഹാജിയും മെട്രോ മുഹമ്മദ് ഹാജിയും, സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമ്മദ് അല്‍ അസ്ഹരിയും നയിച്ച പൈതൃക പ്രചരണ യാത്ര ജില്ലയിലുടനീളം സമ്മേളനത്തിന്റെ സന്ദേശം എത്തിക്കുന്നത് മാത്രമായിരുന്നില്ല, അതിന്റെ വിജയം ഉദ്‌ഘോഷിക്കുന്നത് കൂടിയായിരുന്നു. ധിഷണാപരമായും സംഘാടക പാടവത്തിലൂടെയും മാത്രമല്ല, സാമ്പത്തികമായും സമ്മേളന വിജയത്തിന് അകമഴിഞ്ഞ് നേതൃത്വം വഹിച്ചവരായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജിയും മെട്രോ മുഹമ്മദ് ഹാജിയും. അതുകൊണ്ട് തന്നെ സംഘടനാ നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഈ രണ്ട് നേതാക്കന്‍മാരോടുള്ള കൂറും ആദരവും ഹൃദയത്തിന്റെ അകത്തളങ്ങളില്‍ കുടിയിരിക്കുന്നതായി മാറിയിട്ടുണ്ട്. 
സമ്മേളന നടത്തിപ്പ് സധൈര്യം ഏറ്റെടുക്കുകയും മാസങ്ങളോളം അതിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ഊണിലും ഉറക്കിലും ചിന്തിക്കുകയും മറ്റ് പരിപാടികളെല്ലാം മാറ്റിവെച്ച് ഇക്കാര്യത്തില്‍ മാത്രം സജീവമാവുകയും ചെയ്ത ഇരു നേതാക്കളുടെയും ആത്മാര്‍ത്ഥതയുടെയും നേതൃത്വ ശേഷിയുടെയും വിളംബരം കൂടിയായിരുന്നു ഈ സംസ്ഥാന സമ്മേളന വിജയഗാഥ. ഇരുവരുടെയും സേവനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും സംഘടന തന്നെ വിലയിരുത്തുന്നു. മറ്റ് നേതാക്കളുടെയും പ്രത്യേകിച്ച് ജില്ലയിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ
 സേവനത്തെ ഇവിടെ കാണാതിരിക്കുന്നില്ല.
തന്റെ തട്ടകമായ ചെര്‍ക്കളയിലേക്ക് നടാടെ എത്തിയ എസ്.വൈ.എസ് സംസ്ഥാന സമ്മേളനത്തെ വിജയിപ്പിക്കാന്‍ അനാരോഗ്യം അവഗണിച്ച് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടും മുന്‍മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ലയും കര്‍മ രംഗത്തിറങ്ങിയിരുന്നു. ഒരു ആതിഥേയന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് ഒന്നിനും ഒരുകുറവും വരാതിരിക്കാന്‍ അദ്ദേഹം സദാ ജാഗ്രത കാട്ടി. സമ്മേളനം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോള്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് പ്രകടമായ പുഞ്ചിരിയിലും തെളിച്ചത്തിലും ഒരു പങ്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കൊപ്പം മേല്‍പറഞ്ഞ നേതാക്കള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.
നാടിന്റെ മുക്കിലും മൂലയിലും സമ്മേളന സന്ദേശം എത്തിക്കാനും അതിന്റെ പതാക പറപ്പിക്കാനും ശാഖാ തലങ്ങളില്‍ നിന്നെല്ലാം പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും കഴിഞ്ഞു എന്ന പെരുമയും എസ്.വൈ.എസ് സമ്മേളനത്തിന് സമാപനമാകുമ്പോള്‍ ഓര്‍ത്തെടുക്കേണ്ട വിഷയങ്ങളാണ്. പണം ചിലവഴിച്ചാല്‍ മാത്രം ഒരു പരിപാടി വിജയിക്കണമെന്നില്ലെന്നും അതിന് ആസൂത്രിതമായ മുന്നൊരുക്കങ്ങളും ശാസ്ത്രീയമായ കാഴ്ചപ്പാടുകളും പ്രദേശികമായ സഹകരണവും കൂടി വേണമെന്നും ഇതര സംഘടനകള്‍ക്ക് ചിന്തിക്കാനും മാതൃകയാക്കാനും പറ്റിയ ഒരു സന്ദേശം കൂടി എസ്.വൈ.എസ് സമ്മേളനത്തിനുണ്ട്. 
കാട്ട് ചെടികളും മുള്‍പടര്‍പ്പുകളും ഉരുളന്‍ കല്ലുകളും നിറഞ്ഞ ഒരു പറമ്പിനെ ഒരു മൈതാനിയാക്കി മാറ്റാനും അവിടെ ലക്ഷങ്ങളെ വരവേല്‍ക്കാനും ഒരുക്കിയ സജീകരണങ്ങള്‍ പ്രത്യേകം പ്രശംസ പിടിച്ചുപറ്റുന്ന ഒന്നാണ്. സംസ്ഥാനത്തിന്റെ അങ്ങുനിന്ന് ഇങ്ങോളമുള്ള പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും അതോടൊപ്പം തന്നെ ദേശീയ പാതയില്‍ യാതൊരുവിധ വാഹന തടസവുമില്ലാതെ ശ്രദ്ധിക്കാനും സംഘാടകര്‍ ഒരുക്കിയ സജീകരണങ്ങള്‍ മികവുറ്റതാണ്. സമാപന സമ്മേളനത്തോടനുബന്ധിച്ച് ആളുകളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ അല്‍പ നേരം ചെര്‍ക്കള ദേശീയ പാതയില്‍ വാഹന തടസമുണ്ടായി എന്നതൊഴിച്ചാല്‍ മറ്റൊരു അനിഷ്ട സംഭവവും ഇത്തരം ബൃഹത്തായ ഒരു സമ്മേളനം നടത്തുമ്പോള്‍ ഉണ്ടായില്ല എന്നത് അഭിനന്ദനാര്‍ഹമാണ്. 
നാടിന്റെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും ശോഭനമായ ഭാവിക്ക് മുതല്‍ക്കൂട്ടാവുന്ന ധാരാളം പ്രമേയങ്ങളും വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുകയുണ്ടായി. അവയെല്ലാം നടപ്പിലാക്കുകയാണെങ്കില്‍ മത രംഗത്തും രാഷ്ട്രീയ രംഗത്തും നിലവിലുള്ള അസ്വാരസ്യങ്ങളും അനാരോഗ്യകരമായ പ്രവണതകളും നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ഫാസിസത്തിന് എതിരായും നാടിന്റെ ഐക്യവും സൗഹാര്‍ദവും, സമാധാനവും കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടിയും ആഹ്വാനം നല്‍കിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് കൂടിയായ സംഘടനാ സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചത്. ഇത് സംഘടനയുടെ രാജ്യ താല്‍പര്യവും സാമൂഹ്യ പ്രതിബദ്ധതയും രാഷ്ട്രീയ അവബോധവും വിളിച്ചോതുന്ന പ്രഖ്യാപനമായി. മത - ബൗധിക മേഖലകളില്‍ ദിശാബോധമുള്ള ഒരു സംഘടനയുടെ സംസ്ഥാന സമ്മേളനം വളരെ വിജയകരമായി കാസര്‍കോട്ട് നടത്താന്‍ കഴിഞ്ഞതിലും അതിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതിലും തീര്‍ച്ചയായും ഖത്തര്‍ ഇബ്രാഹിം ഹാജിക്കും, മെട്രോ മുഹമ്മദ് ഹാജിക്കും അഭിമാനിക്കുകയും ചാരിതാര്‍ത്ഥ്യം കൊള്ളുകയും ചെയ്യാം.
കേവലം ഒരു മത സംഘടനയല്ല എസ്.വൈ.എസ് എന്ന് സംഘടനയുടെ പ്രമേയങ്ങളും നേതാക്കളുടെ പ്രസംഗങ്ങളും പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാവും. ഈ മുന്നേറ്റം സുന്നീ സംഘടനകളുടെ ഐക്യത്തിലേക്ക് വഴികാട്ടിയായെങ്കില്‍ എന്നാശിക്കുകയാണ് പൊതു സമൂഹം.
Courtesy: Kasaragod Vartha