
സമന്വയ വിദ്യാഭ്യസം പ്രദാനം ചെയ്യുന്ന അനന്ത സാധ്യതകളുപയോഗിച്ച് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്ത രംഗത്ത് ചരിത്രം രചിക്കാന്‍ കര്‍മ്മസജ്ജരായ 461 യുവ പണ്ഡിതരാണ് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും ഹുദവി ബിരുദം ഏറ്റുവാങ്ങിയത്. 28 വര്‍ഷത്തെ വൈജ്ഞാനിക വിപ്ലവത്തിന്റെ നിറവില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയാവസ്ഥക്ക് ആസൂത്രിതമായ പരിഹാര പദ്ധതികളുടെ ആലോചനക്ക് വേദിയൊരുക്കിയ സമ്മേളനത്തില്‍ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥി പ്രതിനിധികളും നേതാക്കളും പങ്കുചേര്‍ന്ന് ദാറുല്‍ഹുദാ ചരിത്രത്തില്‍ പുതിയ ചരിത്രം തീര്‍ത്തു.
വിജ്ഞാനമാണ് സമൂഹത്തെ സംസ്‌കരിക്കുന്നതും പുരോഗതിയിലേക്ക് നയിക്കുന്നതുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമൂഹിക സമുദ്ധാരണത്തിന് പണ്ഡിതരുടെ പങ്ക് നിസ്‌തുലമാണെന്നും ദാറുല്‍ഹുദായുടെ ഇതര സംസ്ഥാന പദ്ധതികള്‍ക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദാറുല്‍ ഹുദാ പ്രൊ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നിര്‍വഹിച്ചു. വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. സമസ്‌ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.
മലേഷ്യന്‍ മതകാര്യ വകുപ്പ് മേധാവി ഹാജി അബ്‌ദുല്‍മുത്തലിബ് അബ്‌ദുറഹീം അല്‍ഹാഫിസ്, സഊദി കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്‌ദുല്ലാ സുലൈമാന്‍ സല്‍മാന്‍ അല്‍ മഅ്‌ശൂഖി എന്നിവര്‍ മുഖ്യാതിഥികാളായിരുന്നു.