ശജറത്തുത്ത്വൈബ: പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട പാഠം

വാദീ ത്വയ്ബ : പ്രകൃതി സ്‌നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പാഠങ്ങളിലേക്ക് പുതിയ നിറങ്ങള്‍ ചേര്‍ക്കുകയാണ് എസ്. വൈ. എസ് അറുപതാം വാര്‍ഷിക സമ്മേളനം. ശബ്ദ, പരിസ്ഥിതി മലിനീകരണത്തിന്റെ ശേഷിപ്പുകള്‍ തീര്‍ത്ത് രാഷ്ട്രീയ സാമൂഹിക സമസ്യകള്‍ മാത്രം ചര്‍വ്വിത ചര്‍വ്വണം നടത്തുന്ന മഹാസമ്മേളനങ്ങളുടെ പട്ടികയില്‍ നിന്ന് മാറിനില്‍ക്കുന്നു വാദീത്വയ്ബ. സമ്മേളനത്തിന്റെ ഭാഗമായി തുടക്കമിട്ട ശജറത്തുത്തൈ്വബ പദ്ധതിയും പ്രകൃതി സംരക്ഷണത്തിന്റെ ഇസ്‌ലാമിക മാനങ്ങള്‍ അവലോകനം ചെയ്യുന്ന സെഷനുമെല്ലാം പ്രകൃതിയോട് വിശ്വാസി സമൂഹത്തിനുള്ള ബാധ്യതയുടെ ഓര്‍മപ്പെടുത്തലായി.
ഓരോ മരവും ഒരു വരമാണെന്ന തിരിച്ചറിവാണ് ശജറത്തുത്തൈ്വബ എന്ന വൃക്ഷപരിപാലന പദ്ധതി നല്‍കുന്നത്. തൈ്വബ എന്നാല്‍ നന്മയെന്നര്‍ത്ഥം. നന്മയുടെ വസന്തം തീര്‍ത്ത മദീനയെയും ചരിത്രം ത്വയ്ബയെന്നു വിളിച്ചു. ഇവിടെ നാടുനീളെ ഫല വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിലൂടെ നിരന്തരമായ നന്മയുടെ പാഠങ്ങള്‍ നിലനിര്‍ത്തുകയാണ് ശജറത്തുത്തൈ്വബ (നന്മവൃക്ഷം) പദ്ധതി. ഓരോ റൈഞ്ചിലും അറുപത് ഫലവൃക്ഷങ്ങള്‍ വീതം നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സുന്നി യുവജന സംഘം ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിനു തുടക്കമായ പദ്ധതി വൈകാതെ സംസ്ഥാനത്തുടനീളം വ്യാപകമാവും. മരങ്ങള്‍ നട്ടുപിടിപ്പിക്കുക മാത്രമല്ല, നട്ടുപിടിപ്പിച്ച വൃക്ഷങ്ങള്‍ തടം കെട്ടി സംരക്ഷിക്കാന്‍ സ്ഥിരമായി ഒരു സംഘത്തെ ചുമതലപ്പെടുത്തുക കൂടിചെയ്യുന്നത് ശജറത്തുത്തൈ്വബയെ അനന്യമാക്കുന്നു.
മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ട സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതിലും എസ്. വൈ. എസ് സംഘാടകരുടെ ദീര്‍ഘ വീക്ഷണം പ്രകടമാണ്. ആശുപത്രി, സ്‌കൂള്‍ പരിസരങ്ങള്‍,ആരാധനാലയങ്ങള്‍ മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് നന്മവൃക്ഷങ്ങളുയരുക. മാവ്, പ്ലാവ് തുടങ്ങി ഫലവും തണലും നല്‍കുന്ന വൃക്ഷങ്ങള്‍ മാത്രമാണ് നട്ടുപിടിപ്പിക്കുക. സംസ്ഥാനത്തുടനീളം ഇത്തരം ആയിരക്കണക്കിന് വൃക്ഷങ്ങളുയരുമ്പോള്‍ പ്രകൃതി സംരക്ഷണത്തിന്റെ അതുല്യമായൊരു ദൗത്യം നിര്‍വ്വഹിച്ച സായൂജ്യത്തിലാവും എസ്. വൈ. എസ് പ്രവര്‍ത്തകര്‍.
ശജറത്തുത്തൈ്വബയില്‍ മാത്രമൊതുങ്ങുന്നില്ല വാദീ ത്വയ്ബയുടെ പ്രകൃതി പാഠങ്ങള്‍. സമ്മേളനത്തിന്റെ രണ്ടാം ദിവസം കാലികം സെഷനില്‍ പ്രകൃതി പരിസ്ഥിതി സംരക്ഷണം എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ച മുനീര്‍ ഹുദവി പാതിരമണ്ണയുടെ പ്രഭാഷണം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ഇസ്ലാമിന്റെ വിശാലമായ കാഴ്ചപ്പാടിലേക്ക് സദസ്സിനെ കൊണ്ടു പോയി. തണല്‍ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും നശിപ്പിക്കുന്നതിനെ കൊടിയ പാപമായിട്ടാണ് ഇസ്‌ലാം കാണുന്നതെന്ന് പ്രമാണങ്ങളെ സാക്ഷിനിര്‍ത്തി അദ്ദേഹം വ്യക്തമാക്കി.
മത,സാമൂഹിക, സാംസ്‌കാരിക സമസ്യകളോടൊപ്പം മൂന്നുദിവസത്തെ ക്യാമ്പില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രകൃതി സംരക്ഷണത്തിനും ഇടം നല്‍കിയതിലൂടെ മറ്റു സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാവുകയാണ് എസ്. വൈ. എസ്. വാദീതൈ്വബ ബാക്കി വെക്കുന്ന ഈ നല്ല പാഠങ്ങള്‍ വരും കാലത്തേക്കുള്ള ഊര്‍ജ്ജമാവുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.