ദാറുല്‍ ഹുദാ ബിരുദദാന സമ്മേളനത്തിന് ഇന്ന് സമാപ്തി. ഹിദായ നഗര്‍ ജനസാഗരമാകും

തിരൂരങ്ങാടി : ദേശീയ മുസ്‌ലിം സമുദ്ധാരണം ലക്ഷ്യമിട്ട് ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വേദിയായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പന്ത്രണ്ടാം ബിരുദദാന മഹാ സമ്മേളനത്തിന് ഇന്ന് പരിസമാപ്തിയാവും. സമാപന സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് ബിരുദദാന സമ്മേളനം നടക്കും. പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് പൂര്‍ത്തിയാക്കിയ 461 യുവപണ്ഡിതര്‍ക്ക് ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദം നല്‍കും. പ്രോ. ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിസി ഡോ. അബ്ദുസ്സലാം, എംജി വി.സി ഡോ. . വി ജോര്‍ജ്ജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിസി ഡോ. അബ്ദുല്‍ഖാദര്‍ മാങ്ങാട്, അലീഗര്‍ മലപ്പുറം ക്യാംപസ് ഡയറക്ടര്‍ ഡോ. കെ.എ സകരിയ തുടങ്ങിയവര്‍ സംബന്ധിക്കും.
രാത്രി ഏഴിന് നടക്കുന്ന സമാപന മഹാസമ്മേളനം നൈജീരിയയിലെ യോബ് പ്രവിശ്യ ഗവര്‍ണര്‍ ഡോ. ഇബ്രാഹീം ഗൈദാം ഉദ്ഘാടനം ചെയ്യും. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും. പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ബിരുദദാനപ്രഭാഷണവും വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, മലേഷ്യന്‍ ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഹാജി സുലൈമാന്‍ ദുമാങ്, മലേഷ്യന്‍ മതാകാര്യ വകുപ്പ് മേധാവി ഹാജി മുത്വലിബ് അബ്ദുര്‍റഹീം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കൂട്ടി മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
രാവിലെ പത്ത് മണിക്ക് ദാറുല്‍ ഹുദായിലെയും സഹസ്ഥാപനങ്ങളിലെയും നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ഗ്രാന്റ് അസംബ്ലിയും സ്റ്റുഡന്റ്‌സ് ഗാതറിംഗും നടക്കും.
പത്തു മണിക്ക് നടക്കുന്ന അലൂംനി മീറ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസിയും ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്ഥാന വസ്ത്രം വിതരണം ചെയ്യും.