ഹിദായ നഗര്‍ പാല്‍ക്കടലായി; ദാറുല്‍ ഹുദാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ഹിദായ നഗര്‍ ( തിരൂരങ്ങാടി) : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പന്ത്രണ്ടാം ബിരുദദാന സമ്മേളനത്തിനു സമാപനമായി. കേരള മോഡല്‍ മഹല്ല് സംവിധാനം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അവിടങ്ങളില്‍ പ്രാഥമിക മതപാഠ ശാലകളും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാനുള്ള പദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കേരളത്തിന് പുറത്തെ മത- സാമൂഹിക ശാക്തീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ മത-സാമൂഹിക-വൈജ്ഞാനിക ശാക്തീകരണ സംരംഭങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്ന വിവിധ പദ്ധതികളാണ് ത്രിദിന സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്.
സമന്വയ വിദ്യാഭ്യസം പ്രദാനം ചെയ്യുന്ന അനന്ത സാധ്യതകളുപയോഗിച്ച് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്ത രംഗത്ത് ചരിത്രം രചിക്കാന്‍ കര്‍മ്മസജ്ജരായ 461 യുവ പണ്ഡിതരാണ്
പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും ഹുദവി ബിരുദം ഏറ്റുവാങ്ങിയത്. 28 വര്‍ഷത്തെ വൈജ്ഞാനിക വിപ്ലവത്തിന്റെ നിറവില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയാവസ്ഥക്ക് ആസൂത്രിതമായ പരിഹാര പദ്ധതികളുടെ ആലോചനക്ക് വേദിയൊരുക്കിയ സമ്മേളനത്തില്‍ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥി പ്രതിനിധികളും നേതാക്കളും പങ്കുചേര്‍ന്ന് ദാറുല്‍ഹുദാ ചരിത്രത്തില്‍ പുതിയ ചരിത്രം തീര്‍ത്തു.
ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജ്ഞാനമാണ് സമൂഹത്തെ സംസ്‌കരിക്കുന്നതും പുരോഗതിയിലേക്ക് നയിക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സമുദ്ധാരണത്തിന് പണ്ഡിതരുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ഹുദായുടെ ഇതര സംസ്ഥാന പദ്ധതികള്‍ക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദാറുല്‍ ഹുദാ പ്രൊ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വഹിച്ചു. വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.
മലേഷ്യന്‍ മതകാര്യ വകുപ്പ് മേധാവി ഹാജി അബ്ദുല്‍മുത്തലിബ് അബ്ദുറഹീം അല്‍ഹാഫിസ്, സഊദി കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുല്ലാ സുലൈമാന്‍ സല്‍മാന്‍ അല്‍ മഅ്ശൂഖി എന്നിവര്‍ മുഖ്യാതിഥികാളായിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദു നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ.അഹ്മദ്, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരള വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ്, ഹാജി സുലൈമാന്‍ ദുമാങ് മലേഷ്യ, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സിറാജ് ഇബ്‌റാഹീം സേട്ട്, അബ്ദുസ്സമദ് പുക്കോട്ടൂര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, മാണിയൂര്‍ അഹ്മദ് മൗലവി, ടി.പി ഇപ്പ മുസ്‌ലിയാര്‍ ,കെ മരക്കാര്‍ മുസ്‌ലിയാര്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു യു.ശാഫി ഹാജി സ്വാഗതവും കെ.പി. ശംസുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയം സംപ്രേഷണം ചെയ്ത സമ്മേളനത്തിന്റെ കൂടുതൽ ഭാഗങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക