കേരളത്തിലെ മതവിദ്യഭ്യാസ രീതി ലോകത്തിന് മാതൃക : അഹമദ് സആദ

മലപ്പുറം : കേരളീയ മുസ്‌ലിം സമൂഹത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന് വിദ്യഭ്യാസ രീതി ലോകത്തിന് മാതൃകയാണെന്ന് ലണ്ടനിലെ ഇഹ്‌സാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഹാഫിള് അഹ്മദ് സആദ അല്‍ അസ്ഹരി അഭിപ്രായപ്പെട്ടു. മലപ്പുറം ഹില്‍ ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ SKSSF സില്‍വര്‍ ജൂബിലി കര്‍മ രേഖ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ധേഹം. പണ്ഡിതരും പൗരപ്രമുഖരും കൂട്ടായി നടത്തിയ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ കേരളത്തില്‍ ദൃശ്യമാണ്. മതബോധത്തിലൂന്നിയ പ്രവര്‍ത്തന പദ്ധതികളാണ് സ്ഥായിയായ സാമൂഹിക വികാസം സാധ്യമാക്കുകയാണെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇരുപത്തഞ്ചിന കര്‍മ പരിപാടികള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ മുണ്ടുപാറ, ഡോ. അബ്ദുറഹ്‍മാന്‍ ഒളവട്ടൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി എച്ച് ത്വയ്യിബ് ഫൈസി, എം പി കടുങ്ങല്ലൂര്‍, അബൂബക്കര്‍ ദാരിമി താമരശ്ശേരി, സലീം എടക്കര, സത്താര്‍ പന്തലൂര്‍ പ്രസംഗിച്ചു. ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദി പറഞ്ഞു.
- SKSSF STATE COMMITTEE