"മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം" - SKSSF സ്റ്റേറ്റ്‌ പ്രസിഡന്റ്‌ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എഴുതുന്നു..

പ്രവാചകര്‍ തിരുനബി(സ്വ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ റബീഉല്‍ അവ്വല്‍ സമാഗതമായിരിക്കുകയാണ്. നബി ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുകയും നബിയിലൂടെ അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ ശ്രദ്ധ നേടുകയും ലോകമെമ്പാടും ഇസ്‌ലാമിലേക്ക് സമാധാന ദാഹികളുടെ പ്രവാഹം ശക്തിപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് റബീഅ് വീണ്ടും എത്തിച്ചേര്‍ന്നിരിക്കുന്നത്. 
തിരുനബിയുടെ നിയോഗത്തിനു മുമ്പ് ലോകം അന്ധകാര നിബിഢമായിരുന്നു. അധര്‍മ്മത്തിന്റെ അടക്കി വാഴ്ച, സ്ത്രീപീഡനം, നിസാര കാര്യങ്ങള്‍ക്കു വേണ്ടിയുള്ള യുദ്ധം, മര്‍ദ്ദിത ചൂഷണം, മദ്യ പാനം ഇവയെല്ലാം ആ അന്ധകാരത്തിനു ശക്തി കൂട്ടി. സമ്പത്തും ശക്തിയും കുലവും മാഹാത്മ്യത്തിന്റെ മാനദണ്ഡങ്ങളായി കരുതപ്പെട്ടു. ഗോത്ര കലഹങ്ങളും വംശീയ കലാപങ്ങളും സര്‍വ്വസാധാരണമായിരുന്നു.
പ്രപഞ്ചനാഥനു പകരം സൃഷ്ടികളെ ആരാധിക്കുന്നവരായിരുന്നു ജനങ്ങള്‍. സ്ത്രീകള്‍ക്കെതിരെ ദുഷ്ടനീക്കങ്ങള്‍ നടത്തിയിരുന്ന ആ സമൂഹത്തില്‍ പെണ്‍കുട്ടി പിറന്നാല്‍ കോപം കാരണം മുഖത്ത് ഇരുള്‍ പരക്കുന്നവരും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നവരുമുണ്ടായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിരുന്ന അടിമകള്‍ ഏറെ പീഡനത്തിനിരയായിരുന്നു. നബിയുടെ ജന്മദേശമായ മക്കയും മക്കയുള്‍ക്കൊള്ളുന്ന അറേബ്യയും ഈ പതിതാവസ്ഥയുടെ പിടിയിലമര്‍ന്നിരിക്കുകയായിരുന്നു. മനുഷ്യനു മാര്‍ഗദര്‍ശനം നല്‍കുന്ന കൃത്യമായ ജീവിത സന്ദേശവുമായി വരുന്ന ഒരു ദൂതനു വേണ്ടി കേഴുകയായിരുന്നു ലോകം.
ഈ പശ്ചാത്തലത്തിലാണ് അന്ത്യപ്രവാചകര്‍ ഭൂജാതരാകുന്നത്. ചെറുപ്പത്തില്‍ തന്നെ സത്യസന്ധതയും വിശ്വസ്തതയും ജീവിതവിശുദ്ധിയും കാത്തു സൂക്ഷിച്ച തിരുദൂതരെ നാല്‍പതു വയസ്സിനു ശേഷം വിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധനത്തിനു വേണ്ടി അല്ലാഹു നിയോഗിച്ചു. അസാധാരണ സ്ഥൈര്യവും തീവ്രപ്രയത്‌നവും പൂര്‍ണ്ണക്ഷമയും ആവശ്യമുള്ള ദൗത്യമാണ് പ്രവാചകന്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.
ഇരുപത്തിമൂന്ന് വര്‍ഷത്തിനു ശേഷം അറേബ്യ ആകെ മാറി. യുദ്ധം സമാധാനത്തിന് വഴി മാറി. ഗോത്രവും വംശവും ജനങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ മാത്രമുള്ള മാനദണ്ഡമായി. തൊലിയുടെ വെളുപ്പും പണത്തിന്റെ പെരുപ്പവും മാഹാത്മ്യത്തിന്റെ അളവുകോലല്ലാതായി. അടിമകള്‍ ശാന്തി നേടി. ഏകാന്ത യാത്രയില്‍ പോലും സ്ത്രീ പീഡിപ്പിക്കപ്പെടില്ലെന്നായി. സമൂഹത്തിന്റെ മുന്നേറ്റപാതയില്‍ ബാധ്യത നിര്‍വ്വഹിക്കാന്‍ അവള്‍ യോഗ്യത നേടി. അസമത്വത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മാനവന്‍ മുക്തനായി. വിവിധ വംശക്കാരും ഭാഷക്കാരും ദേശക്കാരും പരസ്പരം ഹൃദയം തുറന്ന് സ്‌നേഹിക്കുന്ന സഹോദരങ്ങളായി. മദ്യപാനം നിലച്ചു. കാട്ടറബികള്‍ സംസ്‌കാര സമ്പന്നരായി. അജ്ഞതയുടെ അന്ധകാരം ജ്ഞാനത്തിന്റെ പ്രകാശത്തിനു വഴി നല്‍കി.

 വിജ്ഞാനദാഹം തീരാത്ത ഒരു സമൂഹത്തെയാണ് ലോകം പിന്നീട് കണ്ടത്. മദീനയില്‍ നിന്ന് ജ്ഞാനവെളിച്ചം പരിസരരാജ്യങ്ങളിലേക്കു വ്യാപിച്ചു. പിന്നെ യൂറോപ്പിലും ആഫ്രിക്കയിലും പരന്നു. ഇന്ത്യയിലേക്കും ചൈനയിലേക്കും ഒഴുകി. അറിവിനോടൊപ്പം ദൈവിക പിന്‍ബലമുള്ള ഒരു സംസ്‌കാരവും വളരുകയായിരുന്നു. അവസാനം തിരുനബി ദര്‍ശനം മനുഷ്യനെ ആധുനിക സമൂഹത്തോളമെത്തിച്ചു.
ഹ്രസ്വകാലം കൊണ്ട് രൂഢമൂലവും ദൂരവ്യാപകവുമായ ഒരു പരിവര്‍ത്തനം സാധ്യമായതിനു പിന്നില്‍ തിരുനബിയുടെ വ്യക്തിത്വം നിര്‍ണ്ണായക പങ്കു വഹിച്ചു. അവിടത്തെ സംസാരവും പ്രവര്‍ത്തന ശൈലിയും സാമൂഹിക ഇടപെടലുകളുമെല്ലാം യുക്തിപൂര്‍ണ്ണവും ആകര്‍ഷകവുമായിരുന്നു. വധിക്കാന്‍ വന്ന പലരെയും അംഗരക്ഷകരാക്കി മാറ്റി ആ വ്യക്തിത്വം. ഉണ്ണാനും ഉടുക്കാനുമൊന്നും വേണ്ടത്രയില്ലാതെ മദീനയുടെ ഭരണചക്രം തിരിച്ചു. കാരുണ്യം ജീവിതത്തില്‍ അലിയിച്ചു ചേര്‍ത്തു. മനുഷ്യനു മാത്രമല്ല; സസ്യജന്തുജാലങ്ങള്‍ക്കും കാരുണ്യം പകരാന്‍ അവിടുന്ന് അരുളി ചെയ്തു. പ്രകൃതി സ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ലോകത്തിനു സമര്‍പ്പിച്ചു. ദരിദ്രനും വിധവയും അനാഥനും അടിമയും ആ വഴികളിലൂടെ വളര്‍ച്ചയിലേക്കു നടന്നു കയറി.

തിരുനബിയിലെ വിമോചകന്‍ പ്രവര്‍ത്തിച്ചത് നമ്മുടെ നശ്വരമായ ഭൗതിക ജീവിതത്തില്‍ മാത്രമല്ല. അനശ്വരമായ മരണാനന്തര ജീവിതം അപകടമുക്തമാക്കുക കൂടിയായിരുന്നു പ്രവാചകന്‍. അനന്തമായ ആ ജീവിതത്തിലെ സമാധാന പൂര്‍ണ്ണതയിലേക്കാണ് തിരുനബി നമ്മെ കൈ പിടിച്ചുയര്‍ത്തിയത്.

ലോകാനുഗ്രഹിയുടെ ഈ വിശിഷ്ട സേവനത്തിന്റെ ഗുണഭോക്താക്കളാണ് നാം. എന്താണ് നാം പകരം നല്‍കേണ്ടത്? ജീവിതത്തിലെ വഴികാട്ടിയായി നബിയെ കാണുക. അല്ലാഹുവിനും റസൂലിനും വേണ്ടി മറ്റെല്ലാം അവഗണിക്കുക. മാതാപിതാക്കള്‍, മക്കള്‍, ബന്ധുക്കള്‍, ഇണകള്‍, വീട്, സ്വത്ത്, കച്ചവടം തുടങ്ങി നാം നെഞ്ചോടു ചേര്‍ത്തുവെക്കുന്നതെന്തും റസൂലിനോടുള്ള സ്‌നേഹത്തിനു മുന്നില്‍ സമര്‍പ്പിക്കുക. ഇതു ഖുര്‍ആന്റെ ഉല്‍ബോധനമാണ്.‘'അല്ലാഹു, റസൂല്‍(സ്വ), അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മ്മ സമരം ഇവയേക്കാള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടത് പിതാക്കളോ, ഭാര്യമാരോ, സഹോദരങ്ങളോ, കുടുംബമോ, സൂക്ഷിച്ചു വെച്ച --സ്വത്തോ, നഷ്ടം വരുമോ എന്നു ഭയപ്പെടുന്ന കച്ചവടമോ, സംതൃപ്തിയടയുന്ന വീടുകളോ ആണെങ്കില്‍ അല്ലാഹു തന്റെ കല്‍പനയുമായി വരുന്നത് കാത്തിരിക്കുക.- സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍(അവ.ചന്ദ്രിക).