കെ.എം. അലാവുദ്ദീന്‍ ഹുദവി ഖത്തറിലേക്ക്

മലപ്പുറം : ഖത്തര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജ് സംഘടിപ്പിക്കുന്ന അന്തര്‍ ദേശിയ അറബിക് സെമിനാറില്‍ മലപ്പുറം പുത്തനഴി സ്വദേശി കെ.എം. അലാവുദ്ദീന്‍ ഹുദവി പങ്കെടുക്കും. ഏപ്രില്‍ അവസാനവാരം ദോഹയില്‍ നടക്കുന്ന രാജ്യാന്തര സെമിനാറില്‍ അറബിക് ഭാഷ അധ്യാപന രീതിയിലെ നവ സിദ്ധാന്തങ്ങള്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കുന്ന സെമിനാറിലെ ഏക ഇന്ത്യന്‍ പ്രതിനിധിയാണ് കെ.എം. അലാവുദ്ദീന്‍ ഹുദവി. കേരള സര്‍ക്കാറിന്‍റെ സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഭവന്‍ സംസ്ഥാന തലത്തില്‍ നടത്തിയ മലയാള പ്രബന്ധ രചന മത്സരത്തിലും സൌത്ത് ഇന്ത്യന്‍ ബാങ്ക് ദേശീയ തലത്തില്‍ നടത്തിയ ഇംഗ്ലീഷ് പ്രബന്ധ രചന മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇദ്ദേഹം കെ. മൌയ്തു മൌലവി സാഹിത്യ അവാര്‍ഡ്, പി.എം. ഫൌണ്ടേഷന്‍ സാഹിത്യ അവര്‍ഡ്, പുരോഗമന കലാ സാഹിത്യ സംഘം ചെറുകഥാ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് പഠന വിഭാഗം റിസര്‍ച്ച് വിദ്യാര്‍ത്ഥിയാണ്.