കേരളത്തിന്റെ മതസൗഹൃദം ലോകത്തിന് മാതൃക- ഹൈദരലി തങ്ങള്‍

പെരിന്തല്‍മണ്ണ: ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഏറെ സഹിഷ്ണുത യോടെയാണ് കേരളത്തില്‍ കഴിഞ്ഞു വരുന്നതെന്നും ഈ സൗഹൃദം ലോകജനതയ്ക്ക് മാതൃകയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങള്‍ ഒട്ടുമിക്ക മത പണ്ഡിതര്‍ക്കും ഉപരിപഠനം അസാധ്യമാക്കിയ സാഹചര്യത്തിലാണ് ജാമിഅ നൂരിയ്യ പിറവിയെടുത്തത്. കേരളത്തിലെ ഭൂരിഭാഗം പള്ളികള്‍ക്കും ആയിരക്കണക്കിന് ഇസ്‌ലാമിക മത പഠന കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ജാമിഅയുടെ സന്തതികളായ ഫൈസിമാരാണെന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന് ഇവിടുത്തെ മുസ്‌ലിം ആത്മീയ നേതൃത്വത്തിന്റെ അമരക്കാരെന്ന നിലയില്‍ ഫൈസിമാരുടെ സേവനം വിലമതിക്കാനാ വാത്തതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും സൗദിഅറേബ്യയും തമ്മില്‍ സൗഹൃദബന്ധമാണ് നിലനില്‍ക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഇന്ത്യയിലെ സൗദി അറേബ്യന്‍ അംബാസഡര്‍ ഡോ. സഊദ് മുഹമ്മദ് അസ്സാതി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സൗദിസന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ നാഴികക്കല്ലായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറെ മലയാളികള്‍ ഉള്ള രാജ്യമായതിനാല്‍ കേരളത്തോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയ്ക്ക് ഏറെ വെല്ലുവിളികളാണ് നേരിടാനുള്ളതെന്നും വികാരമല്ല മറിച്ച് വിവേകമാണ് ഇവരെ നയിക്കേണ്ടതെന്നും മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രസഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ഉത്തമ സമുദായത്തെ സൃഷ്ടിക്കുന്നത് ഉത്തമ സമൂഹത്തെ വളര്‍ത്തുന്നതിന് സഹായിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹൈദരലിതങ്ങള്‍, സാദിഖലി തങ്ങള്‍, കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് ബഹ്‌റൈന്‍ സര്‍ക്കാരിന്റെ ഉപഹാരം പാര്‍ലമെന്റ് അംഗങ്ങളായ അഹമ്മദ് അബ്ദുള്‍ ജാസിം ഖറാത്ത, ഹസ്സന്‍ ഈദ് അല്‍ ബുഖമ്മസ് എന്നിവര്‍ സമ്മാനിച്ചു.

സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. തുര്‍ക്കി പ്രതിനിധികളായ ബിലാല്‍ അക്കിക്കോസ്, ശഅബാന്‍ കുക്ക്, ഒമാനില്‍ നിന്നുള്ള ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, അബ്ദുറസാഖ് റജബ് ആബിദീന്‍, അബ്ദുല്ല മുഹമ്മദ് ഖല്‍ഫാന്‍, സ്വാലിഹ് ബിന്‍ സഈദ് അലി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി. അബ്ദുള്‍ ഹമീദ്, എം.എല്‍.എ.മാരായ അഡ്വ. എം. ഉമ്മര്‍, എന്‍. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.