അറിവിന്റെ അനുഭവ ലോകം തീര്‍ത്ത് സ്റ്റെപ്പ് സിവില്‍ സര്‍വ്വീസ് പരിശീലന ക്യാമ്പ്

മലപ്പുറം: അറിവിന്റെയും അനുഭവങ്ങളുടെയും പുതിയ ലോകം സൃഷ്ടിച്ച് എസ്.കെ. എസ്.എസ്.എഫ് ട്രെന്റിന് കീഴില്‍ നടന്ന ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ശ്രദ്ധേയമായി. പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിങ്ങ് കോളേജ് ക്യാമ്പസിലാണ് ട്രെന്റിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയായ സ്റ്റെപ് അംഗങ്ങള്‍ക്കായി ചൊവ്വാഴ്ച മുതല്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് നടന്നത്. ഝാര്‍ഖണ്ട് ജില്ലാ കളക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രെന്റ് നടത്തിയ പ്രത്യേക പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സ്റ്റെപ് പദ്ധതിയുടെ ഭാഗമായി തുടര്‍ പരിശീലനം നേടുന്ന പ്രസ്തുത വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസ് പരിശീലന രംഗത്തെ പ്രഗത്ഭരായ ഫാക്കല്‍റ്റികള്‍ക്കൊപ്പം വിജ്ഞാനത്തിന്റെ പുതിയ പടവുകളിലേക്ക് ചുവടു വെച്ച് കയറി. റോഡ് ടു സക്‌സസ് സെഷനില്‍ കേരള ടൂറിസം ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസുമായി നടത്തിയ അഭിമുഖം വിദ്യാര്‍ത്ഥികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. കോ-ഓഡിനേറ്റര്‍ റഷീദ് കോടിയൂറയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ മെന്റേര്‍സ് ടീം ആണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
ക്യാമ്പിന്റെ ഭാഗമായി നടന്ന വിവിധ സെഷനുകളില്‍ റബി ഹശ്മി ഐ.ഐ.എസ്, ഡോ:സുബൈര്‍ ഹുദവി, എസ്.വി മുഹമ്മദലി, പി.കെ നിംഷിദ്, നവാസ് കുറ്റ്യാടി, നിഹാസ് എം, മുനീര്‍ കൊണ്ടോട്ടി, സാലിം ഫൈസി കൊളത്തൂര്‍, കെ.പി ആശിഫ് ക്ലാസെടുത്തു. സര്‍ഗ സന്ധ്യ സെഷനില്‍ നവാസ് പാലേരി കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമാപന സെഷന്‍ എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു