മനാമ: മലപ്പുറം ജില്ലയിലെ പട്ടിക്കാട് ഫൈസാബാദില്‍ നടന്ന ജാമിഅ: നൂരിയ്യ: അറബിക് കോളേജ് 51–ാം വാര്‍ഷിക 49–ാം സനദ് ദാന സമ്മേളനത്തില്‍ പങ്കെടുത്ത് ബഹ്‌റൈനില്‍ തിരിച്ചെത്തിയ ബഹ്‌റൈന്‍ എം.പിമാര്‍ക്ക് ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ജാമിഅ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വ്യാഴാഴ്‌ച ബഹ്‌റൈനില്‍ നിന്നും പുറപ്പെട്ട ബഹു. അഹ്‌മദ് അബ്‌ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി, ബഹു. ഹസന്‍ ഈദ് ബുഖമ്മാസ് എം.പി എന്നിവരാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. ബഹ്‌റൈന്‍ സമസ്‌ത ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദാജിക്കു പുറമെ പ്രമുഖ ഫോട്ടോഗ്രാഫര്‍ അന്‍വര്‍ മൊയ്‌തീനും ഇവരെ അനുഗമിച്ചിരുന്നു.
സമ്മേളനത്തില്‍ വെച്ച് ബഹു.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്ക മുള്ളവര്‍ക്ക് ബഹ്‌റൈന്റെ ഉപഹാരം സമര്‍പ്പിക്കുകയും ബഹ്‌റൈനിലെ പ്രവാസി മലയാളികളെ പ്രകീര്‍ത്തിക്കുകയും ചെയ്‌ത ഇരുവരുടെയും പ്രഭാഷണങ്ങള്‍ സമ്മേളനത്തില്‍ ശ്രദ്ധേയമായിരുന്നു. അതു കൊണ്ടു തന്നെ ഇരു എം.പിമാരുടെയും തിരിച്ചു വരവ് ഇരു സമയങ്ങളിലായിട്ടു കൂടി ഇവരെ സ്വീകരിക്കാന്‍ ഇരു സമയത്തും ധാരാളം പേര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
എയര്‍പോര്‍ട്ടിലെ സ്വീകരണചടങ്ങിന് സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എസ്.എം.അബ്‌ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൌലവി വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.