സാമൂഹിക നവോത്ഥാനത്തില്‍ മദ്‌റസകളുടെ സംഭാവന നിസ്തുലം: അബ്ബാസലി തങ്ങള്‍

തൊട്ടി മഅ്ദിനുല്‍ ഉലൂം മദ്‌റസ കമ്പ്യൂട്ടര്‍ ആന്റ്
സയന്‍സ് ലാബ് ഉല്‍ഘാടനം പാണക്കാട് സയ്യിദ്
അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു. 
പളളിക്കര: കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് മദ്‌റസകള്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിക്കുന്നുവെന്ന് എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പട്ടു. തൊട്ടി മഅ്ദിനുല്‍ ഉലൂം മദ്‌റസ നവീകരണ പദ്ധതി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികവും സാംസ്‌കാരികവുമായ അപചയങ്ങളുടെ കാലത്ത് ധാര്‍മ്മിക വിദ്യാഭ്യാസത്തിന് സമൂഹത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും മദ്‌റസകള്‍ ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണെന്നും തങ്ങള്‍ പറഞ്ഞു. 
വിവര സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവം ആഗോള വിദ്യാഭ്യാസ രംഗത്ത് അനുദിനം മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ട്. ഇത്തരം മാറ്റങ്ങളുടെയും പ്രവണതകളുടെയും പ്രയോജനം മദ്‌റസകളിലേക്ക് കൂടി വ്യാപിപ്പിക്കണം. ഭൗതിക വിദ്യാഭ്യാസ മേഖലയെ മുസ്‌ലിം സമുദായം കൂടുതല്‍ ക്രിയാത്മകമായി സമീപിക്കണം, തങ്ങള്‍ പറഞ്ഞു. 
ചടങ്ങില്‍ പത്താം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിദ് അന്‍സ്വഫ് തൊട്ടിയെ ആദരിച്ചു.
തൊട്ടി ജമാഅത്ത് പ്രസിഡന്റ് സ്വാലിഹ് മാസ്റ്റര്‍ തൊട്ടി അധ്യക്ഷത വഹിച്ചു. കെ.എം.അബ്ദുല്‍ റഹ്മാന്‍ ഹാജി, ബാങ്ക് മുഹമ്മദ് കുഞ്ഞി ഹാജി, തൊട്ടി സ്വാലിഹ് ഹാജി, ടി.അബ്ദുല്‍ ഖാദര്‍, മുക്കൂട് മുഹമ്മദ് കുഞ്ഞി, എം.എ.ലത്തീഫ്, ശറഫുദ്ദീന്‍ നിസാമി പ്രസംഗിച്ചു.
അബ്ദുളള മുസ്‌ലിയാര്‍ ഞെക്ലി, ഹംസ മുസ്‌ലിയാര്‍, ശരീഫ് ഹുദവി, ശുഐബ് അബ്ദുല്‍ ഖാദര്‍ അബ്ദുളള, ഹാശിര്‍ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ഹുദവി തൊട്ടി, ബദ്‌റുദ്ദീന്‍ ഹുദവി, അബ്ദുന്നൂര്‍ ഹുദവി, ഖുസൈമ പങ്കെടുത്തു.