കുമരംപുത്തൂര്‍ ഉസ്താദിന്റെ മകനെ വിഘടിത നേതാവ് ക്രൂരമായി മര്‍ദിച്ചു

വിവിധ SKSSF കമ്മിറ്റികളും മദ്രസ മാനേജ്‌മെന്റ്, സ്റ്റാഫ് കൗണ്‍സിലും
 മഹല്ലു നിവാസികളും അക്രമത്തില്‍ ശക്തമായി പ്രതിഷേധിച്ചു
പെരുവള്ളൂര്‍ : സമസ്ത ഉപാധ്യക്ഷന്‍ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ മകനും മദ്രസാധ്യാപകനുമായ  അബ്ദുല്‍ വാജിദ് ഫൈസിയെ വിഘടിത വിഭാഗം നേതാവ് ശറഫുദ്ദീന്‍ തങ്ങള്‍ ജമലുല്ലൈലി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മുഖത്തും നെഞ്ചിനും നാഭിക്കും പരിക്കേറ്റ ഫൈസി തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ പത്തുമണിക്കാണ് സംഭവം. വടക്കയില്‍മാട് ദാറുസ്സലാം സെക്കണ്ടറി മദ്രസയിലെ അധ്യാപകനായ ഫൈസി മദ്രസ കഴിഞ്ഞ് നടന്നുവരുന്ന സമയം ശറഫുദ്ദീന്‍ തങ്ങള്‍ തന്റെ വാഗ്‌നര്‍ കാറില്‍ കയറ്റുകയായിരുന്നു. മുന്‍പരിചയമില്ലാത്തതിനാല്‍ ഫൈസി ഇയാളോട് ആരാണെന്നും എന്തിനാണ് തന്നെ കാറില്‍ കയറ്റിയതെന്നും ചോദിച്ചു.
 "നീ ഇ.കെ സമസ്തയുടെ മദ്രസയിലെ അധ്യാപകനല്ലെയെന്നും മണ്ണാര്‍ക്കാട്ട് എന്തിനാണ് തങ്ങളുടെ പ്രവര്‍ത്തകരെ കൊലചെയ്തതെന്നും" ചോദിച്ച് ശറഫുദ്ദീന്‍ തങ്ങള്‍ കയര്‍ക്കുകയായിരുന്നു.എന്നാല്‍ അതൊരു കുടുംബ പ്രശ്‌നമല്ലെ എന്നു മറുപടി പറഞ്ഞ വാജിദ് ഫൈസിയോട് നിങ്ങള്‍ എന്തിനാണ് തങ്ങളുടെ നേതാവ് കാന്തപുരത്തിനെ കുറ്റംപറയുന്നതെന്നും മുടിവിഷയത്തില്‍ തങ്ങളെ എതിര്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് ദേഷ്യപ്പെടുകയും ചെയ്തു.
എന്നാല്‍ തനിക്ക് നിങ്ങളെ അറിയില്ലെന്നും തന്നെ കാറില്‍ നിന്നു ഇറക്കണമെന്നും പറഞ്ഞ വാജിദ് ഫൈസിയെ പറമ്പില്‍പീടികയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിയാണ് വിഘടിത നേതാവ് ക്രൂരമായി മര്‍ദിച്ചത്. മുഖത്ത് അടിക്കുകയും നെഞ്ചിനു കുത്തുകയും ചെയ്ത ഫൈസിയെ ഇയാള്‍ നാഭിക്കു ചവിട്ടി. രക്ഷപ്പെടാന്‍ വേണ്ടി ഓടിയപ്പോള്‍ പിന്തുടര്‍ന്ന് പിറകില്‍ ചവിട്ടിവീഴ്ത്തുകയായിരുന്നു.
സംഭവം കണ്ടു ഓടിയെത്തിയ ഒരാളാണ് ഇയാളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് വിഘടിത നേതാവ് അക്രമം അഴിച്ചുവിട്ടതെന്ന് വാജിദ് ഫൈസി പറഞ്ഞു. തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ചു മഹല്ല് നിവാസികള്‍ പറമ്പില്‍പീടികയില്‍ പ്രകടനം നടത്തി. വിഘടിത നേതാവിന്റെ ക്രൂര മര്‍ദനത്തില്‍ പെരുവള്ളൂര്‍ റൈഞ്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യാതൊരു പ്രകോപനവുമില്ലാതെ മദ്രസാധ്യാപകനെ അക്രമിച്ച വിഘടിത നേതാവിന്റെ ചെയ്തിയില്‍ തിരൂരങ്ങാടി മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധിച്ചു. പ്രസിഡന്റ് സുലൈമാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദലി പുളിക്കല്‍, റഫീഖ് സിദ്ദീഖാബാദ്, ത്വാഹാ ദാരിമി,അദ്‌നാന്‍ ഹുദവി പ്രസംഗിച്ചു.
പറമ്പില്‍പീടിക ക്ലസ്റ്റര്‍, വടക്കയില്‍മാട് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളും ദാറുസ്സലാം മദ്രസ മാനേജ്‌മെന്റ്, സ്റ്റാഫ് കൗണ്‍സിലും അക്രമത്തില്‍ ശക്തമായി പ്രതിഷേധിച്ചു.