കേരളീയ സമൂഹത്തില്‍ ജീവിച്ചിരുന്ന പഴയ തലമുറയിലെ പ്രമുഖ പണ്ഡിതരില്‍ ശ്രദ്ധേയനായിരുന്നു കെ.ടി മാനു മുസ്‌ല്യാര്‍. കേരളത്തില്‍ വിജ്ഞാന പ്രചാരണം വളരെയേറെ പ്രയാസകരമായ കാലഘട്ടത്തില്‍ ജീവിത സൗകര്യങ്ങള്‍ പരിത്യജിച്ച്, അറിവിന്റെ വിളക്കുമായി നടന്ന് അനേകം ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഹനീയ വ്യക്തിയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുസ്‌ലിം സമുദായം അക്ഷരങ്ങള്‍ വായിച്ചുതുടങ്ങുന്ന സമയത്തുതന്നെ ലേഖനങ്ങളും കുറിപ്പുകളും എഴുതിയിരുന്നു മാനു മുസ്‌ലിയാര്‍. അറിവിന്റെ ലോകത്തേക്ക് അക്ഷരങ്ങളിലൂടെ അദ്ദേഹം ഏല്‍പ്പിച്ച വിജ്ഞാന മുത്തുകള്‍ പെറുക്കിയെടുത്ത് സമാഹരിച്ച് കൈരളിക്ക് സമര്‍പ്പിക്കുകയാണ് ആയിരത്തിലധികം പേജുകളുള്ള ഈ പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍. കോഴിക്കോട്ട് ഹൈസന്‍ ഹെറിറ്റേജില്‍, പ്രവാസി വ്യവസായി യഹ്‌യാ തളങ്കരക്ക് കോപ്പി നല്‍കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രകാശനം നിര്‍വഹിക്കും. മാനു മുസ്‌ലിയാരുടെ വേര്‍പാടിന്റെ അഞ്ചാം വാര്‍ഷികത്തോടടുക്കുന്ന സമയം കൂടിയാണിത്.
മലബാര്‍ കലാപവും സ്വാതന്ത്ര്യസമരവും ഇന്ത്യയുടെ വിഭജനവുമെല്ലാം കൊണ്ട് കലുഷിതമായ ഒരു ഘട്ടത്തിലാണ് മാനു മുസ്‌ലിയാര്‍ വളര്‍ന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വെല്ലുവിളികള്‍ ഉയര്‍ന്ന കാലം. ഇതിനെ മറികടക്കാനും സ്വതന്ത്ര ഇന്ത്യയില്‍ അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കാനും ഊര്‍ജ്ജവും ആര്‍ജ്ജവവും പകര്‍ന്നത് അന്നത്തെ പണ്ഡിതരും നേതാക്കളുമായിരുന്നു.
ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങള്‍, പാണക്കാട് പൂക്കോയതങ്ങള്‍, കെ.എം സീതി സാഹിബ്, സി.എച്ച് മുഹമ്മദ്‌കോയ എന്നിവര്‍ ഉയര്‍ത്തിയ സമുദ്ധാരണ അജണ്ടകളുടേയും പ്രബുദ്ധമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടേയും പ്രസക്തി കെ.ടി മാനു മുസ്‌ല്യാര്‍ തിരിച്ചറിഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം ഉമ്മത്തിന്റെ ജീവല്‍പ്രശ്‌നങ്ങളുമായി സംവദിക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാമൂഹിക ധാര രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന ചിന്ത അദ്ദേഹത്തെ വളരെ ആഴത്തില്‍ തന്നെ സ്വാധീനിച്ചിരുന്നു.
ഇസ്‌ലാമിക സമൂഹത്തിന്റെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയവും സ്വീകാര്യതയും അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
മത-രാഷ്ട്രീയ രംഗങ്ങളില്‍ മുസ്‌ലിം നേതൃത്വം കൈകോര്‍ത്തതിന്റെ ഫലമാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്‌ലിം കേരളം കൈവരിച്ച നവോത്ഥാന മുന്നേറ്റങ്ങള്‍. ഈ മേഖലയില്‍ തന്റേതായ പങ്കുവഹിക്കാന്‍ പ്രഭാഷകന്‍, എഴുത്തുകാരന്‍, പത്രാധിപര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കെ.ടി മാനു മുസ്‌ല്യാര്‍ക്ക് സാധ്യമായി.
മതനിഷേധികള്‍, മതരാഷ്ട്ര വാദക്കാര്‍, കപട മതേതരവാദികള്‍ ഇവരെല്ലാം ഉയര്‍ത്തിയ വെല്ലുവിളികളാല്‍ പ്രക്ഷുബ്ധമായിരുന്നു എഴുപതുകളും എണ്‍പതുകളും. സമുദായത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും നേരിട്ട പ്രതിലോമ ചിന്തകളെ മതത്തിന്റെ മൗലിക വ്യാഖ്യാനങ്ങളിലൂടെയും ശരിയായ സമര്‍ത്ഥനത്തിലൂടെയും പ്രതിരോധിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനങ്ങളുടെ വഴിയാണ് ശരിയെന്ന് കാലം തെളിയിക്കുകയും ചെയ്തു.
മുസ്‌ലിം സംഘടിത രാഷ്ട്രീയമായാലും ശരീഅത്ത് വിവാദമായാലും വ്യാജ ആത്മീയതയിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ കൃത്യമായിരുന്നുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ ആദ്യം വേണ്ടത് മതവിദ്യാഭ്യാസമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മനസ്സിലാക്കുകയും അതിനുവേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തപ്പോള്‍ ഈ വൈജ്ഞാനിക മുന്നേറ്റത്തിന് ക്രിയാത്മകവും ബുദ്ധിപരവുമായ പിന്തുണയും നേതൃത്വവും നല്‍കുന്നതില്‍ ഏറെ മുമ്പില്‍ തന്നെ ഉണ്ടായിരുന്നു കെ.ടി മാനു മുസ്‌ലിയാര്‍.
പാരമ്പര്യ രീതിയില്‍ നിന്നു തന്നെ മതവിദ്യാഭ്യാസത്തിന് കാലോചിതമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ മര്‍ഹൂം എം.എം ബഷീര്‍ മുസ്‌ലിയാര്‍ക്കൊപ്പം ഉറച്ചുനിന്ന് മാനു മുസ്‌ലിയാര്‍ കാലത്തെ ബോധ്യപ്പെടുത്തി. ഉന്നത മതവിദ്യാഭ്യാസ മേഖലയില്‍ സമുദായം കൈവരിച്ച എല്ലാ പുരോഗതിക്കും പിന്നില്‍ ഈ മാറിനടത്തം നിമിത്തമായി വര്‍ത്തിച്ചിട്ടുണ്ട് എന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ മനസിലാക്കാനാവും.
ആത്മാര്‍ത്ഥവും സൂക്ഷ്മവുമായി തന്നെ ഉയര്‍ന്നുവന്ന എതിര്‍ ശബ്ദങ്ങളെ മാനിക്കുകയും എന്നാല്‍ എല്ലാവരെയും സാവകാശം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ അവര്‍ക്കായി.
ഇന്ന് സംഘടനാ വൃത്തത്തിനപ്പുറമുള്ളവര്‍ പോലും ആദരവോടും അത്ഭുതത്തോടും കൂടി വീക്ഷിക്കുന്ന വിദ്യാഭ്യാസ നവോത്ഥാന സംരംഭങ്ങള്‍ക്ക് ഊടും പാവും നല്‍കുന്നതില്‍ മാനു മുസ്‌ലിയാരുടെ ചിന്തകള്‍ക്ക് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ട്.
വിദ്യാഭ്യാസബോര്‍ഡ് കാര്യദര്‍ശിയാകുമ്പോള്‍ തന്നെ എം.ഇ.എ എഞ്ചിനീയറിങ് കോളജ് ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ വിശാലതയും സമുദായ ഭാവിയിലുള്ള ഉത്കടമായ താല്‍പര്യവുമായിരുന്നു. മലപ്പുറം ജില്ലയില്‍, കരുവാരക്കുണ്ടിലുള്ള ദാറുന്നജാത്ത് എന്ന വൈജ്ഞാനിക വിപ്ലവം ഈ പുരോഗമന മനോഭാവത്തിന്റെ നേര്‍സാക്ഷ്യമാണ്. ഇസ്‌ലാമിന്റെ തനിമ സംരക്ഷിക്കുന്നതിനാണ് അദ്ദേഹത്തിന്റെ നാക്കും തൂലികയും ഉപയോഗിച്ചത്. ഖുര്‍ആന്‍, ഹദീസ്, തസവ്വുഫ് വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രൗഢവും ഗഹനവുമാണ്. ഇന്ന് പുറത്തിറങ്ങുന്ന ലേഖന സമാഹാരത്തിന്റെ മുഖ്യ ആകര്‍ഷകവും ഈ വിഷയങ്ങള്‍ തന്നെ.
അതോടൊപ്പം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തിയ കപട മതേതരവാദികള്‍ക്കും വ്യാജ ആത്മീയതക്കും മതവിരോധികളായ നിരീശ്വര നിര്‍മ്മിത കമ്മ്യൂണിസ്റ്റ് പ്രതിലോമ ആശയങ്ങള്‍ക്കുമെതിരെ സമയാസമയങ്ങളില്‍ അദ്ദേഹം തൂലിക ചലിപ്പിക്കുകയും പ്രഭാഷണങ്ങളിലൂടെ പ്രതിരോധം തീര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിം സംഘടിത രാഷ്ട്രീയ ശക്തിയെ വെല്ലുവിളിക്കുകയോ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നവരോട് ഒരുതരത്തിലും രാജിയാവാന്‍ അദ്ദേഹത്തിലെ പണ്ഡിത-രാഷ്ട്രീയ വ്യക്തിത്വം തയാറായിരുന്നില്ല.
ശരീഅത്ത് വിരുദ്ധ നീക്കങ്ങളേയും സമസ്ത:ക്ക് നേരെയുണ്ടായ വിഘടിത നീക്കങ്ങളേയും ഈ അര്‍ത്ഥത്തിലാണ് അദ്ദേഹം സമീപിച്ചതെന്ന് ഈ സമാഹാരം സാക്ഷ്യപ്പെടുത്തുന്നു. അതിര്‍ വരമ്പുകളില്ലാത്ത സ്ത്രീവാദത്തിനും തീവ്ര ഭീകരവാദങ്ങള്‍ക്കുമൊക്കെ എതിരില്‍ അദ്ദേഹത്തിന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. അവയില്‍ പ്രസക്തമായവ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മതപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പൊതു പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള തിരക്കുകള്‍ക്കും യാത്രകള്‍ക്കുമിടയില്‍ ഉള്ളില്‍ കവിതയും സാഹിത്യവും സൂക്ഷിച്ചിരുന്ന സഹൃദയന്‍ കൂടിയായിരുന്നു മാനു മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടുകളുടെ സമാഹാരം പുറത്തിറങ്ങാനിരിക്കുകയാണ്. ഹജ്ജ് യാത്രാ വിവരണവും അതിന്റെ കാവ്യാവിഷ്‌കാരവും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇസ്‌ലാമിന്റെ പാരമ്പര്യ വിശുദ്ധിയും സമുദായത്തിന്റെ സംഘടിത മുന്നേറ്റത്തിന്റെ ശക്തിയും ഉള്ളില്‍ കൊണ്ടുനടന്ന് സമൂഹത്തിന്റെ പുരോഗതിയില്‍ ഉയര്‍ന്നു ചിന്തിക്കുകയും നന്മകള്‍ സക്രിയമായി ഉപയോഗിക്കുന്നതിനെ കുറിച്ച് സ്വപ്‌നം കാണുകയും ചെയ്ത വേറിട്ട പണ്ഡിത പ്രതിഭയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കെ.ടി മാനു മുസ്‌ലിയാരുടെ ജീവിതവും വീക്ഷണവും ഉള്‍ക്കൊള്ളുന്ന ഈ ലേഖന സമാഹാരം ഒരു കാലഘട്ടത്തിലെ സമുദായ ജീവിതത്തിന്റെ അക്ഷര സാക്ഷ്യങ്ങള്‍ കൂടിയാണ്.-- അഡ്വ. എം. ഉമര്‍ എം.എല്‍.എ(അവ.ചന്ദ്രിക )