മണ്ണഞ്ചേരി പള്ളിയെയും മതപണ്ഡിതനെയും ആക്രമിച്ച കേസ്: ആര്‍.എസ്‌. എസ്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: കഴിഞ്ഞ പത്തിനു മണ്ണഞ്ചേരി റോഡ്മുക്കിലെ സഈദ്‌ മസ്ജിദിന്‌ നേരെ ആക്രമണം നടത്തുകയും പള്ളിയിലെ ഇമാമും സമസ്ത മദ്രസ അധ്യാപകനുമായ പാലപ്പള്ളിക്കരയില്‍ മുഹമ്മദ്‌ നവാസ്‌ മൌലവിയെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെ കൂടി പോലിസ്‌ അറസ്റ്റ്‌ ചെയ്തു. മണ്ണഞ്ചേരി തോട്ടങ്കര വീട്ടില്‍ ഹരികൃഷ്ണന്‍, അനുജന്‍ മണക്കൂര്‍ശാഖ മുഖ്യശിക്ഷക്‌ ജയകൃഷ്ണന്‍, കാവുങ്കല്‍ കൈതപ്പൊഴിവെളിയില്‍ വിനീത്‌, മണ്ണഞ്ചേരി നേതാജി കോളനിയില്‍ അനൂപ്‌, കാവുങ്കല്‍ തകടിവെളി സമിത്ത്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞദിവസം രാത്രി കാവുങ്കല്‍ അമ്പലത്തിനു സമീപം വച്ചാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. ഇതോടെ കേസിലെ 14 പ്രതികള്‍ അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ ചെട്ടിയാന്‍ പറമ്പില്‍ വീട്ടില്‍ കെ എസ്‌ സുമിത്‌ , ഇരുപതാം വാര്‍ഡില്‍ കാട്ടിത്തറ വീട്ടില്‍ ജയേഷ്‌, കോമളപുരം ഒറ്റപ്പറമ്പില്‍ അഭിലാഷ്‌ (അബ്ബന്‍), നോര്‍ത്ത്‌ ആര്യാട്‌ വിശാല്‍പറമ്പില്‍ പ്രവീണ്‍, മണ്ണഞ്ചേരി അമ്പനാകുളങ്ങര പുതുവല്‍ വീട്ടില്‍ സുമേഷ്‌ (ബിറ്റു), മുഹമ്മ കിഴക്കേ തകിടിയില്‍ മഹേഷ്‌, മണ്ണഞ്ചേരി വേലന്‍ചിറ സാംകുമാര്‍, മണ്ണഞ്ചേരി കാരവള്ളി വീട്ടില്‍ ഗ്രാംഷി കെ വിജയ്‌ (വിനീഷ്‌), മണ്ണഞ്ചേരി പുതുശ്ശേരിയില്‍ ശ്യാംജിത്ത്‌ എന്നിവരാണു നേരത്തെ അറസ്റ്റിലായത്‌. ഇവര്‍ റിമാണ്റ്റിലാണ്‌. ആക്രമിസംഘത്തില്‍പ്പെട്ട നിരവധി പേര്‍ കൂടി അറസ്റ്റിലാവാനുണ്ടന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ആലപ്പുഴ നോര്‍ത്ത്‌ പോലിസ്‌ പറഞ്ഞു.