ദില്‍ഷാദും മുഹ്‌സിനയും ഇനി ദാറുന്നജാത്തിന്റെ മക്കള്‍

കാളികാവ് : ബാപ്പയും ഉമ്മയും വെടിയേറ്റ് കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചതിന്റെ വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് ദില്‍ഷാദിനും മുഹ്‌സിനയ്ക്കും ഇനി മോചനം.

എസ്.ഐയെ വെടിവെച്ച് കൊന്ന് ജീവനൊടുക്കിയ ചോക്കാട് പെടയന്താളിലെ ആറങ്ങോടന്‍ മുജീബ് റഹ്മാന്റെയും ഖമറുന്നീസബീവിയുടെയും മക്കള്‍ക്ക് കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററാണ് പുതിയ ജീവിതമൊരുക്കുന്നത്. എസ്.ഐയുടെയും മാതാപിതാക്കളുടെയും മരണം നേരില്‍ കാണേവണ്ടിവന്ന ദുരന്തസാഹചര്യത്തില്‍ നിന്നെത്തിയ കുരുന്നുകള്‍ക്ക് നജാത്തിന്റെ വിദ്യാലയമുറ്റത്ത് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.


മുജീബ് റഹ്മാന്റെ സഹോദരനും രണ്ട് സഹോദരിമാര്‍ക്കുമൊപ്പമാണ് കുട്ടികള്‍ സ്ഥാപനത്തിലെത്തിയത്. വിദ്യാഭ്യാസം ഉള്‍പ്പെടെ കുട്ടികളുടെ മുഴുവന്‍ ചെലവും ഇനി നജാത്ത് വഹിക്കും.

സപ്തംബര്‍ 12ന് എസ്.ഐയെ വെടിവെച്ചുകൊന്ന മുജീബ് റഹ്മാന്‍ തൊട്ടടുത്ത ദിവസമാണ് ഭാര്യക്കൊപ്പം ജീവനൊടുക്കിയത്. രണ്ടുദുരന്തങ്ങളും നേരില്‍ കാണേണ്ടിവന്ന കുട്ടികള്‍ പിന്നെ സ്‌കൂളില്‍ പോയിരുന്നില്ല. ഒട്ടേറെ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തുവന്നിരുന്നെങ്കിലും മുജീബിന്റെ സഹോദരങ്ങള്‍ കുട്ടികളെ വിട്ടുകൊടുത്തിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ നാട്ടിലെ വിദ്യാലയത്തിലയച്ചാലുണ്ടാകുന്ന കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലും ഭയന്നാണ് ഒടുവില്‍ ദാറുന്നജാത്തിലേക്ക് വിടാന്‍ രക്ഷിതാക്കള്‍ തയ്യാറായത്. ദില്‍ഷാദിന് ദാറുന്നജാത്ത് ഓര്‍ഫനേജ് യു.പി സ്‌കൂളില്‍ അഞ്ചാംതരത്തിലും മുഹ്‌സിനയ്ക്ക് ഇംഗ്ലീഷ് മീഡിയത്തില്‍ കെ.ജി. വിഭാഗത്തിലുമാണ് പ്രവേശനം നല്‍കിയത്.

ചിരി തൂകുന്ന മുഖവുമായാണ് രണ്ട്‌പേരും പുതിയ കൂട്ടുകാരെ തേടിയെത്തിയത്. നജാത്തില്‍ കുട്ടികളെ സ്വീകരിക്കാന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. കുട്ടികളുടെ ചെലവ് നജാത്ത് സൗദി നാഷണല്‍ കമ്മിറ്റിയാണ് വഹിക്കുന്നത്.

കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, വര്‍ക്കിങ് സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എന്‍.കെ. അബ്ദുറഹിമാന്‍, ഫരീദ് റഹ്മാനി തുടങ്ങിയവര്‍ കുട്ടികളെ സ്വീകരിക്കാനായി രംഗത്തുണ്ടായിരുന്നു.