മദ്രസകളിലെ വൈദ്യുതി ചാര്‍ജ്‌വര്‍ധനയ്ക്കെതിരെ പ്രക്ഷോഭം നടത്തും

മലപ്പുറം: മദ്രസകളുടെ വൈദ്യുതി ചാര്‍ജ്‌ നിരക്ക്‌ വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതിചാര്‍ജ്‌ താരിഫിലേക്കു മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്‌തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നിയമസഭയില്‍ കെ. മുഹമ്മദുണ്ണി ഹാജി എംഎല്‍എയ്ക്ക്‌ മന്ത്രി നല്‍കിയ ഉറപ്പിന്‍റെ ലംഘനമാണ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കുകവഴി ചെയ്‌തിരിക്കുന്നത്‌. പ്രക്ഷോഭത്തിന്‍റെ ഭാഗമായി വൈദ്യുതി മന്ത്രിക്ക്‌ നിവേദനം നല്‍കാനും തുടര്‍ നടപടി ഇല്ലാത്തപക്ഷം പൊതുജനങ്ങളെയും മദ്രസാ അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച്‌ പ്രക്ഷോഭ പരിപാടികള്‍ നടത്താനും മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പി. ഹസന്‍ മുസല്യാര്‍, എം.പി. ഹംസ മൌലവി, ടി. ഹുസൈന്‍ കുട്ടി മൌലവി, അബ്ദുറഹിമാന്‍ ദാരിമി, അഷ്‌റഫ്‌ ഫൈസി, എ. ഷൌക്കത്തലി അസ്‌ലമി, അമാനുല്ല ദാരിമി, മുഹമ്മദലി മുസല്യാര്‍, എം. കുട്ടി, സൈതാലി മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.