കരാവാരകുണ്ട്: വിധിയുടെ ക്രൂരവിനോദത്തിന്റെ ഇരകളായ കുരുന്നുകള്‍ക്ക് ആശ്വാസവും പ്രാര്‍ഥനയുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദാറുന്നജാത്തിലെത്തി. കാളികാവില്‍ എസ്.ഐയെ വെടിവെച്ചുകൊന്ന് ഭാര്യയോടൊപ്പം ജീവനൊടുക്കിയ ചോക്കാടിലെ ആറങ്ങോടന്‍ മുജീബിന്റെ മക്കളായ ദില്‍ഷാദിനും ദിലു എന്ന മുഹ്‌സിനയ്ക്കുമാണ് പ്രാര്‍ത്ഥനയും ആശ്വാസവുമായി തങ്ങളെത്തിയത്.
മാതാപിതാക്കളുടെ മരണാനന്തരം ഇവരെ കഴിഞ്ഞ ദിവസമാണ് സമസ്ത സ്ഥാപനമായ കരുവാരകുണ്ടിലെ ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര്‍ യതീംഖാന ദത്തെടുത്തത് . കുട്ടികളെ കാണാനെത്തിയ പാണക്കാട് തങ്ങള്‍ കുട്ടികളെ സാന്ത്വനിപ്പിച്ചു. അവരെ അരികിലിരുത്തി പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.
ദാറുന്നജാത്തിന്റെ പ്രസിഡന്റ് കൂടിയായ തങ്ങളോടൊപ്പം പുത്തനഴി മൊയ്തീന്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കാട്, പി.കുഞ്ഞാണി മുസ്‌ലിയാര്‍, എന്‍.കെ.അബ്ദുറഹ്മാന്‍, ആലുങ്ങല്‍ അബ്ദുട്ടി, എം.എച്ച്.ഹംസ, വി.ഖാലിദ് തുടങ്ങിയ ഭാരവാഹികളും ഉണ്ടായിരുന്നു.