'കെ.ടി. മാനു മുസ്‌ല്യാരുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു

"മാനു മുസ്‌ലിയാര്‍ ആദര്‍ശം പണയം വെക്കാത്ത പണ്ഡിതന്‍": ഹൈദരലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: ആരെയും വേദനിപ്പിക്കാതെ തന്നെ ആദര്‍ശം ആര്‍ക്കും പണയം വെക്കാന്‍ തയാറാകാത്ത പണ്ഡിതനായിരുന്നു കെ.ടി. മാനു മുസ്‌ലിയാരെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. 'കെ.ടി. മാനു മുസ്‌ല്യാരുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍' എന്ന ഗ്രന്ഥം പ്രമുഖ പ്രവാസി നേതാവ് യഹ്‌യ തളങ്കരക്ക് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മാനു മുസ്‌ലിയാരെ സ്വന്തം തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. ഏറ്റെടുത്ത ചുമതലകളെല്ലാം അദ്ദേഹം ഭംഗിയായി നിറവേറ്റിയിരുന്നു. മികച്ച എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനും കവിയുമൊക്കെയായിരുന്ന അദ്ദേഹം ഒരു മഹാപ്രതിഭയായിരുന്നു.
മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ മാനു മുസ്‌ലിയാര്‍ വളരെയധികം സ്‌നേഹിച്ചിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം നീക്കിവെച്ചത് വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം ആളുകളോട് പെരുമാറിയിരുന്നത്. മറ്റാര്‍ക്കുമില്ലാത്ത ചില ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ദാറുന്നജാത്തിനെ പ്രശസ്തമായ ഒരു സ്ഥാപനമാക്കി മാറ്റിയത് അദ്ദേഹമായിരുന്നെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് ഹൈസണ്‍ ഹെറിറ്റേജ് ഹോട്ടലില്‍ അക്ഷരം ബുക്‌സ് സംഘടിപ്പിച്ച ചടങ്ങ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൃതികള്‍ സമാഹരിച്ച ടി. ഹസ്സന്‍ ഫൈസിക്ക് അദ്ദേഹം ഉപഹാരം നല്‍കി. ചടങ്ങിലെ മുഖ്യാതിഥി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, വിശിഷ്ടാതിഥി പഞ്ചായത്ത്- സാമൂഹ്യ നീതി മന്ത്രി ഡോ. എം.കെ. മുനീര്‍, യഹ്‌യ തളങ്കര തുടങ്ങിയവരും പ്രസംഗിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരുന്നു.
അബ്ദുസമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. കുഞ്ഞിമൂസ പുസ്തകം പരിചയപ്പെടുത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് നന്ദിയും പറഞ്ഞു.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, എം.സി. മായിന്‍ ഹാജി, എം.എ. റസാഖ് മാസ്റ്റര്‍, കെ. മോയിന്‍കുട്ടി, സി. ഹംസ, നവാസ് പൂനൂര്‍, അഹമ്മദ് തേര്‍ളായി സംബന്ധിച്ചു.