ഖാസി കേസില്‍ സംഭവിച്ചതെന്ത്?- പരമ്പര -ഭാഗം -3

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിന് ?

തുടക്കത്തിലെ ചടുലതയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കലും കളവ് ടെസ്റ്റിനു വിധേയമാക്കലുമൊക്കെ കണ്ടപ്പോഴും, ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാക്കുകളും കൂടിയായപ്പോള്‍ ആശ്വാസം നല്‍കിയ സി.ബി.ഐ പൊടുന്നനെ മലക്കം മറിയുന്ന കാഴ്ചയാണ് പിന്നീടു കാണാന്‍ സാധിച്ചത്. പിന്നീടുള്ള അന്വേഷണത്തില്‍ കൊലപാതകം അന്വേഷിക്കുന്നതിനു പകരം ആത്മഹത്യാ വാദങ്ങള്‍ക്ക് തെളിവ് ശേഖരിക്കുകയായിരുന്നു അവര്‍ ചെയ്തു കൊണ്ടിരുന്നതെന്ന് വ്യക്തമാകുന്നു.
അതിനു വേണ്ടി ലാസറിനെ സഹായിക്കാനെന്ന വ്യാജേന ലോക്കല്‍ പോലീസില്‍ നിന്നും ഡെപ്യുട്ടേഷനില്‍ സി.ബി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും പുതിയ ആത്മഹത്യാ റിപോര്‍ട്ട് ഉണ്ടാക്കി കോടതിയില്‍ സമര്‍പിക്കുന്നതിനു പകരം ഒരു ദേശീയ പത്രത്തിന് സമര്‍പിക്കുകയാണ് ചെയ്തത്. ഈ റിപോര്‍ട്ടാണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കോടതിയില്‍ സമര്‍പിച്ചിരിക്കുന്നത്. ഇതാകട്ടെ കൊലയാളി പ്രമുഖര്‍ക്ക് വേണ്ടി ലോക്കല്‍ പോലീസ് തയ്യാറാക്കിയ റിപോര്‍ട്ടിന്റെ പകര്‍പ്പാണ്താനും.
ഉന്നത സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ ആത്മാര്‍ഥവും നിഷ്പക്ഷവുമായ ഒരന്വേഷണം നടക്കുകയാണെങ്കില്‍ ഈ കേസ് നിഷ്പ്രയാസം തെളിയിക്കാന്‍ സാധിക്കും. അത്തരത്തിലൊരു അന്വേഷണത്തിന് സി.ബി.ഐ യോ ക്രൈംബ്രാഞ്ചോ ആവശ്യമില്ല. ലോക്കല്‍ പോലീസ് തന്നെ ധാരാളമാണ്. പക്ഷേ കൊലയാളികള്‍ സമൂഹത്തിന്റെ ഉന്നതങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരും ഏതു സര്‍ക്കാരിനെയും സ്വാധീനിക്കാന്‍ പ്രാപ്തരുമായതിനാല്‍ തന്നെ അത്തരം ഒരന്വേഷണം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. 
അതിന്റെ ഉത്തമ ഉദാഹരണമാണ് തുടക്കത്തില്‍ ലോക്കല്‍ പോലീസില്‍ നിന്നുമുണ്ടായ അനുഭവങ്ങള്‍. സാധാരണ ഒരു അസ്വാഭാവിക മരണമുണ്ടായാല്‍ പോലീസ് ആദ്യം ചെയ്യുക മരണപ്പെട്ടയാളിന്റെ ഉറ്റവരെയും അടുത്തവരെയും ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്യുക എന്നതാണ്. അതും എത്രയും പെട്ടെന്ന് തന്നെ. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് മരണം കഴിഞ്ഞ് 12-ാം  ദിവസമാണ് മൊഴിയെടുക്കാന്‍ വേണ്ടി പോലീസ് ഖാസിയുടെ വീട്ടിലേക്കെത്തുന്നത്. അതായത് ആത്മഹത്യ എന്ന റിപോര്‍ട്ട് ഗൂഢാലോചനയുടെ ഫലമായി നിര്‍മിച്ച് കഴിഞ്ഞ് ഒരു വഴിപാടെന്ന നിലക്ക് ബന്ധുക്കളുടെ മൊഴിയെടുക്കുകയാണ് ചെയ്തത്.
മൊഴിയെടുക്കുന്ന സമയത്ത് പോലും ബന്ധുക്കള്‍ പറയുന്നത് രേഖപ്പെടുത്തുന്നതിന് പകരം പോലീസ് അവര്‍ക്ക് വേണ്ട വിധത്തിലുള്ള തിരക്കഥകള്‍ പൂരിപ്പിക്കുകയാണ് ചെയ്തത്. അന്വേഷണ പ്രഹസനതിനു ചുക്കാന്‍ പിടിച്ച അന്നത്തെ ഡി.വൈ.എസ്.പി നേരായ അന്വേഷണം നടത്തിയില്ലെന്ന് മാത്രമല്ല കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ തന്നെ അദ്ദേഹം പങ്കാളിയാണെന്ന സംശയമാണ് അദ്ദേഹത്തിന്റെ നീക്കത്തില്‍ നിന്നും മനസിലാകുന്നത്. കാരണം പ്രാഥമികമായി ചെയ്യേണ്ട ഇന്‍ക്വസ്റ്റ് പോലും ചെയ്യാതെ, തെളിവുകള്‍ ശേഖരിക്കുന്നതിന് ശ്രമിച്ചില്ലെന്ന് മാത്രമല്ല തെളിവുകളെല്ലാം നശിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്.
ഒരു ഘട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പോലും തടയാന്‍ ശ്രമിച്ച പോലീസ് മേധാവി, മുന്‍കൂട്ടി തീരുമാനിച്ചെന്ന മട്ടില്‍ ധൃതി പിടിച്ചു ഖാസിയുടെ പൂട്ടിക്കിടന്ന വീടിന്റെ പൂട്ട് വിരലടയാളം പോലും ശേഖരിക്കാതെ തകര്‍ക്കുകയും അകത്തു ചെന്ന് അലമാരകള്‍ തുറന്ന് സകല പുസ്തകങ്ങളും മറ്റും വാരിവലിച്ചിടുകയും ചെയ്തു. അതില്‍ പെട്ട ഒരു ഡയറിക്കകത്തുനിന്നും ബുര്‍ദ കവിതയുടെ പരിഭാഷ എഴുതിയ ഒരു തുണ്ട് കടലാസ് എടുക്കുകയും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കൂടെ കയറ്റിയ ഒരു പ്രാദേശിക പത്രാധിപന് മുന്നില്‍ ഈ തുണ്ട് കടലാസുമായി ഫോട്ടോക്ക് പോസ് ചെയ്യുകയും, തനിക്ക് കിട്ടേണ്ടത് കിട്ടിയെന്നു വിളിച്ചു പറയുകയും ചെയ്തപ്പോള്‍ അവിടെ കൂടി നിന്നവരില്‍ ഞെട്ടലാണുണ്ടാക്കിയത്. തുടര്‍ന്ന് അവിടെ വെച്ച് തന്നെ ഇത് ആത്മഹത്യ ആണെന്ന് ചിലരോട് പറയുകയും ചെയ്തു.
തുടര്‍ന്നുള്ള ഡി.വൈ.സ്.പിയുടെ നീക്കത്തില്‍ നിന്നും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയാണ്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കണ്ട ബന്ധുക്കളോടും ഇത് ആത്മഹത്യ ആണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പ് തന്നെ താന്‍ പോലീസ് സര്‍ജനുമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ബോഡിയില്‍ ഒരു പോറല്‍ പോലുമില്ലെന്നും ഒരു നഖ ക്ഷതം പോലുമില്ലെന്നും, നിങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും ഇതൊരു കൊലപാതകമല്ലെന്നു ആവര്‍ത്തിച്ചു പറയുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ നാല് പരിക്കുകള്‍ രേഖപ്പെടുത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തു വന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയായിരുന്നു ഡി.വൈ.എസ്.പി ആര്‍ക്കോ വേണ്ടി ആത്മഹത്യ ആക്കി മാറ്റാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും.