ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായിരുന്ന മര്‍ഹൂം കെ.വി മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാടിന്റെ ഖുര്‍ആന്‍ മലയാള വിവര്‍ത്തന വിശദീകരണ ഗ്രന്ഥമായ ഫത്ഹുര്‍റഹ്മാന് ഓണ്‍ലൈന്‍ എഡിഷന്‍ ഒരുങ്ങുന്നു. അഞ്ചു വാള്യങ്ങളുള്ള ഈ ഗ്രന്ഥം മലയാളത്തിലെ ഖുര്‍ആന്‍ വിശദീകരണങ്ങളില്‍ ഏറെ ശ്രദ്ധേയമാണ്. ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങള്‍, പ്രാമാണികവും യുക്തിഭദ്രവുമായി സ്ഥാപിക്കുന്നതിലും ഈ കൃതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രസിദ്ധ പണ്ഡിതനായിരുന്ന അഹ്മദ് കോയ ശാലിയാത്തിയുടെ മരണത്തെ തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായ കെ.വി മുഹമ്മദ് മുസ്ലിയാര്‍ 1956 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2000 ഏപ്രിലില്‍ മരണമടയുന്നതു വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. സുന്നീ സാഹിത്യ തറവാട്ടിലെ കാരണവര്‍ എന്നറിയപ്പെട്ടിരുന്ന കെ.വി. മലയാള ഭാഷയില്‍ നിപുണനായിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖാനത്തിനു പകരം വെക്കാവുന്ന മറ്റൊരു വ്യാഖ്യാനവും മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. മലയാളത്തിലെ സമഗ്ര ഇസ്‌ലാമിക വെബ്‌പോര്‍ട്ടലായ ഇസ്‌ലാംഓണ്‍വെബിന്റെ തുടര്‍ച്ചയെന്നോണം, കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷന്‍ സോഫ്റ്റ് ഫൗണ്ടേഷനാണ് ഫത്ഹുര്‍ റഹ്മാന്‍ ഓണ്‍ലൈനിലെത്തിക്കുന്നത്. മിഷന്‍ സോഫ്റ്റിന്റെ രണ്ടാം പദ്ധതിയായ ഖുര്‍ആന്‍ഓണ്‍വെബിന്റെ ആദ്യപടിയായിട്ടാണ് ഫത്ഹുര്‍റഹമാന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഒരുങ്ങുന്നത്. പരിഭാഷയുടെ ശബ്ദവും ഇതര പരിഭാഷകളും വൈകാതെ സൈറ്റില്‍ ലഭ്യമാക്കും. 2015 ജനുവരി ഒന്ന് വ്യാഴാഴ്ച കോഴിക്കോട് ടണ്‍ഹാളില്‍ നടക്കുന്ന ഡോ. ബഹാഉദ്ധീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ പ്രകാശന ചടങ്ങില്‍ ഖുര്‍ആന്‍ഓണ്‍വെബ് ലോഞ്ച് ചെയ്യപ്പെടും. ഫത്ഹുര്‍ റഹ്മാന് പുറമേ, ഡോ. ബഹാഉദ്ധീന്‍ നദ്‌വിയുടെ പുതിയ ഖുര്‍ആന്‍ പരിഭാഷയും ഖുര്‍ആന്‍ഓണ്‍വെബില്‍ ലഭ്യമാകും. പരിഭാഷക്ക് പുറമെ, പ്രമുഖ പണ്ഡിതരുടെ പാരായണം, അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലെ ഖുര്‍ആന്‍ വിശദീകരണങ്ങള്‍, തജ്‌വീദ് നിയമങ്ങള്‍, ഖുര്‍ആനുമായി ബന്ധപ്പെട്ട പഠനാര്‍ഹമായ ഒട്ടേറെ ലേഖനങ്ങള്‍, ഖുര്‍ആന്‍സംബന്ധമായ വിവിധ സംശയങ്ങളും മറുപടികളും തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഭവങ്ങളും ആദ്യഘട്ടത്തില്‍തന്നെ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Samastha Bahrain