പൈതൃകം തകര്‍ത്ത് നവേത്ഥാനം നേടാനാവില്ല : ആലിക്കുട്ടി മുസ്‌ലിയാര്‍

മലപ്പുറം : പ്രവാചകന്റെ കാലത്തു തന്നെ ഇസ്‌ലാം കടന്നുവന്ന പ്രദേശമാണ് കേരളം. ഇസ്‌ലാമിന്റെ തനിമ ആ കാലഘട്ടം മുതല്‍ തന്നെ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിനിടയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തി സമുദായ നേതൃത്വം അത് കാത്തുപോന്നു. 1922ല്‍ ആണ് ഐക്യത്തിന്റെ പേരില്‍ ഒരു സംഘം കടന്നുവന്ന് അനൈക്യം വിതറിയത്. അതുവരെ നിലനിന്ന ഐക്യം തകര്‍ത്തതും സമുദായ ദ്രുവീകരണം നടത്തിയതും ഇന്ന് നവേത്ഥാനം പറയുന്നവരാണെന്ന് പ്രൊഫ.കെ. ആലിക്കുട്ടി മുസ് ലിയാര്‍ പ്രസ്താവിച്ചു. സുന്നീ യുവജന സംഘം പൈതൃക യാത്രയോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1926ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇവരുടെ ആദര്‍ശ വൈകല്യത്തെ പ്രതിരോധിക്കാനാണ് ജന്മമെടുത്തത്. സമസ്ത രൂപീകരിച്ച ശേഷം സമുദായത്തിന്റെ സര്‍വ രേഖകളിലെ പുരോഗതിയിലും സമസ്ത നേതൃപരമായ പങ്കുവഹിച്ചു. മദ്‌റസാ പ്രസ്ഥാനം അതില്‍ ഏറ്റവും പ്രധാനമാണ്.
ഇന്ന് കേരളത്തിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയടക്കം നിരവധി അത്യുന്നത മതസ്ഥാപനങ്ങള്‍ ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം സമന്വയ സിലബസ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ജാമിഅ നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്യപ്പെട്ട 50ഓളം ജൂനിയര്‍ കോളേജുകള്‍ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്, കോളേജിനു കീഴില്‍ 36 കോളേജുകള്‍, ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റിയുമായി അഫ് ലിയേറ്റ് ചെയ്ത സ്ഥാപനങ്ങള്‍, ഇവക്കു പുറമെ നിരവധി അറബിക് കോളേജുകള്‍, കൂടാതെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കു മാത്രമായി വഫിയ്യ, ദാറുല്‍ ഹുദക്കു കീഴിലുള്ള ഫാത്വിമി കോഴ്‌സ്, ജാമിഅ നൂരിയ്യക്കു കീഴേിലുള്ള എം..എ എന്‍ജിനിയറിംങ് കോളേജ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡുമായി അഫിലിയേറ്റു ചെയ്ത 9376 പ്രാഥമിക മദ്‌റസകള്‍, ആറായിരത്തിലധികം മഹല്ലു ജമാഅത്തുകള്‍ തുടങ്ങിയവക്കു നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ് മുസ്‌ലിം നവോത്ഥാന ചാലക ശക്തി.
മുന്‍കഴിഞ്ഞു പോയ മഹത്തുക്കളുടെ പാരമ്പര്യം ഒഴിവാക്കി നവീന ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ കേരളീയ സമൂഹത്തെ പിന്നോട്ടു വലിക്കുകയായിരുന്നു. സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച് സാമുദായിക ദ്രുവീകരണം നടത്തിയവരും സമുദായത്തെ പിന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്തത്. സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കാന്‍ അക്ഷാരാര്‍ഥത്തില്‍ ശ്രമിക്കുകയാണവര്‍. ഇതിന്റെ ഭാഗമായാണ് വ്യാജ തിരുശേഷിപ്പുകള്‍ അവതരിപ്പിക്കുന്നത്. സമൂഹം ഇതിനെ കുറിച്ച് ബോധവാന്മാരാകണം. കേരളത്തില്‍ 1921നു മുമ്പ് നിലനിന്ന സൗഹൃദാന്തരീക്ഷത്തിലേക്കും ഐക്യത്തിലേക്കും മടങ്ങണം. അതിനുവേണ്ടിയാണ് സുന്നീ യുവജന സംഘം 60ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പൈതൃക സന്ദേശ യാത്രയുടെ ലക്ഷ്യം. വിവിധ സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ടു കൊണ്ട് യുവസമൂഹത്തെ സാംസ്‌കാരികമായി ഉയര്‍ത്തുക്കൊണ്ടു വരാന്‍ ഉതകുന്നതുമായ നിരവധി കര്‍മപദ്ധതികള്‍ സമ്മേളനത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, ഹാജി.കെ മമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, അഹമ്മദ് തെര്‍ളായ്, ഇസ്മാഈല്‍ ഹാജി എടച്ചേരി സംബന്ധിച്ചു.
പൈതൃക യാത്ര ഇന്നലെ ചെമ്മാട് നിന്ന് ആരംഭിച്ച് കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, എടക്കര എന്നീ സ്വീകരണങ്ങള്‍ക്കു ശേഷം ഗൂഢല്ലൂരില്‍ സമാപിച്ചു. കൊണ്ടോട്ടിയില്‍ സമസ്ത ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ഏക പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. മലപ്പുറത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ് ലിയാര്‍, ടി.പി. ഇപ്പ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സലീം ഫൈസി മട്ടന്നൂര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രസംഗിച്ചു.സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികള്‍ അഭിവാദ്യമര്‍പ്പിച്ചു. യാത്ര ഇന്ന് വയനാട് ജില്ലയില്‍ 10ന് അമ്പലവയല്‍ 11ന് സുല്‍ത്താന്‍ ബത്തേരി 12ന് തരുവണ 3ന് കല്‍പറ്റ, 5ന് അടിവാരം, 6ന് പൂനൂരിലും സമാപിക്കും.