ത്വരീഖത്ത് ആസ്ഥാനത്തേക്ക് SKSSF ബഹുജന മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: വേങ്ങാട് ഹുവല്‍ ഖദീര്‍ സില്‍സിലത്തുല്‍ ഖാദിരിയ്യ ത്വരീഖത്ത് ആസ്ഥാനത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്.
ത്വരീഖത്ത് കേന്ദ്രത്തിന്റെ സ്ഥാപകനായ കല്ലായി അബ്‌ദുല്ല ഷാ ഖാദിരിയുടെ ബന്ധുവായ യുവതി കൂത്തുപറമ്പ് ഫസ്റ്റ്‌ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് ജലജ റാണി ഉത്തരവിട്ടത്.
വേങ്ങാട് ഹുവല്‍ ഖദീര്‍ സില്‍സിലത്തുല്‍ ഖാദിരിയ്യാ മേധാവി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് പരാതിക്കാരിയുടെ മകള്‍ നേരത്തേ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് കാര്യമായ അന്വേഷണമൊന്നും നടത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് അഡ്വ. ജോണ്‍ സെബാസ്റ്റ്യന്‍ മുഖേന കോടതിയില്‍ നല്‍കിയ ഹരജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പോലിസിനു നല്‍കിയ പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് പരാതിക്കാരിയെ തട്ടിക്കൊണ്‌ടുപോവാന്‍ ഭര്‍ത്താവും അനുയായികളും ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പരിസരവാസികള്‍ ഇവരെ പോലിസില്‍ ഏല്‍പ്പിച്ചെങ്കിലും നിസ്സാര വകുപ്പുകള്‍ പ്രകാരം കേസെടുത്തു ജാമ്യത്തില്‍ വിടുകയായിരുന്നു. ലൈംഗികപീഡനത്തിനു നിര്‍ബന്ധിച്ചുവെന്നു പരാതിയില്‍ വ്യക്തമാക്കിയ ഭര്‍ത്താവിനെയും പോലിസ് വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിനിടെ മര്‍ദ്ദനമേറ്റ് അഞ്ചരക്കണ്‌ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ കൂത്തുപറമ്പ് പോലിസ് ആശുപത്രിയിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ മാനസിക നില തകരാറിലായതായും ഇപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായും ഹരജിയില്‍ ചൂണ്‌ടിക്കാട്ടിയിട്ടുണ്‌ട്.
ത്വരീഖത്തിന്റെ മറവില്‍ ദുരൂഹ പ്രവൃത്തികള്‍ നടത്തുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ്.അടക്കമുള്ള വിവിധ സംഘടനകളും രംഗത്തിറങ്ങിയിരുന്നു. ത്വരീഖത്ത് ആസ്ഥാനത്തേക്ക് SKSSF നു കീഴില്‍ ഇന്ന് ബഹുജന മാര്‍ച്ച് നട്‌ത്തുന്നുണ്ട്.-- CHR-Online Desk.