സമന്വയ വിദ്യാഭ്യാസം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

ഷാര്‍ജ : ആധുനികതയുടെ സര്‍വ്വ മേഖലകളെയും ഉപയോഗപ്പെടുത്തി ഇസ്ലാമിക പ്രബോധന രംഗം സജീവമാക്കാന്‍ സമന്വയ വിദ്യാഭ്യാസ രീതി ഏറെ സഹായകരമായിട്ടുണ്ടെന്ന് ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. വിജ്ഞാനമേഖലയില്‍ ഏറെ മുമ്പേ നടന്ന പൂര്‍വ്വകാല മുസ്ലിംകളുടെ ജീവിത ദര്‍ശനങ്ങളും രീതികളും ഈ മേഖലയില്‍ പ്രചോദനമാണെന്ന് നദ്‌വി പറഞ്ഞു.
മതത്തിന്‍റെ ബാലപാഠം പോലും അന്യമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലിം സഹോദരങ്ങള്‍ക്ക്‌ വിജ്ഞാനത്തിന്‍റെ വെളിച്ചം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ചെറുപ്പം മുതലേ മതം പഠിക്കാന്‍ സൌഭാഗ്യം ലഭിച്ച കേരള മുസ്ലിംകളുടെ ബാധ്യതയാണെന്നും അതിന്‍റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറി യു. ഷാഫി ഹാജി പറഞ്ഞു. സമീപ ഭാവിയിലെങ്കിലും പരിഹാരത്തിന് വേണ്ടി ദാറുല്‍ ഹുദയുടെ ആസ്സാം, ബംഗാള്‍ , ആന്ധ്രപ്രദേശ് ഓഫ് ക്യാമ്പസ്സുകള്‍ സാഹയകമാവുമെന്നു ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു.
ദാറുല്‍ഹുദ ഷാര്‍ജ കമ്മിറ്റിയും ഹാദിയ ഷാര്‍ജ ചാപ്റ്ററും സംയുക്തമായി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പ്രസിഡന്‍റ് സുലൈമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിള്‍ ത്വഹ സുബൈര്‍ ഹുദവി ദാറുല്‍ ഹുദയുടെ വിവിധ പദ്ധതികള്‍ സദസ്സിനു പരിചയപ്പെടുത്തി. ഹാഷിം നൂഞ്ഞേരി, സഅദ് പുറക്കാട് (കെ. എം. സി. സി ), സയ്യുദ് ഷുഹൈബ് തങ്ങള്‍ (SKSSF), ബഷീര്‍ (പാന്‍ ഗള്‍ഫ്‌ ഗ്രൂപ്പ്‌), അഹ്മദ് അലി പറപ്പൂര്‍ (അവ്വല്‍ പെര്‍ഫ്യൂം), മൊയ്തുണ്ണി ഹാജി, സ്വബ്രത് രഹ്മാനി, ഖലീല്‍ റഹ്മാന്‍ കാഷിഫി എന്നിവര്‍ സംസാരിച്ചു. അബ്ദുള്ള ചേലേരി സ്വാഗതവും അബ്ദുല്‍ റസാക്ക് വളാഞ്ചേരി നന്ദിയും പറഞ്ഞു.