അപേക്ഷിക്കാന്‍ www.dcescholarship.kerala.gov.in ല്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം
ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ് മിടുക്കരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ അനുഗ്രഹമാകുന്നു. സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിലാണിത് നടപ്പാക്കുന്നത്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 4000 രൂപയും ബിരുദാനന്തര ബിരുദക്കാര്‍ക്ക് 5,000 രൂപയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 6,000 രൂപയും ഹോസ്റ്റല്‍ സ്റ്റൈപ്പന്റായി 12,000 രൂപയുമാണ് വര്‍ഷത്തില്‍ ലഭിക്കുക. 3,000 ബിരുദക്കാരും 1,000 ബിരുദാനന്തര ബിരുദക്കാരും 1,000 പ്രൊഫഷണല്‍ കോഴ്‌സുകാരും 2,000 ഹോസ്റ്റലില്‍ താമസിക്കുന്നവരുമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹര്‍.
ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തന ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളേ അപേക്ഷിക്കാന്‍ പാടുള്ളൂ. സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ടാണ് ഇതിന് ഉപയോഗിക്കുക. പ്രൊഫഷണല്‍ കോഴ്‌സിന് പൊതുപ്രവേശന പരീക്ഷ എഴുതി സര്‍ക്കാര്‍ മെറിറ്റില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. ആദ്യവര്‍ഷം അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും അപേക്ഷ നല്‍കാം.
വിദ്യാര്‍ത്ഥികള്‍, കേരളത്തില്‍ സ്ഥിരതാമസമാക്കി കേരളത്തിലെ സ്ഥാപനത്തില്‍ പഠിക്കുന്നവരായിരിക്കണം.
യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം നാലര ലക്ഷത്തിന് താഴെയായിരിക്കണം. ഹോസ്റ്റല്‍ സ്റ്റൈപ്പെന്റിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്റ്റലിലായിരിക്കണം താമസിക്കേണ്ടത്. സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, യൂനിവേഴ്‌സിറ്റി, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ് എന്നിവ നടത്തുന്ന ഹോസ്റ്റലുകളും വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്ഥാപനം നടത്തുന്ന ഹോസ്റ്റലുകളുമാണ് അംഗീകൃതം.
യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം നാലര ലക്ഷത്തിന് താഴെയായിരിക്കണം. ഹോസ്റ്റല്‍ സ്റ്റൈപ്പെന്റിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്റ്റലിലായിരിക്കണം താമസിക്കേണ്ടത്. സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, യൂനിവേഴ്‌സിറ്റി, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ് എന്നിവ നടത്തുന്ന ഹോസ്റ്റലുകളും വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്ഥാപനം നടത്തുന്ന ഹോസ്റ്റലുകളുമാണ് അംഗീകൃതം.
വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന ഫോറത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ( www.dcescholarship.kerala.gov.in ) നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയുടെ പകര്‍പ്പെടുത്ത് സര്‍ട്ടിഫിക്കറ്റുകളോടൊപ്പം സ്ഥാപന മേലധികാരികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ വിദ്യാര്‍ത്ഥിനിക്ക് സ്വന്തമായി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടാവണം. വിദ്യാര്‍ത്ഥിനികള്‍ ബാങ്ക് അക്കൗണ്ട് നമ്പറും ബ്രാഞ്ച് കോഡും രേഖപ്പെടുത്തേണ്ടതാണ്. ഹോസ്റ്റല്‍ സ്‌റ്റൈപ്പെന്റിന് അര്‍ഹതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല.
റജിസ്‌ട്രേഷന്‍ പ്രിന്റ്ഔട്ടില്‍ സ്വന്തമായി സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ വേണം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടത്തിയ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്‌ലിസ്റ്റ് പകര്‍പ്പ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വില്ലേജ് ഓഫീസര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന്റെ ഒന്നാംപേജില്‍ വിദ്യാര്‍ത്ഥിനിയുടെ പേര്, അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചിന്റെ പേര്, കോഡ്, ബ്രാഞ്ച് വിലാസം, ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ വാര്‍ഡനില്‍നിന്ന് വാങ്ങി സ്ഥാപന മേധാവി ഒപ്പിട്ട ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ്, സ്വാശ്രയ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ഗവണ്‍മെന്റ് അലോട്ട്‌മെന്റ് മെമ്മോ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. വെബ്‌സൈറ്റില്‍ സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വലതുഭാഗത്തെ അപ്ലൈ ഓണ്‍ലൈന്‍ ബട്ടനില്‍ ക്ലിക്ക് ചെയ്യുക. മറ്റ് സ്‌കോളര്‍ഷിപ്പിന് മുമ്പ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെച്ച് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യുക. അല്ലെങ്കില്‍ ന്യൂ റജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്ത് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
സ്‌കോളര്‍ഷിപ്പ് പേജില്‍ സി.എച്ച്.എം എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. വരുമാനത്തിന്റെ വിശദാംശങ്ങളും ഹോസ്റ്റല്‍ വിവരങ്ങളും രേഖപ്പെടുത്തുക. പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ മെറിറ്റ് സീറ്റ് അഡ്മിഷനാണെങ്കില്‍ (യെസ് ഓര്‍ നോ) കാര്യമായി രേഖപ്പെടുത്തേണ്ടതാണ്. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വ്യൂ/പ്രിന്റ് അപ്ലിക്കേഷന്‍ ക്ലിക്ക് ചെയ്ത് റജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിക്കുന്ന രേഖകളും റജിസ്‌ട്രേഷന്‍ പ്രിന്റ്ഔട്ടും ഓണ്‍ലൈന്‍ വഴി സ്ഥാപന മേധാവി പരിശോധിക്കണം.
സൂക്ഷ്മപരിശോധന നടത്തിക്കഴിഞ്ഞ അപേക്ഷകള്‍ സ്ഥാപന മേധാവി ഓണ്‍ലൈന്‍വഴി അംഗീകരിക്കണം. വെരിഫിക്കേഷന്‍ ആന്റ് അപ്രൂവല്‍ അതത് സ്ഥാപനങ്ങള്‍ നടത്തല്‍ നിര്‍ബന്ധമാണ്. അപേക്ഷകള്‍ അതത് സ്ഥാപനങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്. സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ അപേക്ഷ സ്ഥാപന മേധാവി നേരിട്ട് സ്‌കോളര്‍ഷിപ്പ് ഓഫീസിലേക്ക് എത്തിക്കേണ്ടതാണ്. ആദ്യവര്‍ഷ സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ചാര്‍ജ് ലഭിച്ചവര്‍ക്ക് പഠനം തുടരുകയാണെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മാര്‍ക്ക് പരിഗണന കൂടാതെ പുതുക്കി നല്‍കും. ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. മറ്റ് രേഖകള്‍ ഒന്നുംതന്നെ പുതുക്കല്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട.
അപേക്ഷ സമര്‍പ്പിക്കേണ്ട വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന മറ്റ് സ്‌കോളര്‍ഷിപ്പുകളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ലെന്ന് അപേക്ഷകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 21,000 അപേക്ഷകള്‍ വേണ്ടിടത്ത് 6,500 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. 2012ല്‍ മൂന്നുതവണ അപേക്ഷാതീയതി നീട്ടിയിട്ടും വേണ്ടത്ര അപേക്ഷ ലഭിക്കുകയുണ്ടായില്ല.
യു.ഡി.എഫ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് സംഖ്യ 1000 രൂപ മുതല്‍ 2000 രൂപവരെ വര്‍ധിപ്പിക്കുകയും വാര്‍ഷിക കുടുംബ വരുമാനം രണ്ടര ലക്ഷത്തില്‍നിന്ന് നാലര ലക്ഷമാക്കുകയും ചെയ്തു. മത- രാഷ്ട്രീയ- സന്നദ്ധ സംഘടനകള്‍ ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സജീവ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ അര്‍ഹരില്‍ എത്തിക്കാനാവില്ല.-നടുക്കണ്ടി അബൂബക്കര്‍ (ചന്ദ്രിക).